ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ വെയിറ്റിംഗ് കാലാവധി ഒരുവര്‍ഷം, വരുന്നൂ ഇന്ത്യയില്‍ പുത്തന്‍ പ്ലാന്റ്

പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കര്‍ണാടകയില്‍ 3,300 കോടി രൂപ നിക്ഷേപത്തോടെ പുത്തന്‍ പ്ലാന്റ് സ്ഥാപിക്കുന്നു. ഇന്ത്യയില്‍ കമ്പനി സാന്നിധ്യമറിയിച്ചതിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം.

25 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 16,000 കോടി രൂപയുടെ നിക്ഷേപം ടൊയോട്ട നടത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് പുതിയ നിക്ഷേപം. പ്രതിവര്‍ഷം ഒരുലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് കര്‍ണാടക സർക്കാരുമായി ടൊയോട്ട ധാരണാപത്രവും ഒപ്പുവച്ചു.
നിലവില്‍ രണ്ട് പ്ലാന്റുകള്‍
ടൊയോട്ടയ്ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ രണ്ട് ഫാക്ടറികളാണുള്ളത്, രണ്ടും കര്‍ണാടകയിലാണ്. ഇവയ്ക്ക് അനുബന്ധമായാണ് പുതിയ ഫാക്ടറിയും സ്ഥാപിക്കുക.
നിലവിലെ ഫാക്ടറികളിലെ സംയുക്ത വാര്‍ഷിക ഉത്പാദനശേഷി 3.42 ലക്ഷം വാഹനങ്ങളാണ്. 11,500 ജീവനക്കാരുമുണ്ട്. പുതിയ ഫാക്ടറിയില്‍ 2,000 പുതിയ ജീവനക്കാരുണ്ടാകും.
23 ലക്ഷം പുഞ്ചിരികള്‍!
ഇന്ത്യയില്‍ 25 വര്‍ഷംകൊണ്ട് 23 ലക്ഷം ഉപയോക്താക്കളെയാണ് കമ്പനി സ്വന്തമാക്കിയതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ മസകാസു യൊഷീമൂറ പറഞ്ഞു.
മികവുറ്റതും പരിസ്ഥിതി സൗഹൃദവുമായ കാറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനുള്ള കാഴ്ചപ്പാടോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും നിലവിലെ ഫോസില്‍ ഇന്ധനത്തില്‍ നിന്ന് ഹരിത ഇന്ധനത്തിലേക്ക് അതിവേഗം ചുവടുമാറ്റിക്കൊണ്ടിരിക്കുകയാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നോവ ഹൈക്രോസിന് നീണ്ട കാത്തിരിപ്പ്
ടൊയോട്ട വിപണിയിലെത്തിച്ച് വന്‍ സ്വീകാര്യത സ്വന്തമാക്കിയ ഇന്നോവ ഹൈക്രോസിന് വെയിറ്റിംഗ് കാലാവധി ഒരുവര്‍ഷം. ഹൈക്രോസിന്റെ പെട്രോള്‍ പതിപ്പ് ബുക്ക് ചെയ്ത് കൈയില്‍ കിട്ടാന്‍ ഉപഭോക്താവ് നേരിടുന്ന കാലതാമസം 4-6 മാസമാണ്.
ഹൈബ്രിഡ് പതിപ്പിന് 9 മുതല്‍ 12 മാസം വരെയാണ് കാത്തിരിപ്പ്. ടോപ് മോഡലായ ഇസഡ്.എക്‌സ്., ഇസഡ്.എക്‌സ് (ഒ) എന്നിവയുടെ ബുക്കിംഗ് പുനരാരംഭിച്ചിട്ടുമില്ല. നേരത്തേ, പ്രതീക്ഷിച്ചിതിലും കവിഞ്ഞ ബുക്കിംഗ് ലഭിച്ചതോടെയാണ് കൂടുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് താത്കാലികമായി നിറുത്തിയത്. 18 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപവരെ എക്സ്-ഷോറൂം വിലനിലവാരമുള്ള, എം.പി.വിയാണ് ഇന്നോവ ഹൈക്രോസ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it