ഇനി കാത്തിരിപ്പ് നീളില്ല; ടൊയോട്ടയുടെ 'കുഞ്ഞന്‍' എസ്.യു.വി വിപണിയിലേക്ക്, ടീസര്‍ എത്തി

മാരുതിയുടെ ഫ്രോന്‍ക്‌സില്‍ നിന്ന് കടംകൊണ്ട് ടൊയോട്ട ഒരുക്കുന്ന കുഞ്ഞന്‍ എസ്.യു.വിയായ ടൈസറിന്റെ (Taisor) ടീസര്‍ എത്തി. അര്‍ബന്‍ ക്രൂസര്‍ മോഡലായ ടൈസറിനെ ടൊയോട്ട നാളെ വിപണിക്ക് പരിചയപ്പെടുത്തും. വില പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ചിത്രങ്ങള്‍ പുറത്തിറക്കിയത്. ഏപ്രില്‍ അവസാനത്തോടെയോ മേയ് ആദ്യവാരമോ വില്‍പന ആരംഭിക്കുമെന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ചെറിയ മാറ്റങ്ങള്‍

മാരുതി ഫ്രോന്‍ക്‌സിന്റെ അതേ മാതൃകയിലാണ് ടൈസറിനെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍വശത്തെ ഗ്രില്ലില്‍ ചെറിയ മാറ്റങ്ങളുണ്ട്. കൂടാതെ ഫ്രണ്ട്, റിയര്‍ ബമ്പറുകളിലും നേരിയ വ്യത്യാസമുണ്ട്. പുതിയ അലോയ് വീല്‍ ഡിസൈനാണ് ഇതിലുള്ളത്. ഒപ്പം ചെറിയ സൗന്ദര്യവത്കരണങ്ങളും നടത്തിയിട്ടുണ്ട്.

വിപണിയില്‍ നിന്ന് പിന്‍വലിച്ച അര്‍ബന്‍ ക്രൂസറിന് പകരമാണ് കോപാക്ട് എസ്.യു.വി വിഭാഗത്തിലേക്ക് ടൈസറിനെ അവതരിപ്പിക്കുന്നത്. കോംപാക്ട് എസ്.യു.വി വിഭാഗത്തില്‍ ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ കാറായിരിക്കുമിത്.

ഫ്രോന്‍ക്‌സില്‍ നിന്ന് വ്യത്യസ്തത തോന്നിക്കാന്‍ ഇന്റീരിയറിലും അപ്‌ഹോള്‍സ്റ്ററിയിലും ചെറിയ നിറം മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. ഒമ്പത് ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, 360 ഡിഗ്രി ക്യാമറ, വലിയ ഡിസ്‌പ്ലേ തുടങ്ങിയവയും ടൈസറിനെ വ്യത്യസ്തമാക്കും.

എന്‍ജിന്‍ കരുത്ത്

ഫ്രോന്‍ക്‌സിലേതിനു സമാനമായി 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ടൈസറിലും പ്രതീക്ഷിക്കുന്നത്. കൂടാതെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും പ്രതീക്ഷിക്കുന്നുണ്ട്. 90 എച്ച്.പി കരുത്തും പരമാവധി 113 എന്‍.എം ടോര്‍ക്കും പ്രദാനം ചെയ്യാനാകുന്നതാണ് 1.2 പെട്രോള്‍ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എ.എം.ടി ഓപ്ഷനുകളാണ് നാച്ചുറലി ആസ്പിരേറ്റഡ് എന്‍ജിനിലുണ്ടാവുക. സി.എന്‍.ജി വേര്‍ഷനും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെങ്കിലും ഉടനെ ഉണ്ടാകില്ല.

മത്സരിക്കാനിവര്‍

മാരുതിയുടെ ഫ്രോന്‍ക്‌സിനോട് തന്നെയാകും അര്‍ബന്‍ ക്രൂസറിന്റെ മുഖ്യ മത്സരം. കൂടാതെ കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ വരുന്ന നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍, കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്‌സ്.യു.വി300 എന്നിവയും വെല്ലുവിളി ഉയര്‍ത്തും.

Related Articles
Next Story
Videos
Share it