

പ്രീമിയം ഇരുചക്രവാഹന വാഹനവിപണിയില്‍ മുന്‍നിരയിലുള്ള ട്രയംഫ് മോട്ടോര്‍സൈക്കിളില്‍ നിന്ന് ഇലക്ട്രിക് മോഡലും വരുന്നു. ടിഇ-1 എന്നാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രോജക്റ്റിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ മോഡല്‍ വിപണിയിലെത്താന്‍ കുറച്ച് കാത്തിരിക്കേണ്ടിവരും.
ഇന്റഗ്രല്‍ പവര്‍ട്രെയ്ന്‍ ലിമിറ്റഡിന്റെ ഇ-ഡ്രൈവ് വിഭാഗം, വില്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗ്, വാര്‍വിക് സര്‍വകലാശാലയിലെ ഡബ്ല്യൂഎംജി എന്നിവയുമായി സഹകരിച്ചാണ് പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നത്.
മികച്ച പ്രകടനവും നിരവധി ആധുനിക ഫീച്ചേഴ്‌സും ഒന്നുചേരുന്ന മോട്ടോര്‍സൈക്കിളായിരിക്കും ട്രയംഫ് അവതരിപ്പിക്കുക. ഷാസി വികസിപ്പിക്കുന്നതും മോട്ടോര്‍സൈക്കിള്‍ നിര്‍മിക്കുന്നതും ട്രയംഫ് തന്നെയായിരിക്കും. വില്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗ് ഭാരം കുറഞ്ഞ ബാറ്ററി രൂപകല്‍പ്പന ചെയ്യും. ഇന്റഗ്രല്‍ പവര്‍ട്രെയ്ന്‍ ലിമിറ്റഡിന്റെ ഇ-ഡ്രൈവ് വിഭാഗമായിരിക്കും ഇലക്ട്രിക് മോട്ടോര്‍ വികസിപ്പിക്കുന്നത്. യു.കെ സര്‍ക്കാരിന്റെ ബിസിനസ്, എനര്‍ജി ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി വകുപ്പിന്റെയും ലോ എമിഷന്‍സ് വെഹിക്കിള്‍സ് ഓഫീസിന്റെയും ധനസഹായത്തോടെയാണ് പ്രോജക്റ്റ് നടപ്പാക്കുന്നത്.
2,3 സിലിണ്ടര്‍ എന്‍ജിനുകള്‍ക്കൊപ്പം ഇലക്ട്രിക് പവര്‍ട്രെയ്ന്‍ കൂടി അവതരിപ്പിക്കുകയെന്നത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ട്രയംഫ് ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine