ബുള്ളറ്റിന് പണിവരുന്നു, ബ്രിട്ടീഷ് ചങ്കുള്ള ട്രയംഫ് ബൈക്കുകള്‍ അതിശയിപ്പിക്കുന്ന വിലയില്‍

മോഡേണ്‍ ക്ലാസിക് ലുക്കില്‍ എന്‍ട്രി ലെവല്‍ ശ്രേണിയില്‍ പുതിയ മോഡലുമായി ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ്. മുന്‍ഗാമിയായ സ്പീഡ് 400നോട് സാമ്യം തോന്നുന്ന തരത്തില്‍ ചെറിയ വ്യത്യാസങ്ങളോടെയാണ് സ്പീഡ് ടി4 എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡല്‍ നിരത്തിലെത്തുന്നത്. 2.17 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇന്ത്യയില്‍ ബജാജുമായി ചേര്‍ന്നാണ് ട്രയംഫിന്റെ പ്രവര്‍ത്തനം. ടി4ന് പുറമെ മൈ25 സ്പീഡ് 400 എന്ന പരിഷ്‌കരിച്ച മോഡലും നിരത്തിലെത്തും.

ഒറ്റനോട്ടത്തില്‍ ചേട്ടന്‍ തന്നെ

ആദ്യകാഴ്ചയില്‍ മുന്‍ഗാമിയായ സ്പീഡ് 400 നോട് സാമ്യം തോന്നുന്ന ഡിസൈനാണ് ടി4നും നല്‍കിയിരിക്കുന്നത്. എന്നാല്‍ സ്പീഡ് 400ലെ അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക്കും ഹാന്‍ഡില്‍ ബാറിന്റെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന റിയര്‍ വ്യൂ മിററുകളും പുതിയ മോഡലില്‍ കാണാനില്ല. വില കുറയ്ക്കുന്നതിന്റെ ഭാഗമായി ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷനും പരമ്പരാഗത റിയര്‍ വ്യൂ മിററുമാണ് ഉപയോഗിച്ചിരിക്കുന്നത്. 400 സിസി ശ്രേണിയില്‍ ട്രയംഫിന്റെ ഏറ്റവും വിലകുറഞ്ഞ മോഡലാണിത്. സ്പീഡ് 400ലെ 398 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ടി4നും ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ പവര്‍ ഫിഗറുകളില്‍ ഒരല്‍പ്പം പിന്നിലാണ് പുതിയ മോഡല്‍. ലോ എന്‍ഡ് പെര്‍ഫോമന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതിനാല്‍ സിറ്റി യാത്രകള്‍ക്ക് കൂടുതല്‍ അനുയോജ്യമായിരിക്കും. 7,000 ആര്‍.പി.എമ്മില്‍ 30.6 ബി.എച്ച്.പി കരുത്തും 5,000 ആര്‍.പി.എമ്മില്‍ 36 എന്‍.എം ടോര്‍ക്കും വാഹനം നല്‍കും. 5,450 ആര്‍.പി.എമ്മില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ ഹൈവേകളില്‍ ക്രൂസ് ചെയ്യാനും സാധിക്കും.
6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സില്‍ 'ഒ' (O) റിംഗ് ചെയിനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടോര്‍ക്ക് അസിസ്റ്റഡ് ക്ലച്ചും മുന്നിലും പിന്നിലും എ.ബി.എസ് സംവിധാനത്തോടെയുള്ള ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. അനലോഗ് സ്പീഡോമീറ്ററിനൊപ്പം മള്‍ട്ടി ഫംഗ്ഷണല്‍ എല്‍.സി.ഡി സ്‌ക്രീനും ഉള്‍പ്പെടുത്തിയത് ആയാസരഹിതമായ റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നു. 16,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 12 മാസമാണ് സര്‍വീസ് ഇടവേള. മെറ്റാലിക്ക് വൈറ്റ്, ഫാന്റം ബ്ലാക്ക്, കോക്‌ടൈല്‍ റെഡ് വൈന്‍ എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാകും.

സ്പീഡ് 400

വിപണിയില്‍ ഇതിനോടകം തരംഗമായ സ്പീഡ് 400ല്‍ പുതിയ നിറങ്ങളും കൂടുതല്‍ അപ്‌ഗ്രേഡുകളുമായാണ് പരിഷ്‌കരിച്ച വേര്‍ഷന്‍ എത്തിയിരിക്കുന്നത്. റേസിംഗ് യെല്ലോ, പേള്‍ മെറ്റാലിക്ക് വൈറ്റ്, ബ്ലാക്ക് വിത്ത് പ്വീറ്റര്‍ ഗ്രേ, പേള്‍ മെറ്റാലിക്ക് വൈറ്റ് വിത്ത് പ്വീറ്റര്‍ ഗ്രേ, റേസിംഗ് റെഡ് വിത്ത് പേള്‍ മെറ്റാലിക് വൈറ്റ് എന്നീ കളര്‍ കോംബിനേഷനുകളിലാണ് വണ്ടി ലഭിക്കുക. വിവിധ തരത്തില്‍ ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവറുകള്‍, കോട്ടഡ് എക്‌സ്‌ഹോസ്റ്റ്, സീറ്റുകളില്‍ കൂടുതല്‍ ഫോം, പുതിയ ടയര്‍ എന്നിവ മൈ 25 സ്പീഡ് 400ന്റെ പ്രത്യേകതയാണ്. 179 കിലോ ഭാരമുണ്ട്.398.15 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ 8,000 ആര്‍.പി.എമ്മില്‍ 40 പി.എസ് കരുത്തും 6,500 ആര്‍.പി.എമ്മില്‍ 37.5 എന്‍.എം ടോര്‍ക്കും നല്‍കും. 2.40 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. നിലവിലുള്ള മോഡലിനേക്കാള്‍ 5,000 രൂപ കൂടുതലാണിത്.

ബുള്ളറ്റിന് പണിയാകുമോ

റോഡ്‌സ്റ്റര്‍ സെഗ്‌മെന്റിലെ താരമാകുമെന്ന് കരുതുന്ന ട്രയംഫ് സ്പീഡ് ടി4 പുതുതായി ലോഞ്ച് ചെയ്ത ജാവ 42 എഫ്.ജെ, റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350, ഹീറോ മാവെറിക്ക് 440 എന്നീ മോഡലുകളോടായിരിക്കും മത്സരിക്കുന്നത്. ജെ സീരീസ് എഞ്ചിനില്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടർ 350യുടേതിന് സമാനമായ പവര്‍ ഫിഗറുകളാണ് ടി4ല്‍ നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രധാന മത്സരം ഇരുമോഡലുകളും തമ്മിലായിരിക്കുമെന്നാണ് വാഹനപ്രേമികള്‍ കരുതുന്നത്. 1.5 ലക്ഷം രൂപ മുതലാണ് ഹണ്ടറിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. നിലവില്‍ വിപണിയിലുള്ള സ്പീഡ് 400, സ്‌ക്രാംബ്ലര്‍ 400എക്‌സ് എന്നീ മോഡലുകളുടെ 60,000 യൂണിറ്റുകള്‍ വിറ്റതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിച്ച ബൈക്കുകള്‍ 50 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
Related Articles
Next Story
Videos
Share it