വ്യത്യസ്ത അഴകളവുകളും പ്രിയങ്കര ഫീച്ചറുകളുമായി ടി.വി.എസ് 'ഐക്യൂബ് '

വ്യത്യസ്ത അഴകളവുകളും  പ്രിയങ്കര ഫീച്ചറുകളുമായി   ടി.വി.എസ് 'ഐക്യൂബ് '
Published on

വേറിട്ട 'ലുക്കും' അഴകളവുകളും കിടയറ്റ പെര്‍ഫോമന്‍സും ഒത്തുചേര്‍ന്ന് വാഹന പ്രേമികളെ ആകര്‍ഷിക്കുന്നു ടി.വി.എസിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ ' ഐക്യൂബ് 'എന്ന് വിദഗ്ധരില്‍ നിന്നുള്ള പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യന്‍ വിപണിയിലെ ലക്ഷണയുക്തമായ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ കഴിഞ്ഞ മാസം ഇറങ്ങിയ ബജാജിന്റെ ചേതക്കുമായി കടുത്ത മല്‍സരത്തിനാണ് ഐക്യൂബ് ഒരുങ്ങുന്നത്.

ടി.വി.എസിന്റെ തമിഴ്നാട്ടിലെ ഹൊസൂര്‍ പ്‌ളാന്റില്‍ നിര്‍മ്മിക്കുന്ന സുന്ദരന്‍ ഐക്യൂബിന്റെ ബെംഗളൂരു എക്സ്‌ഷോറൂം വില 1.15 ലക്ഷം രൂപയാണ്. ചേതക്കിന്റെ രണ്ടിനങ്ങളില്‍ ഒരെണ്ണത്തിന് ഒരു ലക്ഷവും രണ്ടാമത്തേതിന് 1.15 ലക്ഷവുമാണു വില. ഐക്യൂബിന്റെ ചില ഭാഗങ്ങള്‍ വിദേശത്തു നിന്ന് കടം കൊണ്ടിട്ടുണ്ട്. ലിഥിയം അയോണ്‍ ബാറ്ററി വാങ്ങി എല്‍.ജിയില്‍ നിന്നാണ്. ബോഷില്‍ നിന്ന് ഡി.സി - മോട്ടോറും. മറ്റെല്ലാ ഭാഗങ്ങളും ടി.വി.എസ് തന്നെ ഒരുക്കി. രൂപകല്പനയിലും പെര്‍ഫോമന്‍സിലും ഇന്ന് നിരത്തില്‍ കാണുന്ന മറ്റു സ്‌കൂട്ടറുകളില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഐക്യൂബ് ഇലക്ട്രിക്.

പരമ്പരാഗത 10 എ പവര്‍ സോക്കറ്റിലൂടെ വീടുകളില്‍ ചാര്‍ജ് ചെയ്യാവുന്നതാണ് ഐക്യൂബിന്റെ ബാറ്ററി. 5 മണിക്കൂറില്‍ ഫുള്‍ ചാര്‍ജ് ആകും. നാല് മണിക്കൂറില്‍ 75 ശതമാനവും. ഫുള്‍ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ ഐക്യൂബ് ഓടും.പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഐക്യൂബിന് 4.2 സെക്കന്‍ഡ് മതി. 78 കിലോ മീറ്ററാണ് ടോപ് സ്പീഡ്.

ഹെഡ്ലാമ്പ്, ഇന്‍ഡിക്കേറ്ററുകള്‍, ടെയ്ല്‍ലാമ്പ് എന്നിങ്ങനെ ലൈറ്റുകളെല്ലാം എല്‍.ഇ.ഡി മയമാണ്. പുതിയ ഫുള്‍-കളര്‍ അഞ്ചിഞ്ച് ടി.എഫ്.ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഏറെ ആകര്‍ഷകം. ടി.വി.എസിന്റെ സ്മാര്‍ട്ട് എക്സ് കണക്ട് ആപ്പ് ഉപയോഗിച്ച്, ഈ സ്‌ക്രീനും ഫോണുമായി ബന്ധിപ്പിക്കാം. ബ്‌ളൂടൂത്ത് കണക്ടിവിറ്റിയുമുള്ള ടി.എഫ്.ടി സ്‌ക്രീനില്‍ നാവിഗേഷന്‍, കോള്‍, എസ്.എം.എസ് അലര്‍ട്ടുകള്‍, ബാറ്ററി ചാര്‍ജ്, ചാര്‍ജിംഗ് സ്റ്റാറ്റസ് തുടങ്ങിയവയുണ്ട്.

ടി.എഫ്.ടി സ്‌ക്രീനില്‍ സുരക്ഷാ ഫീച്ചറായി സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്ററുണ്ട്. 12 ഇഞ്ച് വീലുകളാണ് രണ്ടും. മുന്നില്‍ 220 എം.എം. ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എം.എം. ഡ്രം ബ്രേക്കും. കോംബി ബ്രേക്ക് സിസ്റ്റത്തിന്റെ (സി.ബി.എസ്) പിന്തുണയുമുണ്ട്.സീറ്റിന് താഴെ ഹെല്‍മെറ്റ് ഉള്‍പ്പെടെ വയ്ക്കാന്‍ സ്റ്റോറേജ് സ്പേസ്, അതിനൊപ്പം മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയും സൗകര്യപ്രദം.പരമാവധി 10-12 കിലോമീറ്റര്‍ വേഗം നല്‍കുന്ന പാര്‍ക്ക് അസിസ്റ്റ്, ഇതിനൊപ്പം മൂന്നു കിലോ മീറ്റര്‍ പരമാവധി വേഗവുമായി റിവേഴ്സ് അസിസ്റ്റ് ഫീച്ചറുകളുമുണ്ട്.

എക്കോ, സ്പോര്‍ട്ട് എന്നീ റൈഡിംഗ് മോഡുകളുണ്ട്. സ്പോര്‍ട്ട് മോഡില്‍ 60-70 കിലോമീറ്റര്‍ വേഗതയില്‍ മികച്ച റൈഡിംഗ് ആസ്വാദനമേകും. എക്കോ മോഡില്‍ വേഗതാ പരിധി മണിക്കൂറില്‍ 45 കിലോമീറ്ററാണ്. ഇത്, ബാറ്ററി ചാര്‍ജ് ലാഭിക്കാന്‍ സഹായിക്കും.ഐക്യൂബ് സ്റ്റാര്‍ട്ട് ചെയ്യണമെങ്കില്‍ ബ്രേക്കും സ്റ്റാര്‍ട്ട് മോഡും ഒന്നിച്ച് പ്രസ് ചെയ്യണം. പെട്ടെന്നുള്ള കുതിപ്പോ ചരിവോ ഒഴിവാക്കാനുള്ള സുരക്ഷാ ഫീച്ചര്‍ കൂടിയാണിത്. ദീര്‍ഘദൂര യാത്രയ്ക്കും ഐക്യൂബിനെ അനുയോജ്യമാക്കുന്നതിന് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം ഭാവിയില്‍ ടി.വി.എസ് ലഭ്യമാക്കുമെന്നു പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com