Begin typing your search above and press return to search.
ടിവിഎസ്- ബിഎംഡബ്ല്യു സഹകരണം ഇനി ഇലക്ട്രിക് വാഹന നിര്‍മാണത്തിലും
ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) വാഹനങ്ങള്‍ വികസിപ്പിക്കാന്‍ ടിവിഎസ് മോട്ടോഴ്‌സും ബിഎംഡബ്ല്യൂ മോട്ടോര്‍റാഡും ഒന്നിക്കുന്നു. നിലവില്‍ 500 സിസിയില്‍ താഴെയുള്ള ഇരുചക്രങ്ങള്‍ നിര്‍മിക്കാന്‍ ഇരു കമ്പനികളും സഹകരിക്കുന്നുണ്ട്. ഇത് ഇവി മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിഎംഡബ്ല്യുവിൻ്റെ ഇരുചക്ര വാഹന വിഭാഗമാണ് ബിഎംഡബ്ല്യൂ മോട്ടോര്‍റാഡ്.
ടിവിഎസ്-ബിഎംഡബ്ല്യൂവിൻ്റെ ആദ്യ ഇരുചക്രവാഹനം 24 മാസത്തിനുള്ളില്‍ വിപണിയിലെത്തും. ഭാവിയില്‍ നഗരങ്ങള്‍ക്കായി ബിഎംഡബ്ല്യൂ മോട്ടോര്‍റാഡ് പുറത്തിറക്കുന്ന എല്ലാ വണ്ടികളും ഇലക്ട്രിക് ആയിരിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ആഗോള വിപണി ലക്ഷ്യമിട്ടുള്ള ഇവികളാവും ടിവിഎസുമായിചേര്‍ന്ന് കമ്പനി നിര്‍മിക്കുക. പുതുതലമുറ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്.
ടിവിഎസ് ആര്‍ആര്‍ 310, ബിഎംഡബ്ല്യൂ G 310 R, G310 GS എന്നിവയാണ് ഇരുകമ്പനികളും ചേര്‍ന്ന് വികസിപ്പിച്ച പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന ബൈക്കുകള്‍. ഇതിനു സമാനമായി ഒരേ പ്ലാറ്റ്‌ഫോമിലായിരിക്കും ഇവികളും പുറത്തിറങ്ങുക. ഉല്‍പാദനം ആരംഭിച്ച ശേഷം മാത്രമെ വില സംബന്ധിച്ച കാര്യങ്ങള്‍ ഇരുകമ്പനികളും പുറത്തുവിടൂ. ഐക്യൂബ് എന്ന പേരില്‍ ടിവിഎസ് പുറത്തിറക്കിയ ഇ-സ്‌കൂട്ടറിന് 1.15 ലക്ഷത്തോളം രൂപയാണ് വില. അതേ സമയം ആംബി എന്ന പേരില്‍ ഇ-സൈക്കിളും ഇ-ബൈക്കിന്റെ കോണ്‍സെപ്റ്റും ബിഎംഡബ്ല്യൂ അവതരിപ്പിച്ചിരുന്നു.
Next Story
Videos