ഇരുചക്ര വാഹന വില്‍പ്പന 27 % താഴ്ന്നു: ടിവിഎസ്

ടിവിഎസ് ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പ്പന ഫെബ്രുവരിയില്‍ 27 ശതമാനം ഇടിഞ്ഞ് 169,684 യൂണിറ്റായി. 2019 ഫെബ്രുവരിയില്‍ 231,582 യൂണിറ്റ് ആയിരുന്നു വില്‍പ്പന.

കയറ്റുമതി ഉള്‍പ്പെടെ മൊത്തം ഇരുചക്ര വാഹനങ്ങള്‍ ഫെബ്രുവരിയില്‍ 235,891 യൂണിറ്റ് ആണ് വിറ്റത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 285,611 യൂണിറ്റ് വിറ്റിരുന്നു. 17.4 ശതമാനമാണ് ഇടിഞ്ഞത്.

ഈ ഫെബ്രുവരിയില്‍ കമ്പനി രേഖപ്പെടുത്തിയിട്ടുള്ളത് 118,514 യൂണിറ്റ് മോട്ടോര്‍ സൈക്കിളുകളുടെ വില്‍പ്പനയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇത് 122,551 യൂണിറ്റായിരുന്നു. 3.3 ശതമാനം ഇടിവ്. സ്‌കൂട്ടറുകള്‍ 30 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 ഫെബ്രുവരിയില്‍ വിറ്റത് 60,633 യൂണിറ്റ് . 2019 ഫെബ്രുവരിയില്‍ 86,935 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്നു.

അതേസമയം, കമ്പനിയുടെ മൊത്തം കയറ്റുമതി 2019 ഫെബ്രുവരിയിലെ 66,570 യൂണിറ്റില്‍ നിന്ന് 2020 ഫെബ്രുവരിയില്‍ 82,877 യൂണിറ്റായി ഉയര്‍ന്നു. ഇരുചക്രവാഹന കയറ്റുമതി 23 ശതമാനം വര്‍ധിച്ച് 2019 ഫെബ്രുവരിയിലെ 54,029 യൂണിറ്റില്‍ നിന്ന് ഈ ഫെബ്രുവരിയില്‍ 66,207 യൂണിറ്റായി. ത്രീ വീലര്‍ വില്‍പ്പന 26.4 ശതമാനം വര്‍ധിച്ച് 17,370 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13,742 യൂണിറ്റായിരുന്നു.

ടിവിഎസ് മോട്ടോറിന്റെ മൊത്ത വില്‍പ്പന 2020 ഫെബ്രുവരിയില്‍ 15.4 ശതമാനം ഇടിഞ്ഞ് 253,261 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 299,353 യൂണിറ്റ് വില്‍പ്പന നടത്തിയിരുന്നു.

മുമ്പ് ആസൂത്രണം ചെയ്തതനുസരിച്ച് ആഭ്യന്തര വിപണിയിലെ ഡീലര്‍ ലെവല്‍ ബിഎസ്-4 സ്റ്റോക്ക് കുറയ്ക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ഇതിനിടെ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് ബിഎസ്-6 വാഹനങ്ങളുടെ ഉല്‍പാദനത്തെ ബാധിച്ചു. ചില ഘടകങ്ങളുടെ സപ്ലൈ മുറിഞ്ഞിരിക്കുകയാണ്. ഇത് വേഗത്തില്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കമ്പനി അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it