ടി.വി.എസ് എക്സ് വൈദ്യുത സ്‌കൂട്ടര്‍ നിരത്തിലേക്ക്
രാജ്യത്തെ വൈദ്യുത വാഹന (EV) മേഖലയില്‍ 20 ശതമാനത്തിലധികം വിപണി വിഹിതമുള്ള ടി.വി.എസ് മോട്ടോര്‍ 250 കോടി രൂപ മൂലധനച്ചെലവില്‍ (കാപെക്സ്) പുതിയ വൈദ്യുത ഇരുചക്ര വാഹനമായ ടി.വി.എസ് എക്സ് (TVS X) പുറത്തിറക്കി. പ്രതിദിനം 100 സ്‌കൂട്ടറുകള്‍ എന്ന കണക്കില്‍ 30,000 ടി.വി.എസ് എക്സ് യൂണിറ്റുകള്‍ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കാനാണ് ടി.വി.എസ് മോട്ടോര്‍ പദ്ധതിയിടുന്നത്.
ക്രോസ്ഓവര്‍ മോഡല്‍
പ്രീമിയം വൈദ്യുത സ്‌കൂട്ടര്‍ വിഭാഗത്തില്‍ വരുന്ന ടി.വി.എസ് എക്സിന്റെ വില 2.49 ലക്ഷം രൂപയാണ്. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചു. 15 നഗരങ്ങളിലുടനീളം ഇതിന്റെ വിതരണം നവംബര്‍ മുതല്‍ ഘട്ടം ഘട്ടമായി ആരംഭിക്കും. സ്‌കൂട്ടറിനോട് സാമ്യമുള്ള സവിശേഷതകളും മോട്ടോര്‍ബൈക്കിന്റെ രൂപകല്‍പ്പനയുമുള്ള ക്രോസ്ഓവര്‍ മോഡല്‍ എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്. പുതിയ മോഡലിന് 2.6 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0 മുതല്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. കൂടാതെ പരമാവധി വേഗത 105 kmph ആണ്.
ഒല ഇലക്ട്രിക് കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വൈദ്യുത ഇരുചക്ര വാഹന കമ്പനിയാണ് ടി.വി.എസ് മോട്ടോര്‍. കണക്കുകള്‍ പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം വൈദ്യുത സ്‌കൂട്ടറുകളും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ 47,102 യൂണിറ്റുകളും കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചു.