വരാനിരിക്കുന്നത് 5-25 കിലോവാട്ട് വരെയുള്ള ഇവികള്‍, ടിവിഎസ് ആകുമോ ഈ രംഗത്തെ അവസാന വാക്ക്!

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ ഇത് ഗതിമാറ്റത്തിന്റെ കാലമാണ്. നേരത്തെ, ചുരുക്കം ചിലര്‍ മാത്രം തിരഞ്ഞെടുത്തിരുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറിയതോടെ വാഹന നിര്‍മാതാക്കളും ചുവടുമാറ്റി. ഹീറോ ഇലക്ട്രിക്, ഒല, ഏഥര്‍ എന്നിവയാണ് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മുന്‍നിരയിലുള്ളത്. തങ്ങളുടെ ഇവി മോഡലായ ഐക്യൂബുമായി ടിവിഎസും ഇവി രംഗത്ത് ചുവടുവെച്ചിട്ടുണ്ട്. എന്നാല്‍ വരും നാളുകളില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ മുന്നേറാന്‍ ടിവിഎസ് വമ്പന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഐക്യൂബിന്റെ അടുത്തിടെ പുറത്തിറക്കിയ വേരിയന്റുകളോടെ രാജ്യത്തെ മിക്ക നഗരങ്ങളിലും തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. നിലവില്‍ 15,000 യൂണിറ്റുകളുടെ ഓര്‍ഡര്‍ ബുക്ക് ഈ മോഡുലകള്‍ക്ക് കമ്പനി നേടിയിട്ടുണ്ട്. ഇവിക്കായി കമ്പനി കൂടുതല്‍ നിക്ഷേപം നടത്തുമെന്നും സൂചനകളുമുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍) വലിയൊരു അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഇത് മനസിലാക്കാന്‍ കമ്പനി നിക്ഷേപം നടത്തുന്നുണ്ടെന്നും കമ്പനിയുടെ എജിഎമ്മിനെ അഭിസംബോധന ചെയ്ത് എംഡി സുദര്‍ശന്‍ വേണു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂടാതെ, പുതിയ സാങ്കേതികവിദ്യകളോടെ 5 കിലോവാട്ട് മുതല്‍ 25 കിലോവാട്ട് വരെയുള്ള ഇവികളുടെ സമ്പൂര്‍ണ ശ്രേണി അവതരിപ്പിക്കാനുള്ള നീക്കത്തിലുമാണ് കമ്പനി. ടിവിഎസ് മോട്ടോര്‍ മെയ് 18ന് ഐക്യൂബിന്റെ മൂന്ന് പതിപ്പുകളായിരുന്നു അവതരിപ്പിച്ചത്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരപരിധി വാഗ്ദാനം ചെയ്യുന്ന മോഡലും ഇക്കൂട്ടത്തിലുണ്ട്.

ആഗോള വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവുമായും ടിവിഎസ് കൈകോര്‍ത്തിട്ടുണ്ട്. ജര്‍മ്മന്‍ ഓട്ടോ മേജറുമായുള്ള പങ്കാളിത്തത്തോടെ 15 കിലോവാട്ട് ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തത്തിലൂടെയുള്ള മോഡലുകള്‍ ഉചിതമായ സമയത്ത് പുറത്തിറക്കുമെന്നും സുദര്‍ശന്‍ വേണു സൂചിപ്പിച്ചിരുന്നു.

ഒമ്പത് വര്‍ഷത്തെ വിജയകരമായ പങ്കാളിത്തത്തിന് ശേഷം, ടിവിഎസ് മോട്ടോര്‍ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറാഡും 2021 ഡിസംബറിലാണ് രണ്ടാം ഘട്ട അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഇത് പ്രധാനമായും ഇലക്ട്രിക് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവി ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്നും ഇന്ത്യയിലും ലോകമെമ്പാടും വിപണനം ചെയ്യുമെന്നും അവര്‍ പറഞ്ഞിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it