പത്തു വര്‍ഷത്തെ താഴ്ചയില്‍ ഇരുചക്ര വാഹന വില്‍പ്പന

രാജ്യത്ത് ഇരുചക്ര വാഹന വില്‍പ്പന കുറയുന്നു. സൊസൈറ്റി ഓഫ് ഓട്ടോമൊബീല്‍ മാനുഫാക്ചറേഴ്‌സിന്റെ കണക്കു പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ അഞ്ചു മാസങ്ങളിലെ വില്‍പ്പന 21 ശതമാനം കുറഞ്ഞിട്ടുണ്ട്. 2011 സാമ്പത്തിക വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ഇതുവരെയും സാധാരണക്കാര്‍ക്ക് ആയിട്ടില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. രാജ്യത്തെ തൊഴിലാളികളില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് സ്‌കൂട്ടറുകളെയും ബൈക്കുകളെയുമാണ്.
നേരേ മറിച്ച് രാജ്യത്തെ എസ് യു വി, മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍, വാനുകള്‍ അടക്കമുള്ള യാത്രാ വാഹനങ്ങളുടെ വില്‍പ്പന കൂടിത്തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍-ഓഗസറ്റ് മാസങ്ങളിലെ കണക്കനുസരിച്ച് യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 1.2 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും വിറ്റു പോകുന്ന കാറുകളുടെ എണ്ണം കോവിഡിന് മുമ്പുള്ള സ്ഥിതിയില്‍ എത്തിയിട്ടില്ല.
വാഹന നിര്‍മാതാക്കള്‍ 2021 ഏപ്രില്‍-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വിറ്റഴിച്ചത് 11.4 ലക്ഷം യാത്രാ വാഹനങ്ങളാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനമാകുമ്പോഴേക്കും 27.4 ലക്ഷം എണ്ണമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റതാവട്ടെ 27.1 ലക്ഷം യൂണിറ്റുകളും.
അതേസമയം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞത് ഭാവിയില്‍ കാര്‍ വില്‍പ്പനയെയും ബാധിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ ആശങ്കപ്പെടുന്നു. ഇരുചക്ര വാഹന ഉടമകളാണ് വരുമാനം കൂടുന്നതിനനുസരിച്ച് കാറിലേക്ക് മാറുന്നത്. എന്‍ട്രി ലെവല്‍ കാറുകളില്‍ നിന്ന് പിന്നീട് എസ് യു വി അടക്കമുള്ള കൂടുതല്‍ വിലയുള്ള കാറുകളിലേക്കും മാറുന്നു. എന്നാല്‍ അവരുടെ സാമ്പത്തിക സ്ഥിതി ഇരുചക്ര വാഹനങ്ങള്‍ വാങ്ങാന്‍ പോലും പ്രാപ്തമല്ലെന്നത് ഭാവിയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് ആശങ്ക.
ഹീറോ മോട്ടോ കോര്‍പ്, ബജാജ് ഓട്ടോ, ടിവഎസ് മോട്ടോഴ്‌സ്, ഹോണ്ട മോട്ടോര്‍സൈക്ക്ള്‍ & സ്‌കൂട്ടേഴ്‌സ് ഇന്ത്യ തുടങ്ങിയവയെല്ലാം കൂടി ഏപ്രില്‍-ഓഗസ്റ്റ് മാസങ്ങളില്‍ രാജ്യത്തെ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചത് 50 ലക്ഷം ഇരുചക്ര വാഹനങ്ങളാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 1.20 കോടി യൂണിറ്റുകള്‍. 2019 സാമ്പത്തിക വര്‍ഷം വിറ്റുപോയ 2.12 കോടി യൂണിറ്റുകളേക്കാള്‍ 44 ശതമാനം കുറവാണിത്.


Related Articles

Next Story

Videos

Share it