ദുല്‍ഖറിന്റെ ഇലക്ട്രിക് ബൈക്ക് എത്തി; വില 3.8 ലക്ഷം മുതല്‍

സിനിമാ താരം ദുല്‍ഖര്‍ സല്‍മാന് നിക്ഷേപമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ F77 സ്‌പോര്‍ട്‌സ് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചു. F77, F77 Recon എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് എത്തുന്നത്. 3.8 ലക്ഷം രൂപയാണ് F77ന്റെ എക്സ്-ഷോറൂം വില. F77 റേക്കണിന്റെ എക്സ്-ഷോറൂം വില 4.55 ലക്ഷം രൂപയാണ്.

5.5 ലക്ഷം രൂപയ്ക്ക് ബൈക്കിന്റെ ലിമിറ്റഡ് എഡീഷനും കമ്പനി പുറത്തിറക്കുന്നുണ്ട്. 001 മുതല്‍ 077 വരെയുള്ള നമ്പറുകളില്‍ 77 സ്പെഷ്യല്‍ എഡീഷന്‍ മോഡലുകളാണ് വില്‍പ്പനയ്ക്കെത്തുന്നത്. കഴിഞ്ഞ മാസം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ F77 തന്റെ ഗ്യാരേജിലേക്കെത്തുന്ന വിവരം ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. കമ്പനി പുറത്തിറക്കുന്ന സ്പെഷ്യല്‍ എഡീഷനുകളില്‍ ഒന്നാണ് ദുല്‍ഖര്‍ സ്വന്തമാക്കുന്നത്. 2016ല്‍ ആണ് താരം സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാവുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന് ടിവിഎസിന്റെ പിന്തുണയും ഉണ്ട്.

Ultraviolette F77 സവിശേഷതകള്‍

7.1 kWh ബാറ്ററിയാണ് എഫ് 77ന് നല്‍കിയിരിക്കുന്നത്. 207 കി.മീറ്റര്‍ ആണ് വാഹനത്തിന്റെ റേഞ്ച്. 27 kW പവറും 85 എന്‍എം ടോര്‍ക്കുമാണ് എഫ് 77 ഉല്‍പ്പാദിപ്പിക്കുന്നത്. ഉയര്‍ന്ന മോഡലായ F77 റേക്കണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് 10.3 kWh ബാറ്ററിയാണ്. 307 കി.മീ റേഞ്ച് റേക്കണിന് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 29 kW പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന റേക്കണിന്റെ ടോര്‍ക്ക് 85 എന്‍എം ആണ്. വീല്‍ ബേസ് (1340 mm), സീറ്റിന്റെ ഉയരം (800 mm), ഗ്രൗണ്ട് ക്ലിയറന്‍സ് (160 mm എന്നിവ ഇരു വേരിയന്റുകളിലും സമാനമാണ്.

ഗ്ലൈഡ്, കോംബാക്ട്, ബാലിസ്റ്റിക് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളാണ് F77 വേരിയന്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. എഫ്77ന് നല്‍കിയിരിക്കുന്ന ബാറ്ററിക്ക് മൂന്ന് വര്‍ഷം അഥവാ 30,000 കി.മീറ്റര്‍ ആണ് അള്‍ട്രാവയലറ്റ് നല്‍കുന്ന വാറന്റി. റേക്കണിന്റെ ബാറ്ററിക്ക് 5 വര്‍ഷം അഥവാ 50,000 ക.മീറ്റര്‍ ആണ് വാറന്റിയായി നല്‍കുന്നത്. അതേ സമയം സ്‌പെഷ്യല്‍ എഡീഷന്‍ എഫ്77 മോഡലുകളില്‍ 8 വര്‍ഷം/ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി ലഭിക്കും.

ഒക്ടോബര്‍ 23 മുതല്‍ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ജനുവരിയിലാണ് വിതരണം തുടങ്ങുന്നത്. കമ്പനിയുടെ രാജ്യത്തെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം തുടങ്ങും. ഒരു വര്‍ഷത്തിനുള്ളില്‍ മറ്റ് നഗരങ്ങളിലേക്കും എക്‌സ്പീരിയന്‍സ് സെന്റര്‍ വ്യാപിപ്പിക്കാനാണ് പദ്ധതി. 190 രാജ്യങ്ങളില്‍ നിന്നായി 70,000 ബുക്കിംഗുകള്‍ ലഭിച്ചെന്നും 24 മാസത്തിനുള്ളില്‍ കയറ്റുമതി ആരംഭിക്കുമെന്നും അള്‍ട്രാവയലറ്റ് നേരത്തെ അറിയിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it