റഡാറും ഡാഷ്‌ ക്യാമറയുമായി ഒരു അക്രമ ഇലക്ട്രിക് ബൈക്ക്, മൂന്ന് വര്‍ഷത്തിനുള്ളില്‍ ഐ.പി.ഒ പ്ലാന്‍ ചെയ്ത് ദുല്‍ഖറിന് നിക്ഷേപമുള്ള കമ്പനി

ടി.വി.എസ് മോട്ടോര്‍ കമ്പനി, സോഹോ കോര്‍പറേഷന്‍, ലിങ്കോട്ടോ, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ് എന്നീ കമ്പനികളും അള്‍ട്രാവയലറ്റിന്റെ നിക്ഷേപകരുടെ പട്ടികയിലുണ്ട്
Rider in black gear on a red X47 electric motorcycle cruising on a modern city road
https://www.ultraviolette.com
Published on

2027-28 സാമ്പത്തിക വര്‍ഷത്തില്‍ ഐ.പി.ഒ ഫയലിംഗ് നടത്തുമെന്ന് ബംഗളൂരു ആസ്ഥാനമായ ഇലക്ടിക് വാഹന നിര്‍മാണ കമ്പനിയായ അള്‍ട്രാവയലറ്റ്. ഇന്റഗ്രേറ്റഡ് റഡാര്‍, ക്യാമറ സുരക്ഷ എന്നിവയടങ്ങിയ ആദ്യ ഇലക്ട്രിക് ബൈക്കും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കി. 2.49 ലക്ഷം രൂപ മുതല്‍ വിലയില്‍ എക്‌സ്-47 ക്രോസ്ഓവര്‍ മോഡലാണ് കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 1,000 പേര്‍ക്കാണ് ഈ വിലക്ക് വാഹനം ലഭിക്കുക. അതിന് ശേഷം 2.74 ലക്ഷം രൂപയായിരിക്കും വണ്ടിയുടെ വില. ചലചിത്രതാരം ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ക്ക് നിക്ഷേപമുള്ള കമ്പനിയാണ് അള്‍ട്രാവയലറ്റ്. കൂടാതെ ടി.വി.എസ് മോട്ടോര്‍ കമ്പനി, സോഹോ കോര്‍പറേഷന്‍, ലിങ്കോട്ടോ, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റ് എന്നീ കമ്പനികളും നിക്ഷേപകരുടെ പട്ടികയിലുണ്ട്.

ഒരു സ്ട്രീറ്റ് നേക്കഡ് - അഡ്‌വെഞ്ച്വര്‍ ബൈക്കുകളുടെ സങ്കരമെന്ന പോലെ തോന്നിപ്പിക്കുന്ന ഡിസൈനിലാണ് എക്‌സ് -47 തയ്യാറാക്കിയിരിക്കുന്നത്. കമ്പനിയുടെ എഫ് 77 പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. ഒറ്റനോട്ടത്തില്‍ ഇലക്ട്രിക് വാഹനമാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പല ഡിസൈന്‍ ഘടകങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധുനിക കാറുകളില്‍ മാത്രം കാണുന്ന പല സുരക്ഷാ ഫീച്ചറുകളും ചേര്‍ത്തതും പ്രത്യേകതയാണ്. ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയിന്‍ ചെയ്ഞ്ച് അസിസ്റ്റന്റ്, ഓവര്‍ടേക്ക് അലര്‍ട്ട്, റിയര്‍ കൊളിഷന്‍ വാണിംഗ് എന്നീ സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി ലഭിക്കും. റഡാര്‍ സംവിധാനത്തിന് പുറമെ മുന്നിലും പിന്നിലും ഡാഷ് ക്യാമറകളുമുണ്ട്. മുന്നിലെയും പിന്നിലെയും ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ലൈവായി കാണാന്‍ ഇരട്ട സ്‌ക്രീനുകളും വാഹനത്തില്‍ ഓപ്ഷണലായി ലഭിക്കും.

വേറെ ലെവല്‍ ഫീച്ചറുകള്‍

മൂന്ന് ലെവലിലുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒമ്പത് തരത്തിലുള്ള ബ്രേക്ക് റീജെനറേഷന്‍, സ്വിച്ചബിള്‍ ഡ്യൂവല്‍ ചാനല്‍ എ.ബി.എസ് എന്നിവയും വാഹനത്തിലുണ്ട്. 40 ബി.എച്.പി കരുത്തും 100 ന്യൂടണ്‍ മീറ്റര്‍ വരെ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ ചലിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 2.7 സെക്കന്റ് മതി. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.1 സെക്കന്റില്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 145 കിലോമീറ്ററാണ് പരമാവധി വേഗത. 7.1 കിലോ വാട്ട് അവറിന്റെയും (kWh) 10.3 കിലോ വാട്ട് അവറിന്റെയും രണ്ട് ബാറ്ററി പാക്കുകളില്‍ വാഹനം ലഭിക്കും. യഥാക്രമം 211 കിലോമീറ്ററും 323 കിലോമീറ്ററും റേഞ്ച് നല്‍കാനും ഈ ബാറ്ററികള്‍ക്കാകും. ഇന്റഗ്രേറ്റഡ് ചാര്‍ജര്‍ ഉള്‍പ്പെടുത്തിയതും പ്രത്യേകതയാണ്. അതായത് വാഹനത്തിനൊപ്പം ചാര്‍ജര്‍ കരുതേണ്ടതില്ല. ബൈക്കില്‍ പ്രത്യേകം ഘടിപ്പിച്ച ചാര്‍ജറിന്റെ പിന്‍ ഉപയോഗിച്ച് ചാര്‍ജിംഗ് സാധ്യമാകും.

ഭാവി പദ്ധതികള്‍ ഇങ്ങനെ

നിലവില്‍ അമ്പതോളം നഗരങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 10,000-12,000 യൂണിറ്റുകള്‍ വരെ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ എക്‌സ് 47ന് പുറമെ എഫ് 77 എന്നൊരു സ്‌പോര്‍ട്‌സ് ഇലക്ട്രിക് ബൈക്കും കമ്പനിക്കുണ്ട്. കൂടാതെ സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ 1.45 ലക്ഷം രൂപക്ക് ടെസറാക്ട്, ബൈക്ക് ശ്രേണിയില്‍ 1.75 ലക്ഷത്തിന് ഷോക്ക്‌വേവ് എന്നീ മോഡലുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ യൂറോപ്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കാനും കമ്പനിക്ക് സാധിച്ചു.

Ultraviolette has announced plans for an IPO by FY28 while unveiling its advanced radar-integrated EV bike X-47. The new electric motorcycle blends safety, innovation, and futuristic design, boosting India’s EV mobility sector.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com