Begin typing your search above and press return to search.
വാങ്ങാനാളില്ല! ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നത് ₹73,000 കോടിയുടെ 7 ലക്ഷം കാറുകള്‍, വമ്പന്‍ ഓഫറുകള്‍ക്ക് സാധ്യത
ഉത്സവ സീസണ്‍ അടുത്തിട്ടും രാജ്യത്തെ കാര്‍ വില്‍പ്പന മന്ദഗതിയിലായതില്‍ ആശങ്കയുമായി വാഹന വിപണി. ഫാക്ടറികളില്‍ ഉത്പാദനം വര്‍ധിക്കുന്നുണ്ടെങ്കിലും ഡീലര്‍ഷിപ്പുകളില്‍ നിന്നും പ്രതീക്ഷിച്ച വില്‍പ്പന നടക്കാത്തതാണ് തിരിച്ചടിയായത്. ഏതാണ്ട് 73,000 ലക്ഷം രൂപ വില വരുന്ന ഏഴുലക്ഷം യൂണിറ്റുകള്‍ വിവിധ ഷോറൂമുകളിലുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. വിപണിയിലെ മെല്ലെപ്പോക്കിനെത്തുടര്‍ന്ന് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി-സുസുക്കി തീരുമാനിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ സമാനമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിലയിരുത്തല്‍.
വില്‍പ്പന കുറയാന്‍ കാരണമെന്ത്?
വാഹനം ഡീലറില്‍ നിന്നും ഉപയോക്താവിന്റെ കൈകളിലെത്താന്‍ ജൂണില്‍ 62-67 ദിവസമെടുത്തിരുന്നെങ്കില്‍ ഇപ്പോഴത് 70-75 ദിവസം വരെയായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇക്കൊല്ലത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പും കടുത്ത ചൂടും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച അപ്രതീക്ഷിത മഴയുമാണ് വില്‍പ്പന മാന്ദ്യത്തിന് കാരണമെന്നാണ് കരുതുന്നത്. വില്‍പ്പന നടക്കാതെ ഷോറൂമുകളില്‍ സ്‌റ്റോക്ക് വര്‍ധിച്ചത് ഡീലര്‍മാര്‍ക്കും വന്‍ തലവേദനയാണ്. നിലവില്‍ രണ്ട് മാസത്തേക്ക് വില്‍പ്പന നടത്താനുള്ള വാഹനങ്ങള്‍ ഡീലര്‍മാരുടെ പക്കലുണ്ട്. എന്നാല്‍ നാല് ലക്ഷം വാഹനങ്ങള്‍ മാത്രമേ ഷോറൂമിലുള്ളൂ എന്നാണ് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സിന്റെ കണക്ക്.
വലിയ ഓഫറുകള്‍ക്ക് സാധ്യത
നിലവിലെ വിപണി സാഹചര്യത്തില്‍ പ്രധാന വാഹന നിര്‍മാതാക്കള്‍ കാറുകള്‍ക്ക് വലിയ ഓഫറുകള്‍ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ആഗസ്റ്റ് അവസാനത്തോടെ തുടങ്ങുന്ന ഉത്സവ സീസണില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിന് വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കുറഞ്ഞ കാര്‍ വായ്പാ പലിശ നിരക്ക്, എക്സ്റ്റന്‍ഡഡ് വാറണ്ടി, സൗജന്യ സര്‍വീസ് എന്നിവ പോലുള്ള പ്രത്യേക ഓഫറുകളുമുണ്ടായേക്കാം.
Next Story
Videos