യു.എസ് തീരുവ മൂലം വാഹന മേഖലയില്‍ ₹30,000 കോടിയുടെ തിരിച്ചടി! ഘടക ഇറക്കുമതിയില്‍ പകുതിയും കുറയും, നിഫ്റ്റി ഓട്ടോ നഷ്ടത്തില്‍

ഇന്ത്യന്‍ കമ്പനികള്‍ പുതിയ വിപണികള്‍ തേടണമെന്നുള്ള ആവശ്യവും സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്
Indian Prime Minister Narendra Modi and former US President Donald Trump shaking hands and smiling, superimposed in front of an automated car manufacturing assembly line with robotic arms and vehicle frames.
canva, Facebook /PMO India
Published on

യു.എസ് തീരുവ മൂലം വാഹന മേഖലയില്‍ കനത്ത തിരിച്ചടിയെന്ന് വിലയിരുത്തല്‍. നിലവില്‍ ഏകദേശം 61,000 കോടി രൂപയുടെ വാഹന ഘടക ഉത്പന്നങ്ങളാണ് (Auto Components) പ്രതിവര്‍ഷം ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഉയര്‍ന്ന താരിഫ് കൂടുതല്‍ കാലം തുടര്‍ന്നാല്‍ ഇതില്‍ പകുതിയോളം ഇന്ത്യക്ക് നഷ്ടമാകുമെന്നാണ് കരുതുന്നത്.

എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള കാറുകള്‍, ചെറു ട്രക്കുകള്‍, അവയുടെ ഘടകങ്ങള്‍ എന്നിവക്ക് മെയ് മൂന്ന് മുതല്‍ 25 ശതമാനം തീരുവ യു.എസ് ഈടാക്കുന്നുണ്ട്. വാണിജ്യ വാഹനങ്ങള്‍, എര്‍ത്ത് മൂവിംഗ് യന്ത്രങ്ങള്‍, ട്രാക്ടറുകള്‍ എന്നിവക്ക് 10 ശതമാനം തീരുവയുമുണ്ട്. പുതിയ തീരുമാനത്തോടെ ഇതെല്ലാം 50 ശതമാനമായി ഉയരും. യു.എസിലേക്കുള്ള 50 ശതമാനം കയറ്റുമതിയെയും തീരുമാനം ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കണക്കുകള്‍ ഇങ്ങനെ

ഇന്ത്യയില്‍ നിന്നുള്ള വാഹന ഘടക ഉത്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് നിലവില്‍ യു.എസ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ 22.9 ബില്യന്‍ ഡോളറിന്റെ വാഹന ഘടക കയറ്റുമതിയില്‍ 22 ശതമാനവും യു.എസിലേക്കായിരുന്നു. നിലവില്‍ 80.2 ബില്യന്‍ ഡോളറിന്റെ വിപണിയാണ് ഈ മേഖലയിലുള്ളത്. ദി ഓട്ടോമോട്ടീവ് കംപോണന്റ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എ.സി.എം.എ) കീഴില്‍ ഏതാണ്ട് 1,100 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. യു.എസില്‍ നിന്നുള്ള വാഹന ഘടക ഇറക്കുമതിക്ക് 5-15 ശതമാനം തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്.

പുതിയ വിപണി തേടണം

യു.എസ് തീരുമാനം ഇന്ത്യന്‍ വ്യവസായത്തെ ബാധിക്കുമെന്ന് വിലയിരുത്തിയ എ.സി.എം.എ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടലും ആവശ്യപ്പെട്ടു. ആഗോള വ്യാപാര തന്ത്രങ്ങളില്‍ മാറ്റം വരുത്തുന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഇന്ത്യന്‍ കമ്പനികള്‍ പുതിയ വിപണികള്‍ തേടണമെന്നും എ.സി.എം.എ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വിപണി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ സംഘടന വിപണിയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരണമെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ തിരിച്ചടി മറികടക്കാന്‍ യു.എസിനോട് ചേര്‍ന്ന മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ കമ്പനികള്‍ ആലോചിക്കണമെന്നും എ.സി.എം.എ പറയുന്നു.

nifty auto index chart
Nifty

നിഫ്റ്റി ഓട്ടോ നഷ്ടത്തില്‍

വാഹന വിപണിയുടെ പ്രകടനം അളക്കുന്ന നിഫ്റ്റി ഓട്ടോ സൂചിക താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ നഷ്ടത്തിലായി. കഴിഞ്ഞ ദിവസം 23.748.85ല്‍ വ്യാപാരം അവസാനിപ്പിച്ച സൂചിക ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. തുടക്കത്തില്‍ മുകളിലേക്ക് ഉയര്‍ന്നെങ്കിലും പിന്നീട് കുത്തനെ ഇടിഞ്ഞു. ഇടക്ക് നഷ്ടം കുറച്ചെങ്കിലും ഇപ്പോഴും ചുവപ്പിലാണ് വ്യാപാരം. 12 മണിക്ക് 23, 571.70 എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വാഹന ഘടക നിര്‍മാതാക്കളായ മദേഴ്‌സണ്‍ ഗ്രൂപ്പാണ് ഇന്നത്തെ നഷ്ടത്തില്‍ മുന്നിലുള്ളത്. ഈ മേഖലയിലെ മിക്ക കമ്പനികളുടെയും ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ്.

India’s auto component exports to the US face a major setback as new tariffs threaten nearly 50% of shipments. The Nifty Auto index reflects the pressure, posting losses amid trade tension fears.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com