കേരളത്തില്‍ ടോപ് ഗിയറില്‍ യൂസ്ഡ് കാര്‍ വിപണി; കൂടുതൽ ഡിമാൻഡ് കുഞ്ഞൻ കാറുകൾക്ക്

പുതിയ കാറുകളുടെ വില കുതിച്ചുയരുന്നതിനാല്‍ കേരളത്തില്‍ പലരും ബജറ്റിന് അനുയോജ്യമായ ബദല്‍ എന്ന നിലയില്‍ യൂസ്ഡ് കാര്‍ വിപണിയിലേക്ക് തിരിഞ്ഞു. ഇതോടെ കേരളത്തിലും ജനപ്രിയമാകുകയാണ് യൂസ്ഡ് കാര്‍ (പ്രീ-ഓണ്‍ഡ് കാര്‍) വിപണി.

ചെറുകാറുകളോട് പ്രിയം

കേരളത്തില്‍ യൂസ്ഡ് കാറുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് ചെറുകാറുകളുടെ വിഭാഗമാണെന്ന് ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി പറഞ്ഞു. ചെറുകാറുകള്‍ക്ക് ഈ മേഖലയില്‍ വലിയ ഡിമാന്‍ഡുണ്ട്. ഇനി കാറുകളുടെ മോഡൽ നോക്കുകയാണെങ്കിൽ ഫോക്സ്‌വാഗൺ പോളോ, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകള്‍ വാങ്ങാന്‍ ആളുകൾ ഏറെയാണ്. ഇവ വാങ്ങാനുള്ള സാമ്പത്തിക ഓപ്ഷനുകളുടെ എളുപ്പത്തിലുള്ള ലഭ്യതയും ഈ വിഭാഗത്തിന്റെ വിജയത്തിന് കാരണമാണ്.

കുറച്ച് മാത്രം ഉപയോഗിച്ചവ

പല കമ്പനികളുടേയും പുതുപുത്തന്‍ മോഡലുകള്‍ ഇന്ന് വളരെ വേഗത്തിലാണ് വിപണിയിലേക്കെത്തുന്നത്. ഇത്തരം പുതിയ മോഡലുകള്‍ പതിവായി വിപണിയില്‍ എത്തുന്നതിനാല്‍ ഏറ്റവും പുതിയ പതിപ്പുകള്‍ വാങ്ങുന്നതിനായി പലരും അവരുടെ നിലവിലെ വാഹനങ്ങള്‍ വില്‍ക്കാറുണ്ട്. ഇതില്‍ കൗതുകകരമായ കാര്യം ഇത്തരം യൂസ്ഡ് കാറുകളില്‍ പലതും വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതാണ്. അതിനാല്‍ തന്നെ അത്യാവശ്യം നല്ല വിലയ്ക്ക് ഇവ വിറ്റഴിയുന്നുണ്ട്. ഇത് കേരളത്തിലെ യൂസ്ഡ് കാര്‍ വിപണി വളരുന്നതിന് ഒരു പ്രധാന കാരണമാണ്.

ആഡംബര കാര്‍ വിഭാഗം അത്ര പോര

യൂസ്ഡ് കാര്‍ വിപണിയിലെ മൊത്തത്തിലുള്ള കുതിച്ചുചാട്ടത്തിനിടയിലും ഇത്തരം കാറുകളുടെ വില്‍പ്പനയില്‍ ആഡംബര കാര്‍ വിഭാഗം മാത്രം അല്‍പം ക്ഷീണം നേരിടുന്നുണ്ടെന്ന് സാബു ജോണി പറഞ്ഞു. കേരളത്തിലെ യൂസ്ഡ് കാര്‍ വിപണിയിലേക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഡംബര കാറുകളുടെ കുത്തൊഴുക്ക് പ്രാദേശിക വിപണിയില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നുണ്ട്.

എന്നിരുന്നലും ഈ തടസ്സങ്ങള്‍ക്കിടയിലും കേരളത്തിലെ യൂസ്ഡ് കാര്‍ വിപണിയുടെ മൊത്തത്തില്‍ മികച്ചരീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ യൂസ്ഡ് കാര്‍ വിപണി നിലവില്‍ 10-12% വാര്‍ഷിക വളര്‍ച്ചാ നിരക്ക് കാണിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലീകരണത്തിന് ഒരുങ്ങുകയാണ് ഈ വിപണി.

രാജ്യത്ത് മൊത്തത്തിലുള്ള പ്രവണത

രാജ്യത്ത് പുതിയ കാറകളുടെ വിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30 ശതമാനം വര്‍ധനയുണ്ടായി. ഇത് യൂസ്ഡ് കാര്‍ വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. യൂസ്ഡ് കാര്‍ വിപണിയിലെ ശരാശരി വില്‍പ്പന നിരക്ക് 3-3.5 ലക്ഷത്തില്‍ നിന്ന് 6-6.5 ലക്ഷത്തിലെത്തി. രാജ്യത്ത് മൊത്തത്തിലുള്ള യൂസ്ഡ് കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ തിളങ്ങുന്നത് എസ്.യു.വികളാണ്. യൂസ്ഡ് കാറുകളില്‍ രാജ്യത്ത് ആഡംബര വിഭാഗത്തില്‍ മെഴ്സിഡസ് ബെന്‍സ് സി-ക്ലാസ്, ഔഡി ക്യൂ3, ബി.എം.ഡബ്ല്യു എക്‌സ്1 സീരീസ് തുടങ്ങിയ മോഡലുകള്‍ വളരെ ജനപ്രിയമാണ്.

കോവിഡ് മഹാമാരിയുടെ സമയത്താണ് യൂസ്ഡ് കാറുകളുടെ വില്‍പ്പന കുത്തനെ ഉയര്‍ന്നത്. അന്ന് പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് കുറഞ്ഞതോടെ യൂസ്ഡ് കാറുകളുടെ വില്‍പ്പന കുത്തനെ ഉയരുകയായിരുന്നു. സെമികണ്ടക്ടര്‍ ക്ഷാമം മൂലം പുതിയ വാഹനങ്ങളുടെ കാത്തിരിപ്പ് കാലാവധി നീണ്ടതും യൂസ്ഡ് കാറുകളുടെ വിപണി വളരുന്നതിന് ആക്കം കൂട്ടി.


Nadasha K V
Nadasha K V  

Related Articles

Next Story

Videos

Share it