ചൈന കളിച്ചാല്‍ വണ്ടി ഷോറൂം കാണാതിരിക്കുമോ? ഇന്ത്യക്ക് അപൂര്‍വ മൂലകങ്ങള്‍ നല്‍കാന്‍ ഓസ്‌ട്രേലിയ, വാഹന ഓഹരികള്‍ ഫിഫ്ത് ഗിയറില്‍

അപൂര്‍വ മൂലകങ്ങള്‍ നല്‍കില്ലെന്ന ചൈനീസ് വെല്ലുവിളി ഇന്ത്യന്‍ വാഹന ഓഹരികളെ സാരമായി ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍
Car manufacturing unit
Canva
Published on

ചൈനക്ക് പകരം ഓസ്‌ട്രേലിയയില്‍ നിന്നും അപൂര്‍വ മൂലകങ്ങള്‍ (റെയര്‍ എര്‍ത്ത് മാഗ്‌നെറ്റുകള്‍) വാങ്ങാനൊരുങ്ങി ഇന്ത്യ. ഓട്ടോമൊബൈല്‍, ഡിഫന്‍സ്, സെമി കണ്ടക്ടര്‍, മറ്റ് വ്യവസായ ആവശ്യങ്ങള്‍ എന്നിവക്ക് ഉപയോഗിക്കുന്ന റെയര്‍ എര്‍ത്ത് മാഗ്‌നെറ്റുകളുടെ കയറ്റുമതി ചൈന വെട്ടിയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിലവില്‍ ഇന്ത്യക്കാവശ്യമായ 80 ശതമാനം റെയര്‍ എര്‍ത്ത് മാഗ്‌നെറ്റുകളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് പകരമായി ഓസ്‌ട്രേലിയയില്‍ നിന്ന് ഇവ ഇറക്കുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ഓഹരികള്‍ക്കും കുതിപ്പ്

റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വാഹനക്കമ്പനികളുടെ ഓഹരികളും കുതിച്ചു. മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോ കോര്‍പ് തുടങ്ങിയ പ്രധാന വാഹന ഓഹരികളെല്ലാം ഇന്ന് നേട്ടത്തിലാണ്. നിഫ്റ്റി ഓട്ടോ സൂചികയും ഇന്ന് നേട്ടത്തിലായി. ഈ ഓഹരികളില്‍ വാങ്ങല്‍ വര്‍ധിച്ചതാണ് നേട്ടമായത്.

തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ഓസ്‌ട്രേലിയയില്‍ നിന്നും റെയര്‍ എര്‍ത്ത് മാഗ്‌നെറ്റുകള്‍ വാങ്ങുമെന്ന് സി.എന്‍.ബി.സി - ടിവി 18ആണ് റിപ്പോര്‍ട്ട് ചെയ്തത്. പുറംതള്ളുന്ന മാലിന്യങ്ങളില്‍ അപൂര്‍വ മൂലകങ്ങളുടെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കാന്‍ രാജ്യത്തെ എല്ലാ ഖനികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിയിട്ടുമുണ്ട്. ഇതിന് പുറമെ അര്‍ജന്റീന, ബ്രസീല്‍, ചിലെ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

എന്താണ് പ്രതിസന്ധി

കഴിഞ്ഞ ഏപ്രിലിലാണ് ഏഴ് അപൂര്‍വ മൂലകങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചത്. സമേരിയം (Samarium), ഗഡോലിനിയം (Gadolinium), ടെര്‍ബിയം (Terbium), ഡൈസ്‌പ്രോസിയം (Dysprosium), ലുറ്റേറ്റിയം (Lutetium), സ്‌കാന്‍ഡിയം (Scandium), യിട്രിയം (Yttrium) എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇലക്ട്രിക് വാഹന നിര്‍മാണത്തിന് നിര്‍ണായകമായ നിയോഡൈമിയം അയണ്‍ ബോറോണ്‍ (Neodymium iron boron), സമേരിയം-കൊബാള്‍ട്ട് (Samarium Cobalt) എന്നീ മാഗ്‌നെറ്റുകളുടെ ഉത്പാദനവും ഇതോടെ പ്രതിസന്ധിയിലായി. മാരുതി സുസുക്കിയുടെ ഇ-വിറ്റാര അടക്കമുള്ള മോഡലുകളുടെ ഉത്പാദനം ഇതോടെ വൈകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അപകടം മനസിലാക്കി

അമേരിക്കക്കും ഈ മൂലകങ്ങള്‍ നല്‍കില്ലെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താരിഫ് വിഷയത്തിലെ വ്യാപാര ചര്‍ച്ചകളിലൂടെ വിഷയം പരിഹരിക്കാമെന്നാണ് യു.എസ് പ്രതീക്ഷ. ഇതിന് പിന്നാലെ നയതന്ത്ര വ്യാപാര ബന്ധങ്ങള്‍ ഉപയോഗിച്ച് അപൂര്‍വ മൂലകങ്ങള്‍ വാങ്ങാനുള്ള ശ്രമങ്ങളും ഇന്ത്യ ആരംഭിച്ചു. ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നതിന് പുറമെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡ് അടക്കമുള്ള കമ്പനികളിലൂടെയും സ്വകാര്യ നിക്ഷേപകരുടെ സഹായത്തോടെയും തദ്ദേശീയമായി ഇവ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഒരു വിതരണക്കാരനെ മാത്രം ആശ്രയിക്കുന്നത് അപകടമാണെന്ന് ഇതോടെ തെളിഞ്ഞതായി കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലും പറഞ്ഞിരുന്നു.

ഇന്ത്യയെ ബാധിച്ചിട്ടില്ല

അതേസമയം, അപൂര്‍വ മൂലകങ്ങള്‍ നല്‍കില്ലെന്ന ചൈനീസ് വെല്ലുവിളി ഇന്ത്യന്‍ വാഹന ഓഹരികളെ സാരമായി ബാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ വില്‍ക്കുന്ന 95 ശതമാനം വാഹനങ്ങളിലും പെട്രോള്‍/ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഐസ് (Internal Combustion Engine) എഞ്ചിനുകള്‍ ആണെന്നതാണ് കാരണം. പ്രധാനമായും ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലാണ് അപൂര്‍വ മൂലകങ്ങള്‍ ആവശ്യമായി വരുന്നത്. ഒരു ഇലക്ട്രിക് വാഹനത്തില്‍ ശരാശരി 0.8 കിലോഗ്രാമും ഹൈബ്രിഡില്‍ 0.5 കിലോഗ്രാമും ഐസ് വാഹനത്തില്‍ 0.1 കിലോഗ്രാമും അപൂര്‍വ മൂലകങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.

Auto stocks including Eicher, Maruti, and TVS rose up to 2% as India explores sourcing rare-earth magnets from Australia to reduce China dependency.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com