രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ ഒന്‍പത് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 2019 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനം കുറവാണുള്ളത്
രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍  ഒന്‍പത് മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍
Published on

കോവിഡ് രണ്ടാം തരംഗം വ്യാപകമായതോടെ രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും വന്‍ കുറവ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളും ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യത്തെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഒന്‍പത് മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ അസോസിയേഷന്റെ പ്രതിമാസ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കഴിഞ്ഞമാസം എല്ലാ വിഭാഗങ്ങളിലുമായി 1.18 ദശലക്ഷം വാഹനങ്ങള്‍ മാത്രമാണ് രാജ്യത്തുടനീളമായി രജിസ്റ്റര്‍ ചെയ്തത്. 2020 ജുലൈയിലെ 1.14 ദശലക്ഷം വാഹനങ്ങള്‍ എന്ന കണക്കിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 2019 ഏപ്രില്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 32 ശതമാനത്തിന്റെ കുറവാണിത്. 2019 ഏപ്രിലില്‍ മൊത്തം 17,38,802 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ മാസം 11,85,374 വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. 2020 ഏപ്രിലില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണായതിനാല്‍ വാഹന രജിസ്‌ട്രേഷന്‍ നടന്നിരുന്നില്ല.

2019 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നുചക്രവാഹന രജിസ്‌ട്രേഷനിലാണ് ഏറ്റവും കുറവുണ്ടായിട്ടുള്ളത്. 2019 ഏപ്രിലില്‍ 48,772 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌പ്പോള്‍ കഴിഞ്ഞ മാസം 21,636 വാഹനങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 55.6 ശതമാനത്തിന്റെ കുറവ്. ഗ്രാമീണമേഖലയില്‍ കൂടുതലായി കാണപ്പെടുന്ന മൂന്നുചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷനിലെ കുറവ് ലോക്ക്ഡൗണ്‍ ഏറ്റവും കൂടുതലായി ബാധിച്ചത് ഗ്രാമീണ മേഖലയിലാണെന്ന് വ്യക്തമാക്കുന്നു.

കൂടാതെ ഇരചക്ര വാഹനങ്ങളുടെ രജിസ്‌ട്രേഷനിലും വന്‍ കുറവാണുണ്ടായിട്ടുള്ളത്. 2019 ഏപ്രില്‍ മാസം 13,38,278 ഇരചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞ മാസം 8,65,134 ഇരുചക്ര വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്ത്. എന്നാല്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത ട്രക്ടറുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 3.5 ശതമാനം വര്‍ധനവാണ് ഈ വിഭാഗത്തിലുണ്ടായത്. 38,285 ട്രാക്ടറുകളാണ് കഴിഞ്ഞ മാസം രാജ്യത്തുടനീളമായി രജിസ്റ്റര്‍ ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com