ഉത്സവ സീസണും തുണച്ചില്ല വാഹന വില്‍പ്പന താഴോട്ട്

ആഭ്യന്തര വാഹന വിപണി നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തി അറിയിക്കുന്നതായി ഒക്ടോബറിലെ വാഹന വില്‍പ്പന കണക്ക്. രജിസ്റ്റര്‍ ചെയ്ത യാത്രാ വാഹനങ്ങളുടെ എണ്ണം കഴിഞ്ഞ ഒക്ടോബറിലേതിനേക്കാള്‍ 9 ശതമാനവും ഇരുചക്ര വാഹനങ്ങളുടേത് 27 ശതമാനവും കുറഞ്ഞപ്പോള്‍ ഡീലര്‍ഷിപ്പുകളിലെ വാഹന വില്‍പ്പനയില്‍ 24 ശതാനം കുറവുണ്ടായെന്നാണ് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കണക്ക്.

വാഹന നിര്‍മാതാക്കള്‍ പുറത്തു വിട്ട കണക്കുകളുമായി ഒരു തരത്തിലും യോജിക്കാത്ത കണക്കുകളാണ് വിപണിയില്‍ നിന്നുള്ളത്. മാരുതിയുടെയും ഹ്യൂണ്ടായ് യുടെയും കണക്കനുസരിച്ച് ഒക്ടോബറില്‍ 3.3 ലക്ഷം യാത്രാവാഹനങ്ങളാണ് വിറ്റുപോയത്.

സമാനമായി ഹീറോ മോട്ടോ കോര്‍പ്പിന്റെ കണക്കനുസരിച്ച് എട്ടു ലക്ഷം ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന നടന്നു എന്നാണ്. പക്ഷേ വിപണിയില്‍ ആകെ നടന്നത് 10.42 ലക്ഷം ഇരുചക്ര വാഹനങ്ങളാണ്.

ഉത്സവ സീസണ്‍ മുന്നില്‍ കണ്ട് വാഹന നിര്‍മാതാക്കള്‍ ഡീലര്‍മാരിലേക്ക് എത്തിച്ച വാഹനങ്ങളുടെ കണക്കാണ് അവര്‍ കാട്ടുന്നത്. എന്നാല്‍ വിപണിയില്‍ അത് വിറ്റുപോയിട്ടില്ലെന്നാണ് ഡീലര്‍മാര്‍ പറയുന്നത്.

രജിസ്‌ട്രേഷന്‍ കണക്കനുസരിച്ച് രാജ്യത്ത് കഴിഞ്ഞ മാസം ആകെ വിറ്റുപോയത് 1413549 എണ്ണം വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1859709 എണ്ണം വിറ്റുപോയിരുന്നു. 23.99 ശതമാനം ഇടിവ്.

ഈ ഒക്ടോബറില്‍ വിറ്റുപോയത് 10.42 ലക്ഷം ഇരുചക്ര വാഹനങ്ങളാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അത് 14.23 ലക്ഷമായിരുന്നു. 26.82 ശതമാനത്തിന്റെ കുറവ്.

യാത്രാ വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 2.74 ലക്ഷം വിറ്റുപോയ സ്ഥാനത്ത് ഇത്തവണ വിറ്റഴിക്കാനായത് 2.50 ലക്ഷം വാഹനങ്ങള്‍ മാത്രം.

എന്നാല്‍ ട്രാക്റ്ററുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 35456 എണ്ണം വിറ്റു പോയപ്പോള്‍ കഴിഞ്ഞ മാസം മാത്രം 55146 എണ്ണം വിറ്റു പോയി. 55 ശതമാനം വര്‍ധന. കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ കാര്യത്തില്‍ 30.02 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 63837 എണ്ണം വിറ്റുപോയിടത്ത് ഈ വര്‍ഷം ഒക്ടോബറില്‍ 44480 എണ്ണ മാത്രം. മുച്ചക്ര വാഹനങ്ങള്‍ 22381 എണ്ണമാണ് കഴിഞ്ഞ മാസം വിറ്റഴിക്കാനായത്. മുന്‍വര്‍ഷം ഇതേ കാലയളവില് 63042 എണ്ണം വിറ്റിരുന്നു.

Related Articles

Next Story

Videos

Share it