പുക പരിശോധനയില്‍ പുകഞ്ഞ് വാഹന ഉടമകള്‍; കുഴപ്പം വണ്ടിയുടെയോ ചെക്കിംഗിന്റെയോ?

പുകപരിശോധനയില്‍ ആദ്യഘട്ടത്തില്‍ വിജയിക്കുന്നത് 75 ശതമാനം വാഹനങ്ങള്‍ മാത്രം. പുകപരിശോധന പൂര്‍ണമായും പരിവാഹന്‍ സംവിധാനത്തിലേക്ക് മാറിയതിന് ശേഷം പരിശോധനയ്ക്ക് എത്തുന്ന 25 ശതമാനം വാഹനങ്ങളും പരാജയപ്പെടുകയാണ്. പരിശോധനയുടെ കൃത്യത വര്‍ധിച്ചതാണ് വാഹനങ്ങള്‍ പരാജയപ്പെടാനുളള കാരണം. കൃത്യമല്ലാതെ പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളും സ്വീകരിക്കുന്നുണ്ട്.
പുകപരിശോധനയില്‍ വിജയിക്കാതെ വാഹനങ്ങള്‍ ഉടമകള്‍ക്ക് നിരത്തിലിറക്കാന്‍ സാധിക്കില്ല. പലവാഹനങ്ങളും വിജയിക്കുന്നത് തകരാറുകള്‍ പരിഹരിച്ച് വീണ്ടും പുകപരിശോധനയ്ക്ക് എത്തിച്ചാണ്. കാര്‍ബറേറ്ററുള്ള വാഹനങ്ങളിലാണ് പ്രധാനമായും പ്രശ്നം കാണപ്പെടുന്നത്. എയര്‍ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് തുടങ്ങിയവയുടെ തകരാറും പുകപരിശോധന വിജയിക്കുന്നതിന് തടസങ്ങളാണ്.
നിശ്ചിത കാലയളവില്‍ സര്‍വീസ് ചെയ്യാത്ത വാഹനങ്ങളിലാണ് പ്രധാനമായും പ്രശ്നങ്ങള്‍ കാണുന്നത്. ഇക്കൊല്ലം മുതലാണ് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് പരിവാഹന്‍ വെബ്സൈറ്റ് വഴി വാഹനങ്ങളുടെ പുക പരിശോധന നടത്തണമെന്ന കര്‍ശന നിബന്ധനകള്‍ പുറപ്പെടുവിച്ചത്. ഇതിനെ തുടര്‍ന്നാണ് പരിശോധനയില്‍ വിജയിക്കുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് കണ്ടെത്തിയത്.
ഐസി എഞ്ചിന്‍ (പെട്രോള്‍, ഡീസല്‍) വാഹനങ്ങള്‍ പുറം തളളുന്ന വാതകങ്ങള്‍ പ്രകൃതിക്ക് കനത്ത ദോഷമാണ് വരുത്തുന്നത്. പ്രകൃതി മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വാഹനങ്ങള്‍ പുകപരിശോധന നടത്തണമെന്ന നിര്‍ദേശം അധികൃതര്‍ മുന്നോട്ടുവെക്കുന്നത്. പുകപരിശോധനയില്‍ പരാജയപ്പെടുന്നത് വാഹനങ്ങള്‍ ശരിയായി പരിപാലിക്കാന്‍ ആളുകള്‍ വലിയ ശ്രദ്ധ ചെലുത്തുന്നില്ല എന്നതിന്റെ തെളിവു കൂടിയാണ്.
Related Articles
Next Story
Videos
Share it