ഫോര്‍ഡിനേക്കാള്‍ വിപണി മൂല്യമുള്ള വിയറ്റ്‌നാമീസ് കാര്‍ കമ്പനി

വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനി വിതരണം ചെയ്തത് 11,300 വൈദ്യുത വാഹനങ്ങള്‍
Image courtesy: VinFast
Image courtesy: VinFast
Published on

വ്യാപാരത്തിന്റെ ആദ്യ ദിനത്തില്‍ വിപണി മൂല്യത്തില്‍ ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ് (ജിഎം) എന്നിവയെ പിന്നിലാക്കി വിയറ്റ്‌നാമീസ് വൈദ്യുത വാഹന നിര്‍മാതാക്കളായ വിന്‍ഫാസ്റ്റിന്റെ ഓഹരി വിപണി മൂല്യം ഉയര്‍ന്നു. കമ്പനിയുടെ ഓഹരികള്‍ ന്യൂയോര്‍ക്കിലെ വ്യാപാരത്തില്‍ 68% വര്‍ധിച്ച് 37 ഡോളറിന് മുകളില്‍ ക്ലോസ് ചെയ്തു. ഇതോടെ വിന്‍ഫാസ്റ്റിന്റെ വിപണി മൂല്യം 85 ബില്യണ്‍ ഡോളറെത്തി (7 ലക്ഷം കോടി രൂപ). ഇത് ഫോര്‍ഡിന്റെ വിപണി മൂല്യമായ 48 ബില്യണ്‍ ഡോളറിനെയും (4 ലക്ഷം കോടി രൂപ) ജനറല്‍ മോട്ടോഴ്‌സിന്റെ 46 ബില്യണ്‍ ഡോളറിനെയും (3.8 ലക്ഷം കോടി രൂപ) അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണ്.

വിന്‍ഫാസ്റ്റിന്റെ ഓഹരി വിപണി മൂല്യം ഉയര്‍ന്നത് വിയറ്റ്‌നാമിലെ ഏറ്റവും ധനികനും കമ്പനിയുടെ ചെയര്‍മാനുമായ ഫാം നാറ്റ് വൂംഗിന്റെ സമ്പത്തില്‍ ഏകദേശം 39 ബില്യണ്‍ ഡോളര്‍ (3.2 ലക്ഷം കോടി രൂപ) ചേര്‍ത്തു. കമ്പനിയുടെ 99% ഓഹരികളും ഫാം നാറ്റ് വൂംഗിന്റെ ഉടമസ്ഥതയിലാണ്. അതിനാല്‍ ട്രേഡിംഗിന് ലഭ്യമായിട്ടുള്ള ഓഹരികളുടെ എണ്ണം കുറവാണ്. ഇത് ഓഹരികള്‍ ഉയരാന്‍ ഒരു കാരണമായി.

കടുത്ത മത്സരം നേരിട്ട് കമ്പനി

വിപണിയില്‍ വിന്‍ഫാസ്റ്റ് കടുത്ത മത്സരം നേരിടുന്നുണ്ട്. എന്നിരുന്നാലും വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനി 11,300 വൈദ്യുത വാഹനങ്ങള്‍ വിതരണം ചെയ്തു. ഇതേ കാലയളവില്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്ല 8,89,000 വാഹനങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ടെസ്ലയും മുതിര്‍ന്ന നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ പിന്തുണയുള്ള ചൈനീസ് കമ്പനി ബി.വൈ.ഡിയും ഉള്‍പ്പെടെയുള്ള വിപണിയിലെ പ്രമുഖര്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി വില കുറയ്ക്കുകയാണ്.

ഇത്തരത്തില്‍ വിവിധ കമ്പനികളില്‍ നിന്നും കടുത്ത മത്സരം നേരിടുന്നതിനിടെയാണ് വിന്‍ഫാസ്റ്റിന്റെ ഓഹരി വിപണി മൂല്യം ഉയര്‍ന്നത്. വിയറ്റ്‌നാമിന്റെ വൈദ്യുത വാഹന നിര്‍മാണ കമ്പനിയാണ് വിന്‍ഫാസ്റ്റ് ഓട്ടോ ലിമിറ്റഡ്. ഇപ്പോള്‍ സിംഗപ്പൂര്‍ ആണ് ഇതിന്റെ ആസ്ഥാനം. 2017ല്‍ സ്ഥാപിതമായ ഈ കമ്പനി വിയറ്റ്‌നാമിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിലൊന്നായ വിന്‍ഗ്രൂപ്പിന്റെ ഭാഗമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com