Begin typing your search above and press return to search.
ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിര്‍ട്യൂസിന്റെയും ടൈഗണിന്റേയും പ്രത്യേക സെലിബ്രിറ്റി എഡിഷനുമായി ഫോക്സ് വാഗണ്‍
ഓണം ആഘോഷങ്ങളെ വരവേല്‍ക്കാന്‍ മലയാളികള്‍ക്ക് രണ്ട് വാഹനങ്ങളുടെ പ്രത്യേക സെലിബ്രിറ്റി എഡിഷന്‍ അവതരിപ്പിച്ച് ഫോക്സ് വാഗണ്‍. വിര്‍ട്യൂസ്, ടൈഗണ്‍ മോഡലുകളുടെ പ്രത്യേക പതിപ്പുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 5 സ്റ്റാര്‍ ജി.എന്‍.സി.എ.പി സുരക്ഷാ റേറ്റിങ് ഉള്ള വാഹനമാണ് വിര്‍ട്യൂസ്. പ്രത്യേക സെലിബ്രിറ്റി എഡിഷന്‍ വാഹനങ്ങളുടെ 200 യൂണിറ്റുകള്‍ മാത്രമാണ് വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിട്ടുളളത്.
മുന്നിലെ പാര്‍ക്കിങ് സെന്‍സറുകള്‍, ഡ്യൂവല്‍ ടോണ്‍ ഹോണ്‍, പഡ്ഡില്‍ ലാമ്പുകള്‍, ടി.എസ്.ഐ ഫെന്‍ഡര്‍ ബാഡ്ജ് തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് വാഹനം എത്തുന്നത്.
ബ്ലാക്ക് കളറിലുളള വാഹനങ്ങളോട് കേരളീയര്‍ക്ക് പ്രത്യക താല്‍പ്പര്യം ഉളളതിനാല്‍ രണ്ട് മോഡലുകളുടേയും പ്രത്യേക ബ്ലാക്ക് പതിപ്പുകളാണ് കേരളത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടൈഗണിന്റെ വില 14,08,400 രൂപയിലും വിര്‍ട്യൂസിന്റെ വില 13,57,000 രൂപയിലുമാണ് ആരംഭിക്കുന്നത്.
മൂന്ന് വര്‍ഷത്തിനുളളില്‍ ഫോക്സ് വാഗണ്‍ ഇ.വി വാഹനങ്ങള്‍ അവതരിപ്പിക്കും
ദേശീയ തലത്തില്‍ എടുക്കുമ്പോള്‍ കമ്പനിയുടെ വാഹനങ്ങളുടെ മൊത്തം വില്‍പ്പനയില്‍ 9-10 ശതമാനം വിപണി വിഹിതം കേരളത്തിലുളളതായി ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത പറഞ്ഞു. 14 ലക്ഷത്തിന്റെ പ്രീമിയം കാര്‍ സെഗ്മന്റില്‍ 40 ശതമാനം വിപണി വിഹിതം വിര്‍ട്യൂസിനുണ്ട്.
2026-27 ഓടെ മാത്രമേ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ വിപുലമായ സാങ്കേതിക സംവിധാനങ്ങള്‍ രാജ്യത്ത് നിലവില്‍ വരികയുളളൂ എന്നാണ് കരുതുന്നത്. ഫോക്സ് വാഗണും മൂന്ന് വര്‍ഷത്തിനുളളില്‍ ഇ.വി വാഹനങ്ങള്‍ അവതരിപ്പിക്കാനുളള തയാറെടുപ്പുകളിലാണെന്നും ആഷിഷ് ഗുപ്ത പറഞ്ഞു. വാഹന വിപണി ഇക്കൊല്ലം 7-8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. എന്നാല്‍ പ്രീമിയം വാഹന സെഗ്മന്റില്‍ 4-5 ശതമാനം വിപണി വളര്‍ച്ച നേടിയാല്‍ തന്നെ മികച്ച പ്രകടനമായി കാണാവുന്നതാണെന്നും ആഷിഷ് ഗുപ്ത പറഞ്ഞു.
കേരളത്തിലെ സാന്നിധ്യം വിപുലീകരിച്ച് ഫോക്സ് വാഗണ്‍
ആറ് പുതിയ കസ്റ്റമര്‍ ടച്ച് പോയിന്‍റുകള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഫോക്സ് വാഗണ്‍ കേരളത്തിലെ ശൃംഖലയുടെ സാന്നിധ്യം കൂടുതല്‍ വിപുലമാക്കുകയാണ്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ സിറ്റി സ്റ്റോറുകളും കൊച്ചിയില്‍ പുതിയ ബോഡി ഷോപ്പ് സൗകര്യവുമായി കേരളത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ ഫോക്സ് വാഗണിന്റെ സാന്നിധ്യം ഉണ്ടാകും. 21 വില്‍പന കേന്ദ്രങ്ങളും 16 സര്‍വീസ് കേന്ദ്രങ്ങളുമായി സംസ്ഥാനത്തെ സാന്നിധ്യം ഫോക്സ് വാഗണ്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
കൊച്ചിയിലെ പുതിയ ബോഡി ഷോപ്പ് 11 സര്‍വീസ് ബേകളുമായാണ് എത്തുന്നത്. എക്സ്പ്രസ് സര്‍വീസ്, സമ്പൂര്‍ണ ബോഡി റിപ്പയര്‍ തുടങ്ങിയ സമഗ്രമായ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും. കാര്യക്ഷമമായ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങളിലൂടെ ഈ മേഖലയിലെ ഫോക്സ് വാഗണ്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനാകുന്ന സേവനങ്ങളാകും പ്രദാനം ചെയ്യുക.
ഇ.വി.എം മോട്ടോര്‍സ് മാനേജിങ് ഡയറക്ടറായ സാബു ജോണി ആയിരിക്കും കൊച്ചിയിലെ ബോഡി ഷോപ്പിനു പുറമെ കൊച്ചിയിലേയും തിരുവനന്തപുരത്തേയും സിറ്റി സ്റ്റോറുകള്‍ക്കും നേതൃത്വം നല്‍കുക. ഈ ടച്ച് പോയിന്‍റുകളിലുളള പരിശീലനം നേടിയ 60 ഓളം വില്‍പന, സേവന എക്സിക്യൂട്ടീവുമാര്‍ ഉപഭോക്തൃ കേന്ദ്രീകൃതവും സുഗമവുമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതാണ്.
ഫോക്സ് വാഗണ്‍ കേരളത്തില്‍ വിപണനം തുടങ്ങിയിട്ട് 16 വര്‍ഷമായി. ഇതിനോടകം ഫോക്സ് വാഗണിന്റെ 60,000 യൂണിറ്റുകള്‍ സംസ്ഥാനത്ത് വിറ്റഴിക്കാന്‍ സാധിച്ചതായി സാബു ജോണി പറഞ്ഞു.
പ്രീമിയം വാഹനങ്ങള്‍ക്ക് മികച്ച സ്വീകാര്യത
ഫ്യൂണിക്സ് കാര്‍സ് മാനേജിങ് ഡയറക്ടര്‍ അജിത്ത് ഭാസ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ കോഴിക്കോട് പുതിയ സിറ്റി സ്റ്റോറിനു പുറമെ പാലക്കാടും കൊടുങ്ങല്ലൂരിലും രണ്ട് വില്‍പന-സേവന കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചു.
കേരളത്തില്‍ എന്‍.ആര്‍.ഐകള്‍ക്കിടയില്‍ സ്പോര്‍ടിനസും ലക്ഷ്വറിയും സമ്മേളിക്കുന്ന ഫോക്സ് വാഗണ്‍ കാറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അജിത്ത് ഭാസ്കരന്‍ പറഞ്ഞു.
ഇന്ത്യയിലുടനീളം ബ്രാന്‍ഡിന്റെ ലഭ്യത വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുമുള്ള ലക്ഷ്യവുമായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഫോക്സ് വാഗണ്‍ കേരളത്തിലെ ശൃംഖല വിപുലീകരിക്കുന്നത്. ഇരുന്നൂറില്‍ ഏറെ വില്‍പന കേന്ദ്രങ്ങളും 140 ല്‍ ഏറെ സര്‍വീസ് കേന്ദ്രങ്ങളുമായി ദേശീയ തലത്തില്‍ മുന്നേറുന്ന ഫോക്സ് വാഗണ്‍ തങ്ങളുടെ സാന്നിധ്യം വിപുലമാക്കാനും ഇന്ത്യയില്‍ പ്രീമിയം വാഹന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള നീക്കങ്ങള്‍ തുടരുകയാണ്.
Next Story
Videos