ഉറപ്പായി! സെഗ്‌മെന്റ് കീഴടക്കാന്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജി.ടി.ഐ വരുന്നു; നിരത്തുകളില്‍ ഇനി ടര്‍ബോ ചാര്‍ജിന്റെ ഇരമ്പല്‍

പോളോക്ക് പകരക്കാരനായി അതിനേക്കാള്‍ കരുത്തനായ ഗോള്‍ഫ് ജി.ടി.ഐ വരുന്നു

ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ പകരം വക്കാനില്ലാത്ത വാഹനമാണ് ഫോക്‌സ്‌വാഗണ്‍ പോളോ. പലരുടെയും ഫേവറിറ്റ് വണ്ടികളിലൊന്ന്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ച പോളോക്ക് പകരക്കാരനായി അതിനേക്കാള്‍ കരുത്തനായ ഗോള്‍ഫ് ജി.ടി.ഐ വരുന്നു. ഇക്കൊല്ലം ഓഗസ്‌റ്റോടെ വണ്ടി ഇന്ത്യയിലെത്താനാണ് സാധ്യത. വിദേശത്ത് നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിയോജിപ്പിക്കുന്ന സി.ബി.യു മാതൃകയിലാണ് വാഹനത്തിന്റെ ഇന്ത്യന്‍ വരവ്. ആദ്യഘട്ടത്തില്‍ 2,500 യൂണിറ്റുകള്‍ മാത്രമായിരിക്കും ഇന്ത്യയിലെത്തിക്കുക. 2016ല്‍ പോളോ അവതരിപ്പിക്കുമ്പോഴും സമാനമായ മാര്‍ക്കറ്റിംഗ് രീതിയാണ് ഫോക്‌സ്‌വാഗണ്‍ പ്രയോഗിച്ചത്.

എഞ്ചിന്‍

ലുക്കിലും പെര്‍ഫോമന്‍സിലും ഫോക്‌സ്‌വാഗണ്‍ പോളോയുടെ ചേട്ടനാണ് ഗോള്‍ഫ്.

ഉള്ളിലുള്ള 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 241 ബി.എച്ച്.പി കരുത്തും 370 എന്‍.എം വരെ ടോര്‍ക്കും ഉത്പാദിപ്പിക്കും.പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്. 7 സ്പീഡ് ഡി.എസ്.ജി ഗിയര്‍ബോക്‌സാണ് വാഹനത്തിനുള്ളത്.

അന്യായ ലുക്ക്

അഗ്രസീവ് ലുക്കിലുള്ള മുന്‍-പിന്‍ ബംപറുകള്‍ വാഹനത്തിന് മാസ്‌കുലിന്‍ ലുക്ക് നല്‍കുന്നവയാണ്. മുന്നിലെ എയര്‍ ഇന്‍ടേക്ക് വെന്റുകളും ഫോക്‌സ്‌വാഗണ്‍ ലോഗോയും ജി.ടി.ഐ ബാഡ്ജുമെല്ലാം മികച്ച രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്. പോളോയെക്കുറിച്ച് ആരാധകര്‍ പോലും പറഞ്ഞിരുന്ന പരാതി ഇന്റീരിയറിലെ സൗകര്യങ്ങളെക്കുറിച്ചാണ്. ആവശ്യത്തിന് മോഡേണ്‍ ഫീച്ചറുകള്‍ ഇല്ലെന്ന പരാതി ഗോള്‍ഫിലൂടെ അവസാനിപ്പിക്കാനാണ് ഫോക്‌സ്‌വാഗണ്‍ ശ്രമിച്ചിരിക്കുന്നത്. 12.9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ വോയിസ് അസിസ്റ്റന്റ്, ചാറ്റ് ജി.പി.ടി സൗകര്യങ്ങളുണ്ട്.

എല്ലാ ദിവസവും ഓഫീസിലേക്ക് മര്യാദക്കാരനായി ഡ്രൈവ് ചെയ്ത് പോകാനും വീക്കെന്‍ഡുകളില്‍ ലോംഗ് ഡ്രൈവിന് പോയി പൊളിക്കാനും പറ്റിയ പെര്‍ഫെക്ട് വണ്ടിയാണിതെന്നാണ് കമ്പനി പറയുന്നത്. ഡ്രൈവിംഗ് കംഫര്‍ട്ട് വര്‍ധിപ്പിക്കാന്‍ പ്രോഗ്രസീവ് സ്റ്റിയറിംഗ്, ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് ഫ്രണ്ട് ആക്‌സില്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, ആഡാപ്റ്റീവ് സസ്‌പെന്‍ഷന്‍ എന്നീ സൗകര്യങ്ങള്‍ വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ആര്‍ക്കൊക്കെ പണിയാകും

ഇന്ത്യയിലെത്തുമ്പോള്‍ ഗോള്‍ഫിന് 40-45 ലക്ഷം രൂപ വരെ വിലയുണ്ടാകുമെന്നാണ് കരുതുന്നത്. പ്രീമിയം ഹാച്ച് ബാക്ക് സെഗ്‌മെന്റില്‍ ഇപ്പോഴുള്ളത് മിനി കൂപ്പര്‍ എസ് എന്ന മോഡലാണ്. 44.90 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള വാഹനത്തില്‍ 240 ബി.എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണുള്ളത്. ഇക്കൊല്ലം സ്‌കോഡ തങ്ങളുടെ ഒക്ടാവിയ ആര്‍.എസ് എന്ന ഹോട്ട് ഹാച്ച് ബാക്കിനെ ഇന്ത്യയിലെത്തിക്കുമെന്ന് വാര്‍ത്തകളുണ്ട്. അങ്ങനെയെങ്കില്‍ സെഗ്‌മെന്റില്‍ മത്സരം കടുക്കുമെന്ന് ഉറപ്പാണ്.
Related Articles
Next Story
Videos
Share it