

ആഗോള മുന്‍നിര വാഹന നിര്‍മാതാക്കളായ ഫോക്‌സ്വാഗണ്‍ ചെലവുചുരുക്കല്‍ പദ്ധതികളുടെ ഭാഗമായി വലിയ മാറ്റത്തിനൊരുങ്ങുന്നു. വരും വര്‍ഷങ്ങളില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ ഒരുലക്ഷം പേരുടെ കുറവു വരുത്താനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിനൊപ്പം ജര്‍മനിയിലെ 4 പ്ലാന്റുകള്‍ അടച്ചുപൂട്ടാനും കമ്പനി പദ്ധതിയിടുന്നതായി വിവിധ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോക്‌സ്വാഗണിന് ലോകമെമ്പാടുമായി 6,57,000 തൊഴിലാളികളുണ്ട്.
ജര്‍മന്‍ വാഹനനിര്‍മാതാക്കളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പിരിച്ചുവിടലിന് തയാറെടുക്കുന്നത്. ആകെ തൊഴിലാളില്‍ 15 ശതമാനം പേരെയാണ് പിരിച്ചുവിടുന്നത്. തൊഴില്‍ശക്തി കുറയ്ക്കുന്നതിനൊപ്പം ഭാവി റിസര്‍ച്ച്, ഡെവലപ്‌മെന്റ് പദ്ധതികള്‍ക്കായുള്ള ബജറ്റും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ചൈനീസ് ഇവി കമ്പനികള്‍ യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ മേധാവിത്വം നേടുന്നത് ഫോക്‌സ്വാഗണിന് കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നത്. ഇതിനൊപ്പം യുഎസിലേക്കുള്ള ഉയര്‍ന്ന താരിഫുകളും കമ്പനിയുടെ ആഗോള വില്പനയ്ക്ക് പ്രതിസന്ധിയുണ്ടാക്കി. 2020ല്‍ 57 ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടായിരുന്ന ചൈനീസ് ഇതര കാര്‍ കമ്പനികളുടെ വിപണിവിഹിതം 2025 എത്തിയപ്പോള്‍ 32 ശതമാനത്തിലേക്കാണ് വീണത്.
വാഹന വ്യവസായ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുനഃസംഘടനയ്ക്കാണ് കമ്പനി ഒരുങ്ങുന്നത്. ഹാനോവര്‍ (Hanover), സ്വിക്കാവു (Zwickau), എംഡന്‍ (Emden) എന്നിവയ്ക്ക് പുറമെ ഔഡിയുടെ നെക്കാര്‍സലം (Neckarsulm) പ്ലാന്റുമാണ് പൂട്ടാന്‍ ലക്ഷ്യമിടുന്നത്. ഈ ഫാക്ടറികള്‍ അടച്ചുപൂട്ടുന്നതിലൂടെ മാത്രം 45,000ത്തിലധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും.
ജൂലൈ 9ന് നടക്കുന്ന കമ്പനിയുടെ സൂപ്പര്‍വൈസറി ബോര്‍ഡ് യോഗത്തില്‍ ഈ പദ്ധതികള്‍ ഔദ്യോഗികമായി ചര്‍ച്ച ചെയ്യും. നിലവിലെ ബിസിനസ് മോഡല്‍ ഇനി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് കമ്പനി സിഇഒ ഒലിവര്‍ ബ്ലൂവിന്റെ വിലയിരുത്തല്‍.
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള കമ്പനിയുടെ നിക്ഷേപം 15 ശതമാനം വെട്ടിക്കുറച്ച് 130 ബില്യണ്‍ യൂറോ ആക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ ഫോക്‌സ്വാഗണ്‍ ഓഹരികള്‍ കഴിഞ്ഞ 16 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. കമ്പനി സിഇഒയുടെ ഈ പുതിയ പദ്ധതികള്‍ക്ക് ജര്‍മനിയിലെ തൊഴിലാളി യൂണിയനുകളുടെ വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
കമ്പനിയുടെ ആകെയുള്ള 6,67,000ത്തിലധികം ജീവനക്കാരില്‍ 43 ശതമാനം തൊഴിലാളികളും ജര്‍മനിയിലാണ് ജോലി ചെയ്യുന്നത്. 2024ല്‍ ഫാക്ടറികള്‍ പൂട്ടാന്‍ മാനേജ്മെന്റ് ശ്രമിച്ചെങ്കിലും യൂണിയനുകളുടെ ശക്തമായ സമരത്തെത്തുടര്‍ന്ന് പിന്മാറേണ്ടി വന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine