12 വര്‍ഷത്തെ ഇന്ത്യന്‍ യാത്ര അവസാനിപ്പിക്കാനൊരുങ്ങി ഫോക്‌സ് വാഗണ്‍ പോളോ!

രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലുകളിലൊന്നായ ഫോക്‌സ് വാഗണ്‍ പോളോയുടെ ഉൽപ്പാദനം നിർത്തുന്നു . താമസിയാതെ പോളോയുടെ ഇന്ത്യയിലെ ഉല്‍പ്പാദനം ഫോക്‌സ് വാഗണ്‍ അവസാനിപ്പിക്കുമെന്നാണ് വിവരം. ഇതുവരെ 2.5 ലക്ഷത്തിലധികം പോളോകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റത്. രാജ്യത്ത് ഫോക്‌സ് വാഗണ്‍ ഏറ്റവും കൂടുതല്‍ വിറ്റ മോഡലും ഇതുതന്നെ.

1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുമായി 2010ല്‍ ആണ് ഫോക്‌സ് വാഗണ്‍ പോളോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ ഫോക്‌സ് വാഗണ്‍ മോഡലെന്ന പ്രത്യേകതയുമായെത്തിയ പോളോ വളരെ വേഗം ജനങ്ങളുടെ പ്രിയ വാഹനമായി മാറി. 2013ല്‍ എത്തിയ പോളോ ജിടി ടിഎസ്‌ഐ വേരിയന്റിന് ആരാധകരേറയാണ്. 12 വര്‍ഷമായി മാറ്റമില്ലാതെ തുടരുന്ന ഡിസൈനും വില്‍പ്പനയിലെ ഇടിവുമാണ് പോളോയെ പിന്‍വലിക്കാന്‍ ഫോക്‌സ് വാഗണെ പ്രേരിപ്പിച്ച ഘടകം.

ബിഎസ് 6 പരിഷ്‌കാരങ്ങളുടെ ഭാഗമായി 2020 മാര്‍ച്ചിലാണ് പോളോയ്ക്ക് അവസാനമായി കമ്പനി മാറ്റങ്ങള്‍ വരുത്തിയത്. അന്ന് ഡീസല്‍ മോഡലുകള്‍ കമ്പനി പിന്‍വലിച്ചിരുന്നു. 1.6 ലിറ്ററിന് പകരം 3 സിലിണ്ടര്‍ 1.0 ലിറ്റര്‍ എഞ്ചിനിലേക്ക് എത്തിയിരുന്നു. ഇനി എംക്യുബി പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ടിഗ്വാന്‍ എസ് യുവി, പുറത്തിറങ്ങാനിരിക്കുന്ന സെഡാന്‍ മോഡലുകളിലായിരിക്കും ഫോക്‌സ് വാഗണിന്റെ ശ്രദ്ധ.

പുതിയ സെഡാന്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വെന്റോ എന്ന മോഡലിന്റെ നിർമ്മാണവും രാജ്യത്ത് അവസാനിപ്പിക്കും. അതേ സമയം ബ്രസീല്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ആറാം തലമുറ പോളോയുടെ വില്‍പ്പന കമ്പനി തുടരും. ഈ ആറാം തലമുറ പോളോ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന കാര്യത്തില്‍ ഫോക്‌സ് വാഗണ്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it