വില 10.50 ലക്ഷം രൂപ മുതല്‍, ഫോക്‌സ്‌വാഗണിന്റെ പുതിയ അവതാരത്തിന്റെ സവിശേഷതകളിതാ

കാര്‍ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ്‌യുവിയായ ടൈഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 10.50 ലക്ഷം രൂപ മുതലാണ് ടൈഗണിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. ഡൈനാമിക്, പെര്‍ഫോമന്‍സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് മോഡലിനുള്ളത്. ഡൈനാമിക് ലൈനില്‍ കംഫോര്‍ട്ട് ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നിങ്ങനെ മൂന്ന് ട്രിം ലെവലുകളും ലഭ്യമാണ്. ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് പെര്‍ഫോമന്‍സ് ലൈനിലുള്ളത്. നാല് എഞ്ചിന്‍-ഗിയര്‍ബോക്‌സ് കോമ്പിനേഷനുകളും ടൈഗണ്‍ നല്‍കുന്നു.

ഏവരെയും ആകര്‍ഷിപ്പിക്കുന്ന രീതിയിലാണ് ടൈഗണിനെ ഫോക്‌സ്്‌വാഗണ്‍ ഒരുക്കിയിട്ടുള്ളത്. മുന്‍വശത്തെ ഡിആര്‍എല്ലുകളുള്ള വലിയ എല്‍ഇഡി ഹെഡ്ലൈറ്റുകളും രണ്ട് സ്ലാറ്റ് ക്രോം ഗ്രില്ലും ബമ്പറിന്റെ താഴത്തെ ഭാഗത്തെ ക്രോമും ടൈഗണിന്റെ ഭംഗി കൂട്ടുന്നു. പിന്‍ഭാഗത്ത്, ടെയില്‍ ഗേറ്റിന്റെ വീതിയില്‍ ടെയില്‍-ലൈറ്റ് ക്ലസ്റ്ററും ഒരുക്കിയിട്ടുണ്ട്. ഫോക്‌സ്വാഗണ്‍ ടൈഗണ്‍ വൈല്‍ഡ് ചെറി റെഡ്, കുര്‍ക്കുമ യെല്ലോ, കാന്‍ഡി വൈറ്റ്, റിഫ്‌ലെക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

നാല് വര്‍ഷം അല്ലെങ്കില്‍ 1,00,000 കിലോമീറ്റര്‍ വാരന്റിയാണ് ഫോക്‌സ്‌വാഗണ്‍ ടൈഗണിന് നല്‍കുന്നത്. ഇത് ഏഴ് വര്‍ഷം അല്ലെങ്കില്‍ 1,50,000 കിലോമീറ്ററായി ഉപഭോക്താക്കള്‍ക്ക് നീട്ടാവുന്നതാണ്. അതേസമയം, മോഡലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടതിന് ശേഷം ഇതുവരെ 12,221 ബുക്കിംഗും ടൈഗണിന് ലഭിച്ചിട്ടുണ്ട്. ടൈഗണിന്റെ വരവോടെ മിഡ് സൈസ് എസ്‌യുവി വിഭാഗത്തില്‍ തങ്ങളുടെ പങ്കാളിത്തം 10 ശതമാനമാക്കി ഉയര്‍ത്താനാണ് ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it