500 കോടി പിഴ: ഹരിത ട്രിബ്യുണലിന്റെ ഉത്തരവിനെതിരെ ഫോക്സ് വാഗൺ സുപ്രീംകോടതിയിലേക്ക്

500 കോടി പിഴ: ഹരിത ട്രിബ്യുണലിന്റെ ഉത്തരവിനെതിരെ ഫോക്സ് വാഗൺ സുപ്രീംകോടതിയിലേക്ക്
Published on

ഫോക്സ് വാഗൺ ഗ്രൂപ്പിന് 500 കോടി പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യുണലിന്റെ ഉത്തരവിനെതിരെ കമ്പനി സുപ്രീംകോടതിയിലേക്ക്. മലിനീകരണ നിയന്ത്രണ പരിശോധന മറികടക്കാന്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമം നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് പിഴ ചുമത്തിയത്.

ഇന്ത്യയിൽ വിറ്റ ഡീസൽ കാറുകളിലാണ് 'ചീറ്റ് ഡിവൈസ്' എന്ന് വിളിപ്പേരുള്ള സോഫ്റ്റ്‌വെയർ ഘടിപ്പിച്ചതെന്നാണ് ട്രിബ്യുണൽ കണ്ടെത്തിയത്. രണ്ടു മാസത്തിനകം തുക ഡെപ്പോസിറ്റ് ചെയ്യാനാണ് ഉത്തരവ്.

എന്നാൽ കമ്പനിയുടെ എല്ലാ കാറുകളും ഇന്ത്യയിലെ എമിഷൻ ചട്ടങ്ങൾ അനുസരിച്ചുള്ളതാണെന്ന് ഫോക്സ് വാഗൺ പറഞ്ഞു. എൻജിടിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണെന്നും കമ്പനി അറിയിച്ചു.

യുഎസിലും യൂറോപ്പിലും വിൽപന നടത്തിയ 11 ദശലക്ഷം ഡീസൽ കാറുകളിൽ ഇത്തരത്തിലുള്ള ചീറ്റ് ഡിവൈസ് ഘടിപ്പിച്ചിരുന്നെന്ന് കമ്പനി സമ്മതിച്ചിരുന്നു.

എന്നാൽ, തങ്ങൾ ഇന്ത്യയിൽ ബിഎസ്-IV ചട്ടങ്ങൾ ലഘിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്.

2018 നവംബറിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലേക്ക് 100 കോടി രൂപ പിഴയടക്കാൻ ഹരിത പാനൽ ഫോക്സ് വാഗനോട് ആവശ്യപ്പെട്ടിരുന്നു. 'ചീറ്റ് ഡിവൈസ്' മൂലം പാരിസ്ഥിതിക നാശനഷ്ടം ഉണ്ടായി എന്നാണ് പാനൽ വിലയിരുത്തിയത്. മിനിസ്ട്രി ഓഫ് ഹെവി ഇൻഡസ്ട്രീസ്, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), നാഷണൽ എൻവിയോണ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ചേർന്ന ഒരു വിദഗ്ധ സമിതിയ്ക്കും പാനൽ രൂപം കൊടുത്തിരുന്നു.

വിദഗ്ധ സംഘം ഉയർന്ന നൈട്രജൻ ഓക്സൈഡ് എമിഷൻ മൂലം ഡൽഹിയിൽ വായുമലിനീകരണം കൂടിയിരിക്കുന്നതായി കണ്ടെത്തി. ഫോക്സ് വാഗൺ ഗ്രൂപ്പിന്റെ കാറുകൾ 2016-ൽ ഏകദേശം 48.678 ടൺ നൈട്രജൻ ഓക്സൈഡ് പുറത്തുവിട്ടതായാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്.

ARAI യുടെ പഠനത്തിന് ശേഷം 3,23,700 വാഹനങ്ങളാണ് ഫോക്സ് വാഗൺ തിരിച്ചുവിളിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com