വോള്‍വോയുടെ 'കുട്ടി എസ്.യു.വി' ഇ.എക്‌സ് 30 എത്തി, ഒറ്റച്ചാര്‍ജില്‍ 480 കിലോമീറ്ററോടും! ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് സ്‌പെഷ്യല്‍ വില

എട്ടു വര്‍ഷത്തെ ബാറ്ററി വാറന്റിയും വാള്‍ ബോക്സ് ചാര്‍ജറും വോള്‍വോ ഉറപ്പുനല്‍കുന്നു
വോള്‍വോ ഇ.എക്‌സ് 30 കേരളത്തില്‍ ലോഞ്ച് ചെയ്യുന്നു
വോള്‍വോ ഇ.എക്‌സ് 30 കേരളത്തില്‍ ലോഞ്ച് ചെയ്യുന്നു
Published on

ഇലക്ട്രിക് വാഹന ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ഇ.എക്‌സ് 30 (EX30) കേരള വിപണിയിലെത്തിച്ച് വോള്‍വോ ഇന്ത്യ. തുടക്കത്തില്‍ ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് വാഹനം 39,99,000 രൂപക്ക് ലഭ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്. ഒക്ടോബര്‍ 19ന് ശേഷം 41 ലക്ഷമായിരിക്കും വില. ബംഗളൂരു ഹൊസക്കോട്ടയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്ന വാഹനം നവംബര്‍ മുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വോള്‍വോ ഇന്ത്യ റീജിയണല്‍ മാനേജര്‍ അമിത് കാലു, വോള്‍വോ കേരള ഡയറക്ടര്‍ അനീഷ് മോഹന്‍, വോള്‍വോ കേരള സിഇഒ കൃഷ്ണകുമാര്‍ ആര്‍ എന്നിവര്‍ പങ്കെടുത്തു.

ഇ.എക്സ് 40, ഇ.സി 40 എന്നീ മോഡലുകളാണ് നിലവില്‍ വോള്‍വോയ്ക്ക് ഇന്ത്യന്‍ വിപണിയിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍. ഇക്കൂട്ടത്തിലേക്കാണ് വോള്‍വോയുടെ ഏറ്റവും അഫോഡബിള്‍ മോഡലെന്ന വിശേഷണത്തോടെ ഇ.എക്‌സ് 30 എത്തുന്നത്. വോള്‍വോയുടെ പ്രശസ്തമായ ഡിസൈന്‍ ലാംഗ്വേജ് പ്രകടമാകുന്ന രീതിയിലാണ് ഇ.എക്‌സ് 30നും ഒരുക്കിയിരിക്കുന്നത്. മുന്നില്‍ മികച്ച രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഗ്രില്ലും കനം കുറഞ്ഞ എല്‍.ഇ.ഡി ഹെഡ്‌ലൈറ്റുകളും തോര്‍ ഹാമര്‍ മാതൃകയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും വാഹനത്തിന് കിടിലന്‍ ലുക്ക് നല്‍കുന്നുണ്ട്. വോള്‍വോ ഇതുവരെ പുറത്തിറക്കിയ ഇലക്ട്രിക് കാറുകളില്‍ ഏറ്റവും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനത്തോത് ഉള്ള കാറാണ് ഇ.എക്‌സ് 30യെന്നും കമ്പനി പറയുന്നു. ഡെനിം, പെറ്റ് ബോട്ടില്‍, അലൂമിനിയം, പിവിസി പൈപ്പുകള്‍ തുടങ്ങിയവ പുനരുപയോഗിച്ചാണ് വാഹനത്തിന്റെ ഇന്റീരിയര്‍ തയാറാക്കിയിരിക്കുന്നത്.

സേഫ്റ്റി വിട്ടൊരു കളിയില്ല

നിര്‍മാണത്തില്‍ സ്‌കാന്‍ഡിനേവിയന്‍ ഡിസൈനുകളും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച വാഹനം യൂറോ എന്‍കാപ് (NCAP) ഇടി പരിശോധനയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങും നേടി. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി കുറയ്ക്കാനായി ഇന്റര്‍സെക്ഷന്‍ ഓട്ടോ-ബ്രേക്ക്, ഡോര്‍ അപ്രതീക്ഷിതമായി തുറക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ തടയാന്‍ ഡോര്‍ ഓപണ്‍ അലേര്‍ട്ട്, 5 ക്യാമറകള്‍, 5 റഡാറുകള്‍, 12 അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പടെ നൂതന സേഫ് സ്പേസ് ടെക്നോളജിയും സുരക്ഷാ ഉപകരണങ്ങളും ഇ.എക്‌സ് 30 യിലുണ്ട്.

എത്ര കിട്ടും!

69 കിലോവാട്ട് അവര്‍(kWh) ശേഷിയുള്ള ബാറ്ററിയാണ് വാഹനത്തിനുള്ളത്. ഒറ്റച്ചാര്‍ജില്‍ 480 കിലോമീറ്ററോടും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് പരമാവധി വേഗത. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.3 സെക്കന്‍ഡ് മതിയാകും. 272 എച്ച്.പി കരുത്തും 343 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാനും വാഹനത്തിന് ശേഷിയുണ്ട്.

സ്‌കാന്‍ഡിനേവിയന്‍ ഋതുഭേദങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് തയാറാക്കിയ ക്യാബിനിലെ അഞ്ച് ആംബിയന്റ് ലൈറ്റിംഗ് തീമുകളും ശബ്ദസംവിധാനവും വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. 1040വാട്ട് ആംപ്ലിഫയറും 9 ഹൈ പെര്‍ഫോമന്‍സ് സ്പീക്കറുകളും അടങ്ങിയ പുതിയ ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട്ബാര്‍, അത്യാധുനിക സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നു. 12.3 ഇഞ്ച് ഹൈ-റെസല്യൂഷന്‍ സെന്റര്‍ ഡിസ്‌പ്ലേയില്‍ ഗൂഗിള്‍ ബില്‍റ്റ്-ഇന്‍, 5G കണക്റ്റിവിറ്റി, ഓവര്‍-ദി-എയര്‍ (OTA) അപ്‌ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. റെഡ് ഡോട്ട് അവാര്‍ഡിലെ ബെസ്റ്റ് ഓഫ് ദ് ബെസ്റ്റ് പ്രോഡക്ട് ഡിസൈന്‍ 2024, വേള്‍ഡ് അര്‍ബന്‍ കാര്‍ ഓഫ് ദി ഇയര്‍ 2024 എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

എട്ടു വര്‍ഷത്തെ ബാറ്ററി വാറന്റിയും വാള്‍ ബോക്സ് ചാര്‍ജറും വോള്‍വോ ഉറപ്പുനല്‍കുന്നു. ഡിജിറ്റല്‍ കീ സൗകര്യം ഉപയോഗിച്ച് കാര്‍ സൗകര്യപൂര്‍വം കൈകാര്യം ചെയ്യാം. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി) സൗകര്യം ഉപയോഗിച്ച് ഒരു കാര്‍ഡ് ടാപ് ചെയ്തോ വോള്‍വോ കാര്‍ ആപ്പിലെ ഡിജിറ്റല്‍ കീ പ്ലസ് ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ കൊണ്ടോ കാര്‍ ഉപയോഗിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com