അന്ന് ആറുമാസം വരെ കാത്തിരിപ്പ്, ഇന്ന് ഓഫറുമായി പുറകെ നടക്കുന്നു; വണ്ടിക്കച്ചവടം കുറയാനുള്ള കാരണമെന്ത്?

വാഹന നിര്‍മാണ കമ്പനികള്‍ കിണഞ്ഞ് ശ്രമിച്ചിട്ടും രാജ്യത്തെ യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ കാര്യമായ പുരോഗതിയൊന്നും കൈവരിക്കാന്‍ കഴിഞ്ഞ മാസങ്ങളില്‍ കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥയും ലോക്‌സഭാ തിരഞ്ഞെടുപ്പുമൊക്കെ കാരണമായി പറയാമെങ്കിലും ഇന്ത്യയിലെ വാഹന വിപണിയ്ക്ക് സംഭവിച്ചതെന്താണ്. ആറുമാസം വരെ കാത്തിരിപ്പു കാലാവധിയുണ്ടായിരുന്ന പല മോഡലുകളും വില്‍ക്കാന്‍ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകള്‍ നല്‍കി ഉപയോക്താവിന് പിന്നാലെ പോകേണ്ട സ്ഥിതിയിലാക്കിയ കാരണങ്ങളെന്താണെന്ന് പരിശോധിക്കാം.

ഇതൊരു റാഡിക്കലായ മാറ്റമല്ല

വാഹന വിപണിയില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് സ്വാഭാവികമായ മാന്ദ്യമാണെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. കോവിഡിന് ശേഷം 36 മാസത്തോളം വാഹന വില്‍പ്പനയില്‍ കാര്യമായ പുരോഗതി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ മൈക്രോ പ്രോസസര്‍ ചിപ്പുകള്‍ക്കുണ്ടായ ക്ഷാമം വാഹന വിപണിയെയും ഉത്പാദനത്തെയും കാര്യമായി ബാധിച്ചു. മിക്ക കമ്പനികളും ഉത്പാദനം വെട്ടിക്കുറച്ചു. പ്രശ്‌നങ്ങളെല്ലാം തീര്‍ന്ന് ഉത്പാദനം പഴയപടിയായപ്പോള്‍ വണ്ടി വാങ്ങാന്‍ ആളുകുറഞ്ഞു. അതോടെ ഷോറൂമുകളില്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 73,000 കോടി രൂപ വിലവരുന്ന ഏഴ് ലക്ഷം കാറുകള്‍ ഷോറൂമുകളിലുണ്ട്. പുതിയ കണക്കുകള്‍ വരുമ്പോള്‍ ഇത് കുറയാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇന്ത്യയില്‍ ഓണത്തോടെ ഉത്സവ സീസണ്‍ ആരംഭിച്ചിരിക്കെ വില്‍പ്പന വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ് ചില വിദഗ്ധര്‍ പറയുന്നത്.

വില കൂടുതലാണ് സാര്‍

വിപണിയില്‍ ഒരുപാട് പുതിയ വാഹനങ്ങള്‍ ലോഞ്ച് ചെയ്യുന്നുണ്ടെങ്കിലും സാധാരണക്കാരന് താങ്ങാവുന്ന മോഡലുകള്‍ കുറവാണ്. നേരത്തെയുണ്ടായിരുന്ന മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പോ അതിനേക്കാള്‍ കൂടിയ മോഡലുകളോ മാത്രമാണ് നിലവില്‍ മിക്ക കമ്പനികളും വിപണിയിലെത്തിക്കുന്നത്. അതാകട്ടെ, സാധാരണക്കാരന് ഒരുതരത്തിലും താങ്ങാവുന്ന വിലയ്ക്കുമാകില്ല. ഇതോടെ ഇരുചക്ര വാഹനത്തില്‍ നിന്നും കാറുകളിലേക്ക് മാറിയിരുന്ന സാധാരണക്കാരന്‍ ബൈക്കില്‍ തന്നെ യാത്ര തുടര്‍ന്നു. എന്‍ട്രി ലെവല്‍ കാറുകള്‍ക്കുണ്ടായിരുന്ന ഡിമാന്‍ഡ് വിപണിയില്‍ വല്ലാതെ കുറയുകയും ചെയ്തു. പിന്നാലെ മാരുതി-സുസുക്കി ഒഴിച്ചുള്ള മിക്ക കമ്പനികളും എന്‍ട്രി ലെവല്‍ ശ്രേണി തന്നെ പിന്‍വലിച്ചു. ഷോറൂമുകളില്‍ വണ്ടി വാങ്ങാന്‍ ആളുവരാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് വാഹന വിലയിലുണ്ടായ വലിയ അന്തരമാണ്. ഏറ്റവും വിലകുറഞ്ഞ കാറെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ വരുന്ന മാരുതിയുടെ ആള്‍ട്ടോ കെ10ന്റെ എക്‌സ്‌ഷോറൂം വില 3.99 ലക്ഷം രൂപയാണ്. നികുതിയും ഇന്‍ഷുറന്‍സും മെയിന്റനന്‍സും അടക്കം വലിയൊരു ഭാരം പിന്നാലെയുണ്ട്. ഇത് കാണുന്ന സാധാരണക്കാരന്‍ ആദ്യ സെര്‍ച്ചില്‍ തന്നെ പുതിയ വാഹനമെന്ന മോഹം ഉപേക്ഷിക്കുകയും ചെയ്യും.

ഇതിലും നല്ലത് വരും, അപ്പോഴെടുക്കാം

പെട്രോള്‍/ഡീസല്‍ വിലയിലുണ്ടായ വര്‍ധനവ് കുറച്ച് ഉപയോക്താക്കളെയെങ്കിലും ബദല്‍ ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളിലേക്ക് മാറാന്‍ ചിന്തിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ധന ഇതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ വലിയൊരളവ് ഉപയോക്താക്കള്‍ ഇനിയും ഇവിയിലേക്ക് മാറാന്‍ സമയമായിട്ടില്ലെന്ന് ചിന്തിക്കുന്നവരാണ്. കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഭാവിയില്‍ വരുമെന്നും അപ്പോള്‍ വണ്ടിയെടുക്കാമെന്നുമാണ് ഇവരുടെ ചിന്ത. പെട്രോള്‍/ഡീസല്‍ വണ്ടി വാങ്ങി 20 വര്‍ഷം കഴിഞ്ഞാല്‍ പൊളിക്കേണ്ടി വന്നാല്‍ എങ്ങനെ മുതലാകുമെന്ന് ചിന്തിക്കുന്നവരും ഏറെയാണ്. വിപണിയില്‍ കാറുകള്‍ക്ക് വില കുറയുമെന്ന് കാത്തിരിക്കുന്നവരുമുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഉപയോക്താക്കളില്‍ വലിയൊരു വിഭാഗവും ആശയക്കുഴപ്പത്തിലാണ്.

മഴ തിമിര്‍ത്തു പെയ്തപ്പോള്‍ പണി കിട്ടിയത് വണ്ടി കമ്പനിക്കാര്‍ക്ക്

ഈ വര്‍ഷം ഏതാണ്ട് ഫെബ്രുവരി മുതല്‍ തുടങ്ങിയ അത്യുഷ്ണവും കൂടെവന്ന പൊതുതിരഞ്ഞെടുപ്പും വാഹന വില്‍പ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് വിപണി രക്ഷപ്പെടുമെന്ന് കരുതിയപ്പോഴാണ് കേരളത്തില്‍ കനത്ത മഴ തുടങ്ങുന്നത്. സംസ്ഥാനത്തുണ്ടായ മഴയും വെള്ളപ്പൊക്കവും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പനയെ ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

Related Articles

Next Story

Videos

Share it