Begin typing your search above and press return to search.
ഥാര്‍ റോക്‌സ് 5 ഡോര്‍ നമ്മളുദേശിച്ച ആളല്ല സാര്‍: ഇവന്‍ നിരത്തുകള്‍ അടക്കിവാഴാന്‍ സാധ്യത, കാരണമിതാണ്
എസ്.യു.വി പ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്രയുടെ ഥാര്‍ റോക്‌സ് 5 ഡോര്‍ പതിപ്പ് വിപണിയിലെത്തി. 12.99 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും പുതിയ എംഗ്ലൈഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ആഢംബരത്തിനൊപ്പം നിരത്തിലെ (ഓഫ്‌റോഡിലും) പ്രകടനത്തിനും ഒരുപോലെ പ്രാമുഖ്യം നല്‍കുന്നുണ്ട്. മികച്ച റോഡ് പ്രസന്‍സും പോക്കറ്റിനിണങ്ങുന്ന വിലയും വാഹനത്തെ ജനപ്രിയമാക്കുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ. ഒപ്പം നേരത്തെ വിപണിയിലെത്തിച്ച ഥാര്‍ 3 ഡോര്‍ വേര്‍ഷന്‍ ഒരു ഫാമിലി കാര്‍ അല്ലെന്ന ആക്ഷേപം ഇതിലൂടെ തിരുത്താമെന്നും കമ്പനി കരുതുന്നു.
എഞ്ചിന്‍
പെട്രോള്‍ ബേസ് വേരിയന്റിന് 12.99 ലക്ഷമാണ് വിലയെങ്കില്‍ 13.99 ലക്ഷം രൂപയ്ക്കാണ് ഡീസല്‍ വേരിയന്റിന്റെ വില തുടങ്ങുന്നത്. 18.99 ലക്ഷം രൂപ വരെയാണ് മറ്റ് വേരിയന്റുകളുടെ വില. രണ്ട് എഞ്ചിന്‍ ഒപ്ഷനുകളിലാണ് വാഹനമെത്തുന്നത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 160 ബി.എച്ച്.പി കരുത്തും 330 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 150 ബി.എച്ച്.പി കരുത്തും 330 എന്‍.എം ടോര്‍ക്കും നല്‍കുന്ന 4 സിലിണ്ടര്‍ 2.2 ലിറ്റര്‍ എംഹോക്ക് എഞ്ചിനാണ് മറ്റൊന്ന്. രണ്ട് എഞ്ചിനുകളിലും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സാണ് നല്‍കിയിരിക്കുന്നത്.
സേഫ്റ്റി മുഖ്യം ബിഗിലേ
നിരത്തുകളിലും ഓഫ്‌റോഡിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകും വിധമാണ് പുതിയ ഥാറിന്റെ ഡിസൈന്‍. സുരക്ഷക്ക് ഏറെ പ്രധാന്യം കൊടുക്കുന്ന വാഹനത്തില്‍ ഏതാണ്ട് 35 സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി കംപോണന്റുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അഡാസ് 2(advanced Driver assistance system) ഫീച്ചറും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഇരട്ട എച്ച്.ഡി സ്‌ക്രീനുകളാണ് നല്‍കിയിരിക്കുന്നത്.മികച്ച സൗണ്ട് ക്വാളിറ്റിക്കായി ഹര്‍മന്‍ കാര്‍ഡന്‍ ആഡിയോ സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പനോരമിക് സണ്‍റൂഫ് വാഹനത്തിന് പ്രീമിയം ലുക്കും നല്‍കുന്നുണ്ട്.
ഫീച്ചറുകള്‍ ഇവ
ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ്, എല്ലാ യാത്രക്കാര്‍ക്കും മൂന്ന് തരത്തില്‍ ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റ്, വിവിധ തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, ആറ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് ലോക്കിംഗ് ഡിഫറന്‍ഷ്യല്‍, പ്രീമിയം ക്വാളിറ്റിയിലുള്ള അപ്‌ഹോള്‍സറി, വയര്‍ലസ് ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ മുന്‍ഭാഗത്ത് പുതുതായി ഡിസൈന്‍ ചെയ്ത ഗ്രില്ല്, ഇംഗ്ലീഷ് അക്ഷരമാലയിലെ സി എന്ന അക്ഷരവുമായി സാദൃശ്യം തോന്നുന്ന എല്‍.ഇ.ഡി ഡി.ആര്‍.എല്‍, പ്രൊജക്ടഡ് ഹെഡ്‌ലാംപുകള്‍ എന്നിവ മികച്ച രീതിയിലാണ് ചേര്‍ത്തിരിക്കുന്നത്. ചതുരാകൃതിയിലുള്ള എല്‍.ഇ.ഡി ടെയില്‍ ലാംപുകളും ബാക്ക് ഡോറില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌റ്റെപ്പിനി ടയറും വാഹനത്തിന് മികച്ച ലുക്കും നല്‍കുന്നുണ്ട്.
നിരത്തുകളില്‍ താരമാകാന്‍ സാധ്യത
മഹീന്ദ്ര ഥാര്‍ റോക്‌സ് ഡോര്‍ ഇന്ത്യന്‍ വാഹനവിപണിയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വാഹനലോകത്തെ സംസാരം. ഓഫ്‌റോഡ് വാഹനങ്ങളുടെ പതിവ് ചിട്ടകളില്‍ നിന്ന് മാറി പ്രായോഗികതയ്ക്ക് കൂടുതല്‍ സ്ഥാനം നല്‍കി, ഫാമിലി കാര്‍ എന്ന പദവി കൂടി ലക്ഷ്യമിട്ടാണ് ആശാന്റെ വരവ്. നേരത്തെ കമ്പനി വിപണിയിലെത്തിയ 3 ഡോര്‍ പതിപ്പിന്റെ പ്രായോഗികതയെക്കുറിച്ച് പരാതി പറഞ്ഞവര്‍ക്കും ഇനി ആശ്വസിക്കാം. പുതിയ വാഹനത്തില്‍ ഈ കുറവുകളെല്ലാം മഹീന്ദ്ര പരിഹരിച്ചിട്ടുണ്ട്. വാഹനം ഓഫ്‌റോഡിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് പ്രതീക്ഷ.
പണി ഇവര്‍ക്ക്
ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള സെഗ്‌മെന്റുകളിലൊന്നാണ് എസ്.യു.വി. ഇത് മുതലെടുത്ത് കൂടുതല്‍ പേരിലേക്ക് എത്താന്‍ മഹീന്ദ്രയ്ക്ക് കഴിയും. മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവരോടാകും ഥാര്‍ റോക്‌സിന്റെ മത്സരം. എന്നാല്‍ റോഡ് പ്രസന്‍സിലും പ്രായോഗികതയിലും ഫീച്ചറുകളിലും ഥാര്‍ റോക്‌സ് തന്നെ മുന്നിലെന്നാണ് വിലയിരുത്തല്‍. 12.74 ലക്ഷം രൂപ മുതലാണ് സുസുക്കി ജിംനിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നതെങ്കിലും വാഹനത്തിന്റെ കുഞ്ഞന്‍ രൂപമാണ് ആളുകളെ പിന്നോട്ടടിക്കുന്നത്. 16.75 ലക്ഷം എക്‌സ്‌ഷോറൂം വിലയുള്ള ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ ഥാര്‍ റോക്‌സിന് പറ്റിയൊരു എതിരാളിയാകുമെന്ന് കരുതാം. എന്നാല്‍ ആധുനിക സൗകര്യങ്ങളുടെ അഭാവം ഗൂര്‍ഖയ്ക്ക് തിരിച്ചടിയാകും. ഇതിന് പുറമെ ഹ്യൂണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലവേറ്റ്, എം.ജി ആസ്റ്റര്‍, മാരുതി ഗ്രാന്റ് വിറ്റാറ, ടൊയോട്ട ഹൈറൈഡര്‍ എന്നിവയ്ക്കും ഭീഷണിയാണ് റോക്‌സ്.
വില ഇങ്ങനെ
എന്‍ട്രി ലെവല്‍ എം.എക്‌സ് വണ്‍ വേരിയന്റ് പെട്രോളിന് 12.99 ലക്ഷം രൂപയും ഡീസലിന് 13.99 ലക്ഷം രൂപയുമാണ് വില. തൊട്ടടുത്ത വേരിയന്റായ എം.എക്‌സ് 3യ്ക്ക് 14.99 ലക്ഷം രൂപയും (പെട്രോള്‍) 15.99 ലക്ഷം രൂപയും (ഡീസല്‍) നല്‍കണം. മൂന്നാമത്തെ വേരിയന്റിന് 16.99 ലക്ഷം രൂപയാണ് വില. 18.99 ലക്ഷം രൂപ നല്‍കിയാല്‍ ടോപ് വേരിയന്റുകളായ എ.സി7എല്‍, എ.എക്‌സ്5എല്‍ എന്നിവ സ്വന്തമാക്കാം. (എല്ലാം എക്‌സ്‌ഷോറൂം വില). സ്റ്റെല്‍ത്ത് ബ്ലാക്ക്, ഡീപ് ഫോറസ്റ്റ്, സിയന്ന, നെബുല ബ്ലൂ, ടാങ്കോ റെഡ്, ബാറ്റില്‍ഷിപ്പ് ഗ്രേ, എവറസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിലാണ് വാഹനം ലഭിക്കുക.
Next Story
Videos