ഇ-മൊബിലിറ്റി: കേരളം ഒന്നാമതെത്തുമോ?
ഇലക്ട്രിക്ക് വാഹങ്ങളെക്കുറിച്ച് വായിക്കുകയോ കേൾക്കുകയോ ചെയ്യാത്ത ദിവസം ഇപ്പോൾ ഉണ്ടാകാറില്ല എന്നുതന്നെ പറയാം. 2030 മുതൽ എല്ലാ വാഹനങ്ങളും ഇലക്ട്രിക്ക് ആക്കാനുള്ള വൻ പദ്ധതിയാണ് കേന്ദ്ര സർക്കാരിനുള്ളത്. ഇക്കാര്യത്തിൽ കേരളവും പിന്നിലല്ല. ഇലക്ട്രിക് വാഹന നയവുമായി മുന്നോട്ടു വന്ന ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
സർക്കാർ കണക്കുകൂട്ടുന്ന പോലെ കാര്യങ്ങൾ മുന്നോട്ടു പോകുകയാണെങ്കിൽ, ആരോഗ്യ-ജീവിത നിലവാര സൂചികകളുടേതെന്ന പോലെ ഇക്കാര്യത്തിലും കേരളത്തിന് ഒന്നാമതെത്താം. കഴിഞ്ഞ ദിവസം സമാപിച്ച 'ഇവോൾവ്' കേരള മൊബിലിറ്റി സമ്മേളനം ഇതിലേക്കുള്ള പുതിയ ചവിട്ടുപടിയാണ്.
ഇവോൾവിന്റെ ഭാഗമായി കേരളത്തിലെ ആദ്യ ചാർജിങ് സ്റ്റേഷൻ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തിരുന്നു. ഇടപ്പള്ളിയിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പിലാണ‌് ചാർജിങ് സ‌്റ്റേഷൻ. ദക്ഷിണേന്ത്യയിൽ ഹൈദരാബാദിൽ മാത്രമാണ‌് വൈദ്യുത വാഹനങ്ങൾക്ക‌് പൊതു ചാർജിങ് സ‌്റ്റേഷനുള്ളത‌്.
പവർ ഗ്രിഡ‌് കോർപറേഷനുമായി ചേർന്നാണ‌് ഐഒസി ചാർജിങ് സ‌്റ്റേഷൻ സജ്ജീകരിച്ചത‌്. ഇവിടെ സെപ്റ്റംബർ 30 വരെ സൗജന്യമായി വാഹനങ്ങൾക്ക‌് വൈദ്യുതി നിറയ‌്ക്കാം. 90 മിനിറ്റിൽ വാഹനം പൂർണമായും ചാർജ‌് ചെയ്യാനാകും.
2022 ഓടെ 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
വൈദ്യുത വാഹന നിർമ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) 8000 വൈദ്യുത ഓട്ടോറിക്ഷകൾ ഓരോ വർഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ് യു ആണ് കെ എ എൽ. കെ എസ് ആർ ടി സിക്കു വേണ്ടി 3000 ഇബസുകളും നിർമ്മിക്കും. ഇ-ബസ് നിർമ്മാണത്തിന് യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്.