എസ്.യു.വി വിപണി: ടാറ്റയെ നേരിടാന്‍ മാരുതിക്കാകുമോ?

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ രാജ്യത്തെ പാസഞ്ചര്‍ വാഹന വില്‍പനയില്‍ മാരുതി സുസുക്കിയുടെ വിപണിവിഹിതം 50 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷത്തെ (2022-23) വിഹിതം 40.92 ശതമാനം. വാന്‍, ഹാച്ച്ബാക്ക്, സെഡാന്‍, എം.പി.വി എന്നീ ശ്രേണികള്‍ (നോണ്‍-എസ്.യു.വി) പരിഗണിച്ചാല്‍ മാരുതിക്ക് 63 ശതമാനം വിഹിതമുണ്ട്. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്കുകളിലെ (ചെറു കാര്‍ ശ്രേണി) വിഹിതം 70 ശതമാനമാണ്.

എന്നാല്‍, വലിയ സ്വീകാര്യതയുമായി മികച്ച വളര്‍ച്ച നേടുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി) ശ്രേണിയില്‍ മാരുതിക്ക് വെറും 12 ശതമാനം വിഹിതമേയുള്ളൂ. മൊത്തം പാസഞ്ചര്‍ വാഹന വില്‍പനയില്‍ 47 ശതമാനം പങ്കുവഹിക്കുന്ന എസ്.യു.വി വിപണിയിലെ ലീഡര്‍ ടാറ്റാ മോട്ടോഴ്‌സാണ്. കോംപാക്റ്റ് എസ്.യു.വി വില്‍പനയില്‍ 31 ശതമാനവും ടാറ്റയുടെ മോഡലുകളാണ്.
ടാറ്റയെ മറികടക്കാനാകുമോ?
ബ്രെസ, ജിംനി, ഫ്രോന്‍ക്‌സ്, ഗ്രാന്‍ഡ് വിറ്റാര എന്നിവയിലൂടെ ടാറ്റയുടെ ആധിപത്യം കുറയ്ക്കാമെന്നാണ് മാരുതി കരുതുന്നത്.. ഇന്ത്യയിലെ മൊത്തം എസ്.യു.വി വിപണിയില്‍ ഇടത്തരം (മിഡ്-സൈസ്) എസ്.യു.വികളുടെ വിഹിതം 21 ശതമാനമാണ്. ടാറ്റ ഹാരിയര്‍, ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയര്‍. എന്‍ട്രി-ലെവല്‍ ശ്രേണിയാണ് 23 ശതമാനവുമായി മുന്നില്‍. ഈ വിഭാഗത്തിലാണ് മാരുതിയുടെ ബ്രെസയുള്ളത്. എതിരാളികളാകട്ടെ ടാറ്റ നെക്‌സോണ്‍, ടാറ്റാ പഞ്ച്, കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യൂ തുടങ്ങിയവയും.
എസ്.യു.വി വിഭാഗത്തിലും വളര്‍ച്ച നേടാന്‍ മാരുതി മുന്നോട്ടുവയ്ക്കുന്ന തന്ത്രം ഉപയോഗത്തിന് അനുസരിച്ചുള്ള മോഡലുകള്‍ അവതരിപ്പിക്കുകയാണ്. ഉദാഹരണത്തിന് എന്‍ട്രി-ലെവല്‍ എസ്.യു.വി വിഭാഗത്തിലാണ് ബ്രെസ. ലൈഫ്‌സ്റ്റൈല്‍ എസ്.യു.വി ശ്രേണിയിലാണ് ജിംനി. നഗരങ്ങളിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതാണ് ഫ്രോന്‍ക്‌സ്. പെര്‍ഫോമന്‍സിലും ടെക്‌നോളജിയിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്തവരെ ലക്ഷ്യമിട്ടുള്ളതാണ് ഗ്രാന്‍ഡ് വിറ്റാര.
നിലവില്‍ ഇന്ത്യന്‍ എസ്.യു.വി വിപണിയില്‍ 46 മോഡലുകളുണ്ട്. ഇതില്‍ മാരുതിക്കുള്ളത് 4 മോഡലുകള്‍. നിലവിലെ 12 ശതമാനത്തില്‍ നിന്ന് ഇവയുടെ കരുത്തില്‍ ഏതാനും വര്‍ഷത്തിനകം 25 ശതമാനത്തിലേക്ക് വിപണിവിഹിതം ഉയര്‍ത്താനാണ് മാരുതി ലക്ഷ്യമിടുന്നത്. ഇതുവഴി വിപണിയില്‍ ഒന്നാംസ്ഥാനം നേടാനാകുമെന്നും മാരുതി പ്രതീക്ഷിക്കുന്നു.
കൂടുതല്‍ നിക്ഷേപം
2030ഓടെ നിലവിലെ ഉത്പാദനശേഷി ഇരട്ടിയോളം വര്‍ദ്ധിപ്പിച്ച് 40 ലക്ഷം വാഹനങ്ങളാക്കാനായി 45,000 കോടി രൂപയുടെ നിക്ഷേപം മാരുതി ആലോചിക്കുന്നുണ്ട്. കൈവിട്ടുപോയ വിപണിവിഹിതം തിരിച്ചുപിടിക്കുകയാണ് പ്രധാന ലക്ഷ്യം. 2.50 ലക്ഷം വീതം ഉത്പാദനശേഷിയുള്ള എട്ട് അസംബ്‌ളിംഗ് സൗകര്യങ്ങള്‍ രണ്ട് പ്ലാന്റുകളിലായി ഇതിനായി ഒരുക്കും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it