ഷോക്കാകാൻ ഇലക്ട്രിക് വാഹനവില; ഒറ്റക്കമ്പനി ഒഴികെ എല്ലാവരും വില കൂട്ടി, പുതിയവില ഇങ്ങനെ
വൈദ്യുത ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രം അടുത്തിടെ അവതരിപ്പിച്ച പുത്തന്‍ വൈദ്യുതവാഹന നയമാണ് 'ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024'. 500 കോടി രൂപയുടെ പദ്ധതി. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (FAME-II) പദ്ധതിയുടെ രണ്ടാംഘട്ടം അവസാനിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ഈ പദ്ധതിയുടെ വരവ്. 2024 മാര്‍ച്ച് 31ന് ഫെയിം-II പദ്ധതി അവസാനിച്ചു.
പുത്തന്‍ ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 പദ്ധതി പ്രകാരം വൈദ്യുത ഇരുചക്രവാഹനങ്ങള്‍ക്ക് ബാറ്ററി കിലോവാട്ട് അവറിന് (kwH) 5,000 രൂപ വീതം സബ്‌സിഡി അനുവദിക്കും. 10,000 രൂപയാണ് പരമാവധി ലഭിക്കുന്ന സബ്‌സിഡി. ഈ വിഭാഗത്തിനുള്ള മൊത്തം അടങ്കല്‍ തുക 333.39 കോടി രൂപയാണ്. ഫെയിം-II പദ്ധതി പ്രകാരം കിലോവാട്ട് അവറിന് കുറഞ്ഞ സബ്‌സിഡി തുക 10,000 രൂപയായിരുന്നു. ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 പ്രകാരം വൈദ്യുത വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വില കൂടുതല്‍ ആയിരിക്കും.
പുത്തന്‍ വില ഇങ്ങനെ
പ്രമുഖ വൈദ്യുത ഇരുചക്ര വാഹന കമ്പനിയയായ ഏഥറിന്റെ 450എസിന്റെ വില 1.16 ലക്ഷം രൂപയായി ഉയര്‍ന്നു. ഏഥര്‍ 450X 2.9kWh, ഏഥര്‍ 450X 3.7kWh വാഹനങ്ങളുടെ വില യഥാക്രമം 1.41 ലക്ഷം രൂപയായും 1.55 ലക്ഷം രൂപയായും ഉയര്‍ന്നിട്ടുണ്ട്. ടി.വി.എസ് ഐക്യൂബിന്റെ വില 1.37 ലക്ഷമായി വര്‍ധിച്ചു. ഐക്യൂബ് എസിന്റെത് 1.47 ലക്ഷമായും.
ബജാജ് ചേതക് അര്‍ബന്‍ 1.23 ലക്ഷം രൂപയിലേക്കും ചേതക് പ്രീമിയം 12,000 രൂപ വരെ വില വര്‍ധനയോടെ 1.47 ലക്ഷം രൂപയിലേക്കും ഉയര്‍ന്നു. ഹീറോയുടെ വിദാ വി വണ്‍ പ്ലസിന്റെ വില 1.13 ലക്ഷം രൂപയില്‍ നിന്ന് 1.19 രൂപയാക്കുകയും വിദാ വി വണ്‍ പ്രൊ 1.40 ലക്ഷം രൂപയില്‍ നിന്ന് 1.44 ലക്ഷം രൂപയാക്കുകയും ചെയ്തു.
അതേസമയം ഓല ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. വില്‍പ്പന നിലവിലെ വിലയില്‍ ഏപ്രില്‍ 15 വരെ നീട്ടിയിട്ടുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു.
ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 പദ്ധതി പ്രകാരം റിക്ഷകള്‍ക്കും കാര്‍ട്ടുകള്‍ക്കും കിലോവാട്ട് അവറിന് 5,000 രൂപ സബ്‌സിഡി ലഭിക്കും. പരമാവധി 25,000 രൂപയും. ഈ വിഭാഗത്തിനുള്ള മൊത്തം അടങ്കല്‍ തുക 33.97 കോടി രൂപയാണ്. എല്‍5 വൈദ്യുത മുച്ചക്ര വാഹനങ്ങള്‍ക്ക് ബാറ്ററി കിലോവാട്ട് അവറിന് സബ്‌സിഡി 5,000 രൂപയാണ്. പരമാവധി 50,000 രൂപയും. മൊത്തം ചെലവ് 126.19 കോടി രൂപയാണ് കണക്കാക്കുന്നത്. വൈദ്യുത മുച്ചക്ര വാഹനങ്ങള്‍ക്ക് ഫെയിം-II പദ്ധതി പ്രകാരം കുറഞ്ഞ സബ്‌സിഡി തുക 50,000 രൂപയായിരുന്നു.
ജൂലൈ വരെ നീളുന്ന 4 മാസത്തെ ഈ പ്രോത്സാഹന പദ്ധതി 3.33 ലക്ഷം ഇരുചക്രവാഹനങ്ങളും 38,828 മുച്ചക്രവാഹനങ്ങളും ഉള്‍പ്പെടെ 3.72 ലക്ഷം വൈദ്യുത വാഹനങ്ങളെ പിന്തുണയ്ക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഈ പദ്ധതിക്ക് കീഴില്‍ നാലുചക്ര വാഹനങ്ങളും (കാര്‍) വൈദ്യുത ബസുകളും ഉള്‍പ്പെടില്ല. അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി അധികാരത്തിലേറുകയാണെങ്കില്‍ ഫെയിം- III സബ്‌സിഡി പ്രഖ്യാപിച്ചേക്കുമെന്ന് നീതി ആയോഗിന്റെ മുന്‍ സി.ഇ.ഒ അമിതാഭ് കാന്ത് അടുത്തിടെ സൂചന നല്‍കിയിരുന്നു.