എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ ഹൈബ്രിഡ് ഫ്ലെക്സ് ഫ്യൂവല്‍ ഇന്നോവ എത്തി

അന്തരീക്ഷ സൗഹൃദ ഇന്ധനമായ എഥനോളില്‍ ഓടുന്ന ടൊയോട്ട ഇന്നോവ എം.പി.വി പുറത്തിറങ്ങി. ഇന്നോവ ഹൈക്രോസിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡല്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഔദ്യോഗികമായി പുറത്തിറക്കിയത്. പൂര്‍ണ്ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ കാറാണിത്. ഇത്തരം സൗകര്യങ്ങളില്‍ എത്തുന്ന പ്രോട്ടേടൈപ്പ് കാറാണിത്.

ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിന്‍

ഒന്നില്‍ കൂടുതല്‍ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എഞ്ചിനാണ് ഫ്ലെക്സ് എഞ്ചിനുകള്‍. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. 20 ശതമാനത്തില്‍ കൂടുതല്‍ എഥനോള്‍ മിശ്രിതമുള്ള പെട്രോളില്‍ ഓടാന്‍ കഴിയുന്ന കാറുകള്‍ക്കുള്ളതാണ് ഫ്ലെക്സ്-ഫ്യുവല്‍ എഞ്ചിന്‍. എഥനോളില്‍ പ്രവര്‍ത്തിക്കുന്നതിന് പുറമെ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാനും ഇ.വി മോഡില്‍ പ്രവര്‍ത്തിക്കാനും ഇലക്ട്രിഫൈഡ് ഫ്ലെക്സ്-ഫ്യുവല്‍ ഇന്നോവയ്ക്ക് കഴിയും.

ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

കരിമ്പ്, ചോളം, ബാര്‍ലി തുടങ്ങിയ കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു പുനരുപയോഗ ഇന്ധനമാണ് എഥനോള്‍. ഇത്തരം ജൈവമാലിന്യം ഉപയോഗിച്ചുള്ള എഥനോള്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യയ്ക്ക് വലിയ സാധ്യതകളാണുള്ളത്.മറ്റ് ഫോസില്‍ ഇന്ധനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഥനോള്‍ ചെലവ് കുറഞ്ഞ ഒന്നാണ്. മാത്രമല്ല ഇത് പെട്രോള്‍, ഡീസല്‍ എന്നിവയെ പോലെ വായുമലിനീകരണം ഉണ്ടാക്കില്ല. ഫ്ലെക്സ് ഇന്ധന വാഹനങ്ങളുടെ ഇന്ധനക്ഷമത സമാനമായ പെട്രോള്‍ വാഹനങ്ങളേക്കാള്‍ നേരിയ തോതില്‍ കുറവാണെങ്കിലും എഥനോള്‍ ഇന്ധനത്തിന്റെ കുറഞ്ഞ ഇന്ധനച്ചെലവിന് ഈ നഷ്ടം നികത്താന്‍ കഴിയും.

ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കും

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്ലെക്സ്-ഫ്യുവല്‍ എം.പി.വിയില്‍ ലിഥിയം-അയണ്‍ ബാറ്ററി പാക്കും ഉണ്ടാകും. ഇ.വി മോഡില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നതിന് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഈ ഇന്നോവയ്ക്ക് കഴിയും. പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും സംയോജിപ്പിക്കുന്ന ഹൈബ്രിഡ് പവര്‍ട്രെയിനായിരിക്കും ഇതിന് കരുത്തേകുക. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 181 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്നു.

ഏഴ് സീറ്റുള്ള ക്യാബിന്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിവേഴ്സ് ക്യാമറ, പാര്‍ക്കിംഗ് അസിസ്റ്റ് സിസ്റ്റം എന്നിവ ഈ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി (എ.ആര്‍.എ.ഐ) സഹകരിച്ച് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം) വികസിപ്പിച്ചെടുത്തതാണ് ഈ മോഡല്‍. വിപണിയിലിറങ്ങുന്നതിനെ കുറിച്ചോ, ഇതിന്റെ വിലയെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it