Begin typing your search above and press return to search.
മത്സരം കടുക്കുന്നു; ഇലക്ട്രിക് വാഹന വിപണിയിലേക്കെത്താന്‍ തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി ഷവോമിയും
ഇലക്ട്രിക് വാഹന വിപണിയിലേക്ക് തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കുകയാണ് ചൈനീസ് ഗാഡ്ജറ്റ് നിര്‍മാതാക്കളായ ഷവോമി. സിഎന്‍ബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, ഷവോമിയുടെ സബ്സിഡിയറി വിഭാഗത്തിന്റെ പേര് ഷവോമി ഇ വി ഇന്‍ക് എന്നാണ്.
മുമ്പ് പ്രഖ്യാപിച്ച 10 ബില്യണ്‍ യുവാന്‍ (1.55 ബില്യണ്‍ ഡോളര്‍) മൂലധനത്തോടെയാണ് കമ്പനി രജിസ്‌ട്രേഷന്‍ നടന്നിട്ടുള്ളത്.
നിലവില്‍ 300 ജീവനക്കാരാണ് കമ്പനിയുടെ ഇ വി വിഭാഗത്തില്‍ ജോലിചെയ്യുന്നതെന്നും ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ ലീ ജുന്‍ ആയിരിക്കും ബിസിനസ് നയിക്കുകയെന്നും കമ്പനി അറിയിച്ചു.
ബീജിംഗ് ആസ്ഥാനമായുള്ള സ്ഥാപനം ഇലക്ട്രിക് കാര്‍ ബിസിനസ് ആരംഭിക്കുമെന്നും അടുത്ത ദശകത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും പദ്ധതിയിടുന്നതായി മാര്‍ച്ചിലാണ് പ്രഖ്യാപിച്ചത്.
ഇപ്പോള്‍ തന്നെ ചൈനയിലെ ഇലക്ട്രിക് കാര്‍വിപണിയില്‍ ടെസ്ല, വാറന്‍ ബഫറ്റ് പിന്തുണയുള്ള ബിവൈഡി, നിയോ, എക്‌സ്‌പെംഗ് തുടങ്ങി നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ മത്സരമുറപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കിടയിലേക്കാകും ഷവോമിയും എത്തുക.
ഷവോമി ബ്രാന്‍ഡിന്റെ മൊബൈല്‍ ബ്രാന്‍ഡിന് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. സാങ്കേതിക വിദ്യാ മുന്നേറ്റത്തിനൊപ്പം ബജറ്റിനിണങ്ങിയ മോഡലുകളാണ് ഷവോമിയെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആക്കി നിലനിര്‍ത്തുന്നതെങ്കില്‍ അത്തരത്തില്‍ തന്നെ ബജറ്റ് ഇ വി കളായിരിക്കുമോ വാഹന ശ്രേണിയിലും ഉള്‍പ്പെടുത്തുക എന്നാണ് ഉപഭോക്താക്കള്‍ ഉറ്റുനോക്കുന്നത്.
Next Story
Videos