മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ പ്ലാറ്റ്‌ഫോമില്‍ യമഹയുടെ ഇ.വി സ്‌കൂട്ടര്‍ വരുന്നു, പ്രേമലുവിലെ വണ്ടിയെ പൊക്കി ജപ്പാന്‍ കമ്പനി

മലയാളികളായ അരവിന്ദും മണിയും വിപിന്‍ ജോര്‍ജും സ്ഥാപിച്ച റിവര്‍ ഇന്‍ഡിയില്‍ കഴിഞ്ഞ വര്‍ഷം 40 മില്യന്‍ ഡോളര്‍ യമഹ നിക്ഷേപിച്ചിരുന്നു
image: @river/pr
image: @river/pr
Published on

അഫോര്‍ഡബിള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലെത്തിക്കാന്‍ ഒരുങ്ങി യമഹ മോട്ടോര്‍സ്. ഇപ്പോള്‍ വിപണിയിലുള്ള റിവര്‍ ഇന്‍ഡി മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാകുമിത്. ആര്‍.വൈ01 (RY01) എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ റിവര്‍ ഇന്‍ഡിയുടെ അതേ ബാറ്ററി സംവിധാനവും പ്ലാറ്റ്‌ഫോമും ആയിരിക്കും ഉപയോഗിക്കുക. മലയാളികളായ അരവിന്ദും മണിയും വിപിന്‍ ജോര്‍ജും സ്ഥാപിച്ച റിവര്‍ ഇന്‍ഡിയില്‍ കഴിഞ്ഞ വര്‍ഷം 40 മില്യന്‍ ഡോളര്‍ (ഏകദേശം 340 കോടി രൂപ) യമഹ നിക്ഷേപിച്ചിരുന്നു.

ഇക്കൊല്ലമെത്തും

യമഹയുടെ പുതിയ സ്‌കൂട്ടര്‍ ഇക്കൊല്ലം തന്നെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ഇന്ത്യ, യു.എസ്.എ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ഗ്ലോബല്‍ എഞ്ചിനീയറിംഗ് സംഘങ്ങളുടെ നേതൃത്വത്തിലാകും വാഹനം ഡിസൈന്‍ ചെയ്യുന്നത്. എന്നാല്‍ വാഹനത്തിന്റെ എഞ്ചിനീയറിംഗ്, ടെസ്റ്റിംഗ്, ഗവേഷണങ്ങള്‍ എന്നിവ റിവര്‍ ആയിരിക്കും ചെയ്യുക. അതായത് വാഹനം യമഹ ഡിസൈന്‍ ചെയ്യുകയും റിവറിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബംഗളൂരുവില്‍ നിര്‍മിക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഇന്ത്യയില്‍ നിന്ന് തന്നെയാകും.

എന്തുകൊണ്ട് റിവര്‍?

വലിയൊരു റിസര്‍ച്ച് ടീം സ്വന്തമായുണ്ടായിട്ടും എന്തുകൊണ്ടാണ് യമഹ ഒരു ഇന്ത്യന്‍ കമ്പനിയുമായി സഹകരിച്ചതെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ഇതിലൂടെ യമഹക്ക് വലിയ നേട്ടമുണ്ടാകുമെന്നതാണ് സത്യം. നിലവിലുള്ള ഒരു പ്ലാറ്റ്‌ഫോമില്‍ ബാറ്ററിയില്‍ ഓടുന്ന സ്‌കൂട്ടര്‍ നിര്‍മിക്കുന്നതിലൂടെ ചെലവ് വെട്ടിച്ചുരുക്കാന്‍ യമഹക്ക് സാധിക്കും. വില നോക്കി വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ ഉള്ള ഇന്ത്യന്‍ വിപണിയില്‍ മികച്ച വിലയില്‍ സ്‌കൂട്ടര്‍ എത്തിക്കാനും യമഹക്ക് കഴിയും. കൂടാതെ അടുത്തിടെ യൂറോപ്പില്‍ യമഹ പുറത്തിറക്കിയ ഇ-സ്‌കൂട്ടറുകള്‍ ചെറിയ വേഗത മാത്രം കൈവരിക്കാനാകുന്നതാണ്. അവക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രസക്തിയില്ല. മികച്ച പെര്‍ഫോമന്‍സ് നല്‍കാന്‍ കഴിയുന്ന നല്ലൊരു മോഡലിനേ ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. യമഹ-റിവര്‍ കൂട്ടുകെട്ടിന് ഇതാകും കാരണമെന്നും വാഹന ലോകം കരുതുന്നു.

ഇതിന് പുറമെ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ വിപണിയിലേക്കായി പുതിയൊരു ഇവി മോഡലും യമഹ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത് അടുത്ത സാമ്പത്തിക വര്‍ഷം (2026-27) വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

വമ്പന്‍മാരെ വെട്ടി റിവര്‍

2021ല്‍ ബംഗളൂരു ആസ്ഥാനമായി തുടങ്ങിയ റിവര്‍ 2023ലാണ് ആദ്യ മോഡലായ ഇന്‍ഡി പുറത്തിറക്കുന്നത്. 4 കിലോവാട്ട് അവര്‍ (kWh) ബാറ്ററിയില്‍ 161 കിലോമീറ്റര്‍ റേഞ്ച് ഈ വാഹനത്തിന് ലഭിക്കും. ഇതുവരെ കമ്പനിയില്‍ 575 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയില്‍ ലഭിച്ചത്. നിലവില്‍ കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഷോറൂം ആരംഭിച്ചിട്ടുണ്ട്. യമഹയുമായി പങ്കാളിത്തം ആരംഭിച്ചാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വളരാനും കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

Yamaha's debut electric scooter in India, the RY01, built on River Indie's platform, is slated for a late 2025 launch, combining Yamaha's design with River's EV technology

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com