

എല്ലാ ഡിസംബറും വാഹന ലോകത്തിന് പ്രിയപ്പെട്ടതാണ്. ഇയര്‍ എന്‍ഡ് ഓഫറുകള്‍ എന്ന പേരില്‍ ഡിസ്‌ക്കൗണ്ട് വ്യാപാരം നടക്കുന്ന സമയമാണിത്. എന്നാല്‍ ഇക്കുറി ഇന്ത്യന്‍ വാഹന വിപണിയിലെ ഇയര്‍ എന്‍ഡ് ഓഫറുകള്‍ അല്‍പ്പം വ്യത്യാസമാണ്. സെപ്റ്റംബറില്‍ ജി.എസ്.ടി നിരക്കിളവും ഓഫറുകളും പ്രഖ്യാപിച്ചതോടെ പല മോഡലുകളുടെയും വില കുറഞ്ഞു. ഇതോടെ വില്‍പ്പനയും ഡിമാന്‍ഡും വര്‍ധിച്ചു. ഡിസംബറില്‍ പുതിയ ഓഫറുകളുമായാണ് ബ്രാന്‍ഡുകളുടെ വരവ്. എല്ലാ മോഡലുകള്‍ക്കും ഓഫര്‍ നല്‍കുന്നതിന് പകരം തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് മാത്രമാണ് ഇളവ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളാണ് കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2026ന്റെ തുടക്കത്തില്‍ തന്നെ രാജ്യത്ത് വാഹന വില വര്‍ധിക്കാനാണ് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
ഏതാണ്ടെല്ലാ കമ്പനികളും ജി.എസ്.ടി നിരക്കിളവിന് പുറമെ പ്രത്യേക ഓഫറുകളും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സെല്‍റ്റോസിന് 1.46 ലക്ഷം രൂപ വരെയും സിറോസിന് 1.18 ലക്ഷം രൂപ വരെയുമാണ് ഓഫര്‍ നല്‍കുന്നതെന്ന് ഇഞ്ചിയോണ്‍ കിയ അറിയിച്ചു. കൂടാതെ, ക്ലാവിസ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ക്ക് 90,620 രൂപ വരെയും ക്ലാവിസ് ഇവി മോഡലിന് 80,620 രൂപ വരെയും സോണറ്റിന് 58,750 രൂപ വരെയും ഓഫറുണ്ട്. എം.ജി ഗ്ലോസ്റ്റര്‍, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി മോഡലുകള്‍ക്ക് നാല് ലക്ഷം രൂപ വരെയാണ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട എലവേറ്റിന് 1.76 ലക്ഷം, ഹോണ്ട സിറ്റിക്ക് 1.58 ലക്ഷം, ഫോക്‌സ്‌വാഗണ്‍ വിര്‍ടസിനും ജീപ്പ് കോമ്പസിനും 2.5 ലക്ഷം എന്നിങ്ങനെയും ഇളവ് ലഭിക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്.
അതേസമയം, ഡീസല്‍, പെട്രോള്‍ വാഹനങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചതോടെ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്‍ഡില്‍ ചെറിയ ഇടിവുണ്ടായെന്നാണ് വിലയിരുത്തല്‍. ഇന്റേണല്‍ കമ്പസ്റ്റന്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കിയാണ് കുറച്ചത്. ഇതോടെ പല വാഹനങ്ങളുടെയും വില 2019ലേതിന് തുല്യമായി. ഇലക്ട്രിക് വാഹനങ്ങളുമായുള്ള വില വ്യത്യാസം വര്‍ധിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വാങ്ങുന്നതാണ് ഉചിതമെന്ന തീരുമാനത്തിലാണ് പല ഉപയോക്താക്കളെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കി ഡിമാന്‍ഡ് തിരിച്ചുപിടിക്കാന്‍ കമ്പനികള്‍ ഒരുങ്ങുന്നത്. മഹീന്ദ്ര, ടാറ്റ, ഹ്യൂണ്ടായ്, കിയ തുടങ്ങിയ പ്രധാന കമ്പനികളെല്ലാം റെക്കോഡ് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ടിയാഗോക്ക് 1.65 ലക്ഷം വരെയും നെക്‌സോണിന് 1.5 ലക്ഷം വരെയും പഞ്ചിന് 1.75 ലക്ഷം വരെയും കര്‍വിന് 3.5 ലക്ഷം രൂപ വരെയുമാണ് ടാറ്റ ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. എക്‌സ്.ഇ.വി 9ഇക്ക് 3.8 ലക്ഷവും ബി.ഇ 6ന് 2.5 ലക്ഷവും ഇളവ് നല്‍കുമെന്ന് മഹീന്ദ്രയും അറിയിച്ചിട്ടുണ്ട്. ഇ.വി 6 എന്ന മോഡലിന് 15.20 ലക്ഷം രൂപയാണ് കിയ ഇളവ് പ്രഖ്യാപിച്ചത്. അയോണിക്കിന് 7 ലക്ഷം രൂപ വരെയാണ് ഡിസ്‌ക്കൗണ്ട്. ഇതുകൂടാതെ എക്‌സ്‌ചേഞ്ച് ബോണസുകളും കോര്‍പറേറ്റ് ഡിസ്‌ക്കൗണ്ടുകളും മറ്റ് പല ക്യാഷ് ഡിസ്‌ക്കൗണ്ടുകളും കമ്പനികള്‍ നല്‍കുന്നുണ്ട്.
അതിനിടെ 2026ന്റെ തുടക്കത്തില്‍ ഏതാണ്ടെല്ലാ മോഡലുകള്‍ക്കും വില കൂടുമെന്ന് ഉറപ്പായിട്ടുണ്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ വാഹന വില വര്‍ധിപ്പിക്കുന്നത് മിക്ക കമ്പനികളുടെയും പതിവാണ്. നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചതും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് ഇക്കുറി വില വര്‍ധനവിന് കാരണം. നിര്‍മാണ ചെലവ് ഉയര്‍ന്നിട്ടും കഴിഞ്ഞ ഒമ്പത് മാസമായി വില കൂട്ടിയിട്ടില്ലെന്നാണ് കമ്പനികള്‍ പറയുന്നത്. അധിക ഭാരം ഉപയോക്താവിലേക്ക് കൈമാറാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.
ഇതോടെ ജി.എസ്.ടി ഇളവിന്റെ നേട്ടവും ഏതാണ്ട് അവസാനിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ എത്ര രൂപ വീതമാണ് വില വര്‍ധിക്കുകയെന്ന് ഇതുവരെ കമ്പനികള്‍ സൂചന നല്‍കിയിട്ടില്ല. അതേസമയം, വില വര്‍ധിക്കുന്നതോടെ വിപണിയില്‍ ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine