

ആഡംബരവും സുരക്ഷയും നൂതന സാങ്കേതികവിദ്യയും ഒരുമിപ്പിച്ച് വോള്‍വോയുടെ പുതിയ ഇലക്ട്രിക് ഫ്ളാഗ്ഷിപ്പ് എസ്.യു.വിയായ ഇഎക്‌സ് 90 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
വോള്‍വോ കാര്‍ ഇന്ത്യയുടെ ആദ്യ സോഫ്റ്റ്വെയര്‍ അധിഷ്ഠിത വാഹനമായ ഇഎക്‌സ് 90 ആറ് സീറ്റുകളുമായാണ് എത്തുന്നത്. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില 1.25 കോടി രൂപയാണ്. ഡിസംബര്‍ 31 വരെ ബുക്കിങ് നടത്തുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഡല്‍ഹിയില്‍ നടന്ന 90-90 ഷോയിലാണ് വാഹനം അവതരിപ്പിച്ചത്.
106 കിലോവാട്ട് അവര്‍ ബാറ്ററിയും ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സിസ്റ്റവുമാണ് ഇഎക്‌സ് 90 യുടെ പ്രധാന ആകര്‍ഷണം. 456 എച്ച്പി കരുത്തും 670 എന്‍എം ടോര്‍ക്കും വാഹനത്തിന് 5.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനാകും. 725 കിലോമീറ്റര്‍ വരെയാണ് കമ്പനി അവകാശപ്പെടുന്ന റേഞ്ച്.
അഞ്ച് ക്യാമറകള്‍, അഞ്ച് റഡാറുകള്‍, 12 അള്‍ട്രാസോണിക് സെന്‍സറുകള്‍ എന്നിവയടങ്ങിയ സുരക്ഷാ സംവിധാനമാണ് ഇഎക്‌സ് 90യിലുള്ളത്. 360 ഡിഗ്രി 3ഡി ക്യാമറ, പൈലറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, യാത്രക്കാരെ തിരിച്ചറിയുന്ന സംവിധാനം, കൂട്ടിയിടി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കൊപ്പം സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റുകളിലൂടെ വാഹനത്തിന്റെ സംവിധാനങ്ങള്‍ പുതുക്കാനും കഴിയും.
14.5 ഇഞ്ച് സെന്‍ട്രല്‍ ടച്ച്‌സ്‌ക്രീനില്‍ ഗൂഗിള്‍ അധിഷ്ഠിത സംവിധാനങ്ങള്‍ ലഭ്യമാണ്. ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ആമസോണ്‍ പ്രൈം വീഡിയോ എന്നിവയ്ക്കൊപ്പം വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും വാഹനത്തിലുണ്ട്. ഓവര്‍-ദി-എയര്‍ അപ്‌ഡേറ്റുകള്‍ വഴി സോഫ്‌റ്റ്വെയര്‍ പുതുക്കാനാകും.
നാല് മേഖലകളായി ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് ഇലക്ട്രോക്രോമിക് സണ്‍റൂഫ്, ബാക്ക്‌ലിറ്റ് വുഡ് ഡെക്കര്‍ എന്നിവ വാഹനത്തിന്റെ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു. മൂന്നാം നിരയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന ക്യാപ്റ്റന്‍ സീറ്റുകളും മടക്കിവയ്ക്കാവുന്ന പിന്‍സീറ്റുകളും യാത്രാസൗകര്യത്തിനൊപ്പം ലഗേജ് സ്പേസും വര്‍ധിപ്പിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine