ഭവന വായ്പാ ഭാരം എങ്ങനെ കുറയ്ക്കാം?

പലരുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് സ്വന്തമായൊരു വീട്. ശമ്പള വരുമാനം കൊണ്ടു മാത്രം വീടു വയ്ക്കാന്‍ സാധിക്കുന്നത് ചുരുക്കം ചിലര്‍ക്കു മാത്രമാണ്. ഭൂരിഭാഗം പേരും ഭവനവായ്പയിലൂടെയാണ് ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നത്. എന്നാല്‍ ദീര്‍ഘകാല വായ്പകളായതിനാല്‍ ഇ.എം.ഐ അടവ് എപ്പോഴും ഒരു ബാധ്യതയായി ഒപ്പമുണ്ടാകും. വായപ എടുക്കുമ്പോള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഇ.എം.ഇയില്‍ കുറവ് നേടിയെടുക്കാന്‍ സാധിക്കും. ചില മാര്‍ഗങ്ങള്‍ നോക്കാം.

പലിശ നിരക്കുകള്‍ ഓണ്‍ലൈനായി താരതമ്യം ചെയ്യുക: വിവിധ ബാങ്കുകളുടെയും ഭവന വായ്പാ സ്ഥാപനങ്ങളുടേയും പലിശ നിരക്കുകള്‍ ഓണ്‍ലൈനായി താരതമ്യം ചെയ്ത് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാം. അതേ പോലെ മറ്റ് അധിക ചെലവുകളോ ഫീസുകളോ ഉണ്ടെങ്കില്‍ അതും താാരതമ്യം ചെയ്യാന്‍ മറക്കരുത്.
മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനില്‍ത്തുക: എല്ലാവര്‍ക്കും അറിയാവുന്നതു പോലെ ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിച്ചാണ് പലിശ നിരക്കുകള്‍ തീരുമാനിക്കുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് താരതമ്യേന ഭേദപ്പെട്ട പലിശ നിരക്കില്‍ വായ്പ നേടാം. വായ്പ എടുക്കാനൊരുങ്ങും മുമ്പ് ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുക. അത് 750ന് മുകളിലാണെങ്കില്‍ പലിശനിരക്കില്‍ ഇളവ് നേടാനാകും. സ്‌കോര്‍ 750ന് താഴെയാണെങ്കില്‍, അത് മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. തുടര്‍ന്ന് വായ്പയ്ക്ക് അപേക്ഷിക്കുക
തിരിച്ചടവ് കാലാവധി ഉയര്‍ത്തുക: വായ്പാ കാലയളവ് കൂട്ടുകയാണ് ഇ.എം.ഐ കുറയ്ക്കാന്‍ മറ്റൊരു മാര്‍ഗം. അതായത് 50 ലക്ഷം രൂപ 9.5 ശതമാനം പലിശ നിരക്കില്‍ 15 വര്‍ഷത്തേക്ക് വായ്പയെടുത്താല്‍ 52,211 രൂപയാണ് ഇ.എം.ഐ അടയ്‌ക്കേണ്ടി വരിക. ഇ.എം.ഐ 46,607 രൂപയായി കുറയ്ക്കണമെങ്കിൽ വായ്പാ കാലാവധി 20 വര്‍ഷമാക്കാവുന്നതാണ്. പക്ഷേ ഒരു കാര്യം ഓര്‍ക്കേണ്ടത് കാലാവധി കൂടുമ്പോള്‍ വായ്പയും പലിശയുമായി തിരിച്ചടയ്‌ക്കേണ്ടി വരുന്ന തുക കൂടുതലായിരിക്കും. 15 വര്‍ഷത്തേക്ക് പലിശ 43,98,022 രൂപയാണെങ്കില്‍ 20 വര്‍ഷത്തേക്ക് വായ്പയെടുക്കുമ്പോള്‍ അത് 61,85,571 രൂപയാകും.
കാലാവധി ദീര്‍ഘിപ്പിക്കുക: നിലവില്‍ ഭവന വായ്പയെടുത്തിട്ടുള്ളവര്‍ക്ക് ഇടയ്ക്ക് വച്ച് പലിശ നിരക്ക് ഉയരുകയാണെങ്കില്‍ ഇ.എ.ഐയില്‍ വര്‍ധന വരാതിരിക്കാന്‍ വായ്പാ കാലവധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. മുന്‍പ് പറഞ്ഞതു പോലെ ഇവിടെയും പലിശ തിരച്ചടവ് കൂടുതലായിരിക്കും.
ബാങ്കുമായി സംസാരിച്ച് കുറഞ്ഞ നിരക്ക് നേടാം: ദീര്‍ഘകാല വായ്പകളായതുകൊണ്ട് പലപ്പോഴും വായ്പയെടുത്ത് കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നിട്ടുണ്ടാകും. അത്തരം സാഹചര്യത്തില്‍ ബാങ്കുമായി സംസാരിച്ച് കുറഞ്ഞ നിരക്ക് ലഭ്യമാക്കാനും ഇ.എം.ഐ കുറയ്ക്കാനും സാധിക്കും.
വായ്പ റീഫൈനാന്‍സ് ചെയ്യാം: അതായത് നിങ്ങളുടെ നിലവിലെ വായ്പ, കുറഞ്ഞ പലിശ നിരക്കുള്ള മറ്റൊരു ബാങ്കിലേക്ക് മാറ്റാം. നിലവിലുള്ള വായ്പാ പലിശയില്‍ നിന്ന് 0.50 മുതല്‍ ഒരു ശതമാനം വരെ കുറവ് ലഭിക്കുന്നുണ്ടെങ്കില്‍ മാത്രം റീഫൈനാന്‍സിംഗ് തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാം: വായ്പയ്ക്ക് തുല്യമായ തുക ബാങ്കുകള്‍ ഓവര്‍ ഡ്രാഫ്റ്റായി അനുവദിക്കാറുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് നിങ്ങളുടെ വായ്പാ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. ഇ.എം.ഐക്ക് പുറമേ വായ്പാ അക്കൗണ്ടിലേക്ക് എത്തുന്ന ഈ പണം മുന്‍കൂര്‍ വായ്പ തിരിച്ചടവായി കണക്കാക്കും. ഇത് പലിശ നിരക്കും മിച്ചമുള്ള വായ്പ തുകയും കുറയ്ക്കാന്‍ സഹായിക്കും.

വായ്പ മുന്‍കൂര്‍ തിരിച്ചടയ്ക്കുക: നിങ്ങളുടെ കൈവശം ഇടയ്ക്ക് വലിയ തുകകള്‍ വന്നു ചേരാനുണ്ടെങ്കില്‍ വായ്പ മുന്‍കൂര്‍ തിരിച്ചടക്കാവുന്നതാണ്. ഓരോ വര്‍ഷവും വായ്പയുടെ അഞ്ച് ശതമാനം വീതം തിരിച്ചടയ്ക്കാനായാല്‍ 20 വര്‍ഷത്തേക്കുള്ള വായ്പ 12 വര്‍ഷത്തിനുള്ളില്‍ അടച്ചു തീര്‍ക്കാനാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it