ബാങ്ക് ജോലിക്ക് ഇനി സിബില്‍ സ്‌കോറും വേണം

ബാങ്ക് ജോലിക്കായി തയ്യാറെടുക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ ഇനി യോഗ്യതയും കഠിനാധ്വാനവും മാത്രം പോരാ, മെച്ചപ്പെട്ട സിബില്‍ സ്‌കോറും വേണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്) ഈയിടെ ഓഫീസര്‍, ക്ലാര്‍ക്ക് തസ്തികകളിലേക്ക് ഈ വര്‍ഷത്തെ ആദ്യത്തെ നിയമനം ആരംഭിച്ചിരിക്കുകയാണ്.

ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത്

പൊതുമേഖലാ ബാങ്കുകളുടെ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴികെ) ഈ വര്‍ഷത്തെ ക്ലെറിക്കല്‍ നിയമന വിജ്ഞാപനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു പുതിയ മാനദണ്ഡം കൊണ്ടുവന്നിരിക്കുകയാണെന്ന് ദി ഹിന്ദു ബിസിനസ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ മെച്ചപ്പെട്ട ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടായിരിക്കണം. ജോലിക്ക് ചേരുന്ന സമയത്ത് കുറഞ്ഞത് 650 സിബില്‍ സ്‌കോര്‍ ഉണ്ടായിരിക്കണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

ജോലിക്ക് ചേരുന്നിന് മുമ്പ് സിബില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരിക്കണം. മോശമായ സിബില്‍ സ്‌കോറാണെങ്കില്‍ ബാങ്കുകളില്‍ നിന്ന് കുടിശികയൊന്നും ഇല്ലെന്ന് കാണിക്കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയും വേണം. ഇത് പാലിച്ചില്ലെങ്കില്‍ ജോലി നല്‍കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കപ്പെടാം.

ഉദ്യോഗാര്‍ത്ഥികളില്‍ ആശങ്ക

പുതിയ വ്യവസ്ഥ ആശങ്കയുണ്ടാക്കുന്നുതായി ബാങ്ക് ജോലിക്ക് ശ്രമിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍. 20-28 വയസ്സിനിടയിലുള്ള യുവ ബിരുദധാരികളായാണ് ക്ലറിക്കല്‍ ജോലികള്‍ക്കായി ബാങ്ക് പരിഗണിക്കുന്നത്. ബിരുദം കഴിഞ്ഞ ഉടന്‍ ജോലിയൊന്നുമില്ലാത്ത ഓരാള്‍ക്ക് മെച്ചപ്പെട്ട ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാകണം എന്ന് പയുന്നത് എത്രത്തോളം ന്യായമാണെന്ന് അവര്‍ ചോദിക്കുന്നു. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ സിബില്‍ സ്റ്റാറ്റസ് ഹാജരാക്കേണ്ടതില്ല എന്ന് പറയുമ്പോള്‍ ഇക്കാലത്ത് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരു ബിരുദധാരിയുണ്ടാകുമോ എന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it