ബാങ്ക് ഓഫ് ബറോഡ; പൊതുമേഖലയിലെ പുതുതലമുറ ബാങ്ക്
ബാങ്ക് ഓഫ് ബറോഡ, ഒരു പൊതുമേഖലാ സ്ഥാപനമെന്നു കേട്ടാല്‍ മനസിലെത്തുന്ന പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ മാറ്റിവെച്ചു വേണം സമീപിക്കാന്‍. ഏതൊരു പുതുതലമുറ ബാങ്കും നല്‍കുന്ന സേവനങ്ങള്‍ സാങ്കേതിക തികവോടെയും സേവന വൈവിധ്യത്തോടെയും നല്‍കാന്‍ തയാറായിരിക്കുകയാണ് ഒന്നേകാല്‍ നൂറ്റാണ്ടോളം പ്രവര്‍ത്തന പാരമ്പര്യമുള്ള ഈ ബാങ്ക്. രാജ്യത്തെ മുന്‍നിര കൊമേഴ്സ്യല്‍ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ 1908 ല്‍ സര്‍ മഹാരാജ സയാജിറാവു ഗെയ്ക്ക്വാദ് മൂന്നാമന്‍ സ്ഥാപിച്ചതാണ്.
നിരവധി തലമുറകളുടെ ആഗ്രഹങ്ങള്‍ക്കും സംരംഭക സ്വപ്നങ്ങള്‍ക്കും നിറംപകര്‍ന്ന് ബാങ്ക് ഏത് പുതുതലമുറ ബാങ്കിനോടും മത്സരിക്കാന്‍ പ്രാപ്തമായ നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞു. ബാങ്കിന്റെ 63.97% ഓഹരിയും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമാണ്. അഞ്ച് വന്‍കരകളിലെ 17 രാജ്യങ്ങളിലായി 46,000 ടച്ച് പോയ്ന്റുകളിലൂടെ 150 ദശലക്ഷത്തിലേറെ ഇടപാടുകാരിലേക്ക് ബാങ്കിന്റെ സേവനം എത്തുന്നുണ്ട്. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളിലൂടെ തടസമില്ലാത്ത സേവനങ്ങള്‍ ലഭ്യമാക്കാനാണ് ബാങ്ക് ശ്രദ്ധിക്കുന്നത്.
ബോബ് വേള്‍ഡ്
ബാങ്കില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ബോബ് വേള്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍. സേവിംഗ്സ്, നിക്ഷേപം, കടമെടുപ്പ്, ഷോപ്പിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഒരൊറ്റ ആപ്ലിക്കേഷനില്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ. വീഡിയോ കെ.വൈ.സി വഴി അക്കൗണ്ട് തുറക്കാനും കഴിയും. 27 ദശലക്ഷത്തിലേറെ ഉപയോക്താക്കളാണ് ബോബ് വേള്‍ഡ് സൂപ്പര്‍ ആപ്പ് ഉപയോഗിക്കുന്നത്. ഇതിലൂടെ 270ലേറെ സേവനങ്ങളാണ് ഉപയോക്താവിന്റെ വിരല്‍ത്തുമ്പിലെത്തുന്നത്. 95 ശതമാനം റീറ്റെയ്ല്‍ ബാങ്കിംഗ് സേവനങ്ങളും ഇതില്‍ ലഭ്യമാണ്. 'ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍' വഴി ആപ്പിലൂടെയുള്ള ഇടപാടുകള്‍ സുരക്ഷിതമാക്കിയിട്ടുണ്ട്.
അക്കൗണ്ട് തുറക്കാം ഡിജിറ്റലായി
ബി ത്രീ (bobWorld Benefsti Bonanza) എന്ന പേരില്‍ നല്‍കുന്ന ഡിജിറ്റല്‍ ഓണ്‍ലി സേവിംഗ്സ് അക്കൗണ്ട് എല്ലാവര്‍ക്കും വീഡിയോ കെ.വൈ.സിയിലൂടെ വളരെ പെട്ടെന്ന് തുടങ്ങാം. ഇന്‍സ്റ്റന്റ് വെര്‍ച്വല്‍ ഡെബിറ്റ് കാര്‍ഡ്, യാത്രകള്‍, ഷോപ്പിംഗ് തുടങ്ങിയവയിലെ ഇടപാടുകള്‍ അടിസ്ഥാനമാക്കിയുള്ള ലാഭവും ബോബ് വേള്‍ഡ് ബെനഫിറ്റ് ബൊനാന്‍സയിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും. മുതിര്‍ന്ന ഇടപാടുകാര്‍ക്കായി പ്രത്യേകമായി ബോബ് വേള്‍ഡ് ഗോള്‍ഡ് എന്ന വേറിട്ട പതിപ്പും ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.
വൈവിധ്യവല്‍ക്കരണം
വൈവിധ്യവല്‍ക്കരണത്തിന്റെ കാര്യത്തിലും പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ബാങ്ക് ഓഫ് ബറോഡ മുന്നിലാണ്. ബി.ഒ.ബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്, ബി.ഒ.ബി ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ, ഇന്ത്യ ഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, ബറോഡ ബി.എന്‍.പി പാരിബാസ് മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ കൂട്ടുസംരംഭങ്ങളും ബാങ്ക് ഓഫ് ബറോഡയുടേതായുണ്ട്.
തിളക്കവുമായി എറണാകുളം മേഖല
ബാങ്കിന്റെ എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് റീജ്യണല്‍ ഓഫീസുകളടങ്ങുന്നതാണ് എറണാകുളം മേഖല. 2022 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് എറണാകുളം മേഖല 32,463 കോടി രൂപയുടെ ബിസിനസ് നടത്തിയിട്ടുണ്ട്. 219 ശാഖകളുമായി കേരളത്തിലെ നിറസാന്നിധ്യമാണ് ഈ ബാങ്ക്. 236 എ.ടി.എമ്മുകള്‍, 12 റീസൈക്ലേഴ്സ്, 7 എക്സ്പ്രസ് ലോബികള്‍, 4 ലോബികള്‍ എന്നിവയും പതിനാലു ജില്ലകളിലായി ബാങ്കിനുണ്ട്. സാങ്കേതികവിദ്യയുടെ കരുത്തില്‍ ഏറ്റവും പുതിയ സേവനങ്ങള്‍ ഏറ്റവും വേഗത്തില്‍ ഇടപാടുകാരിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ തന്നെയാണ് ബാങ്ക് ഓഫ് ബറോഡ.