സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം ബാങ്ക് അവധി

സംസ്ഥാനത്ത് ഇന്നു മുതല്‍ നാല് ദിവസം (മാര്‍ച്ച് 26, 27, 28, 29) ബാങ്ക് അവധി. നാലാം ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. തിങ്കളും ചൊവ്വയും ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാല്‍ നാല് ദിവസം ബാങ്ക് സേവനങ്ങള്‍ ലഭ്യമാവില്ല.

ബാങ്ക് ജീവനക്കാരുടെ ഒന്‍പത് സംഘടനകളില്‍ സംസ്ഥാനത്തെ ഭൂരിഭാഗം ജീവനക്കാരും അംഗങ്ങളായ മൂന്ന് സംഘനടകള്‍ സംസ്ഥാനത്ത് പണി മുടക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ.

ബാങ്ക് സ്വകാര്യ വല്‍ക്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ച് പിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ അണിചേരുന്നത്. 30, 31 തീയ്യതികളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം വാര്‍ഷിക കണക്കെടുപ്പായതിനാല്‍ ഏപ്രില്‍ ഒന്നിന് വീണ്ടും അവധിയായിരിക്കും.

സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കും

സഹകരണ ബാങ്കുകള്‍ക്ക് ഇന്നും നാളെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. ഇന്ന് ശനിയാഴ്ച്ച പൂര്‍ണമായും നാളെ ഞായറാഴ്ച്ച അതാത് ഭരണ സമിതി തീരുമാനപ്രകാരവും സഹകരണ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ഉത്തരവ്.

തിങ്കള്‍, ചൊവ്വ ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് ശനി, ഞായര്‍ ദിവസങ്ങളിലെ അവധി റദ്ദാക്കി ഉത്തരവിറക്കിയത്.

ദേശസാല്‍കൃത ബാങ്കുകളുടെയും സഹകരണ ഗ്രാമീണ്‍ ബാങ്കുകളുടെയും പരമ്പരാഗത സ്വകാര്യ ബാങ്കുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടും. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസി ബാങ്ക് പോലുള്ള പുതുതലമുറ ബാങ്കുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കില്ല.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it