നിക്ഷേപം മുഴുവന്‍ ₹2,000ത്തിലോ? ആദായ നികുതി വകുപ്പ് പിന്നാലെയുണ്ട്

രണ്ടായിരം രൂപയുടെ നോട്ട് മാറ്റിയെടുക്കാന്‍ വന്‍ തുകകള്‍ ബാങ്കില്‍ നിക്ഷേപം നടത്തുന്നവര്‍ സൂക്ഷിക്കുക, നികുതി വകുപ്പ് നിങ്ങള്‍ക്ക് പിന്നാലെയുണ്ട്. നിശ്ചിത പരിധിക്കു മുകളിലുള്ള എല്ലാ ഇടപാടുകളും ബാങ്കുകള്‍ ആദായ വകുപ്പിനെ അറിയിക്കണമെന്ന നിയമം നേരത്തെയുള്ളതാണ്. കള്ളപ്പണം തടയാനാണ് ആദായ നികുതി വകുപ്പ് ഇത്തരമൊരു നിര്‍ദേശം ബാങ്കുകള്‍ക്ക് നല്‍കിയിരുന്നത്.

വിവധ ആവശ്യങ്ങള്‍ കണക്കിലെടുത്ത് മിക്കവരും കൈയില്‍ കൂടുതല്‍ പണം കരുതാറുണ്ട്. പ്രത്യേകിച്ചും ഉയര്‍ന്ന തുകകളിലുള്ള നോട്ടുകളാകും ഇത്തരത്തില്‍ സൂക്ഷിക്കുക. പൊതു വിനിമയത്തില്‍ നിന്ന് 2,000 നോട്ട് പിന്‍വലിച്ചതോടെ കൈയിലുള്ള നോട്ടുകള്‍ വേഗം മാറിയെടുക്കാന്‍ പലരും കൂടുതല്‍ തുകകള്‍ നിക്ഷേപിക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന് നല്‍കിയിരിക്കുന്ന വരുമാന പരിധിയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ അന്വേഷണമുണ്ടാകും.

നിലവില്‍ ടേം, സേവിംഗ് അക്കൗണ്ടുകളില്‍ 10 ലക്ഷത്തിനു മുകളിലും കറന്റ് അക്കൗണ്ടില്‍ 50 ലക്ഷത്തിനു മുകളിലുമുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് ബാങ്കുകള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കുക. എന്നാല്‍ എത്ര രൂപ നോട്ടുകളാണ് നിക്ഷേപിക്കുന്നതെന്നത് കണക്കിലെടുക്കില്ല.നിലവില്‍ 2,000 രൂപ നോട്ടുകള്‍ ബാങ്കുകള്‍ വഴി നിക്ഷേപിച്ച് മാറ്റിയെടുക്കുന്നതിന് റിസര്‍വ് ബാങ്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഒരേ സമയം എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.
അതേ സമയം, 2,000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം ബാങ്ക് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. നിക്ഷേപങ്ങളില്‍ രണ്ട് ലക്ഷം കോടി രൂപവരെയാണ് വര്‍ധന പ്രതീക്ഷിക്കുന്നത്.
Related Articles
Next Story
Videos
Share it