ജൂണ്‍ പാദത്തില്‍ കനറാ ബാങ്കിന്റെ അറ്റാദായത്തില്‍ 71.79 ശതമാനം വളര്‍ച്ച
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കനറാ ബാങ്കിന്റെ അറ്റാദായത്തില്‍ (Net Profit) 71.79 ശതമാനത്തിന്റെ വര്‍ധനവ്. 2,022 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുന്‍വര്‍ഷം ഇക്കാലയളവില്‍ അറ്റാദായം 1,177 കോടി രൂപയായിരുന്നു.
അറ്റ പലിശ വരുമാനം 6,160 കോടിയില്‍ നിന്ന് 6,785 കോടിയായി. അതേ സമയം മുന്‍പാതത്തെക്കാള്‍ (Q4 Fy22) അറ്റ പലിശ വരുമാനം 3.14 ശതമാനം ഇടിഞ്ഞു. പലിശ ഇതര വരുമാനം 24.55 ശതമാനം ഉയര്‍ന്ന് 5,175 കോടി രൂപയിലെത്തി. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (NPAs) 8.50ല്‍ നിന്ന് 6.98 ശതമാനമായി കുറഞ്ഞു. 3.46ല്‍ നിന്ന് 2.48 ശതമാനം ആയാണ് അറ്റ നിഷ്ട്ക്രിയ ആസ്തി കുറഞ്ഞത്.
നിക്ഷേപങ്ങള്‍ 9.42 ശതമാനം വര്‍ധിച്ച് 2022 ജൂണില്‍ 11.18 ട്രില്യണ്‍ രൂപയായി. 70.9 ശതമാനം ആണ് ബാങ്കിന്റെ ക്രെഡിറ്റ്-ഡിപോസിറ്റ് അനുപാതം. രാജ്യത്ത് 9,732 ബ്രാഞ്ചുകളാണ് കനറാ ബാങ്കിന് ഉള്ളത്. അതില്‍ 3,041 ബ്രാഞ്ചുകളും ഗ്രാമീണ മേഖലയില്‍ ആണ്. 10,802 എടിഎമ്മുകളും കനറാ ബാങ്കിന് ഉണ്ട്. ലണ്ടന്‍, ദുബായി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് ഇന്ത്യയ്ക്ക് പുറത്തെ ബാങ്കിന്റെ ബ്രാഞ്ചുകള്‍.