ബാങ്കിംഗ് മേധാവിത്വം തിരിച്ചുപിടിക്കാന്‍ എസ്ബിഐ, കേരള സര്‍ക്കിളില്‍ മാറ്റങ്ങള്‍

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം (2022-23) ശേഷിക്കുന്ന മൂന്ന് മാസം ഇതിന് വേണ്ടിയുള്ള ശ്രമങ്ങളാവും സംസ്ഥാനത്ത് നടത്തുകയെന്ന് ബാങ്കിന്റെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. എസ്ബിഐയുടെ 17 സര്‍ക്കിളുകളില്‍ ഒന്നാണ് കേരളം.

നിലവില്‍ ഈ സര്‍ക്കിളുകളില്‍ കേരളത്തിലെ ആളോഹരി ഉല്‍പ്പാദനം (per capita productivtiy) കുറവാണ്. റീട്ടെയില്‍ ബിസിനസില്‍, പ്രത്യേകിച്ച് വിദ്യാഭ്യാസ-ഭവന വായ്പകള്‍, സ്വര്‍ണപ്പണയ വായ്പ എന്നീ മേഖലകളിലും മറ്റ് സര്‍ക്കിളുകലെ അപേക്ഷിച്ച് കേരളത്തിന് നേട്ടമുണ്ടാക്കാനാവുന്നില്ല. കാര്‍ഷിക വായ്പകളാണ് കേരളം പുറകില്‍ നില്‍ക്കുന്ന മറ്റൊരു മേഖല. പൊതു-സ്വകാര്യ ബാങ്കുകള്‍ ഉയര്‍ത്തുന്ന മത്സരവും ശക്തമാണ്. ജീവനക്കാരുടെ എണ്ണമാണ് എസ്ബിഐ നേരിടുന്ന പ്രധാന വെല്ലുവിളി.

14,000 വരുന്ന ജീവനക്കാരാണ് കേരളത്തില്‍ മാത്രം ബാങ്കിനുള്ളത്. ആളോഹരി ഉല്‍പാദനം ഇടിയുന്നതിൽ ഒരു കാരണവും ജീവനക്കാരുടെ എണ്ണമാണ്. ഈ രീതിയില്‍ മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ബാങ്കിനുണ്ട്. ഈ സാഹര്യത്തില്‍ വിപണി പിടിക്കാന്‍ 1200 ജീവനക്കാരെ ഉള്‍പ്പെടുത്തി ഒരു ''മള്‍ട്ടി പ്രോഡക്ട് സെയില്‍സ് ഫോഴ്സി''ന് (എംപിഎസ്എഫ്) ബാങ്ക് രൂപം നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന്റെ എതിര്‍പ്പ് മറികടന്നാണ് എംപിഎസ്എഫുമായി ബാങ്ക് മുന്നോട്ട് പോവുന്നത്.

ജീവനക്കാരെ പുന:ക്രമീകരിക്കുന്നത് ബാങ്കിന്റ്‌റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് യൂണിയന്റെ നിലപാട്. അതേ സമയം വിഷയത്തില്‍ ഒഫീസേഴ്‌സ് അസോസിയേഷന്‍ സ്വന്തമായ നിലപാട് എടുത്തിട്ടില്ലെങ്കിലും ഇത് ബാങ്കിന്റെ അംഗീകരിച്ച നയമായതിനാല്‍ എതിര്‍ക്കുന്നില്ല.

എല്ലാ ജീവനക്കാരെയും അനുനയിപ്പിച്ച് മുന്നോട്ട് പോവാനുള്ള ശ്രമത്തിലാണ് ബാങ്ക്. അതിൽ വിജയിക്കുമെന്ന് തന്നെയാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Related Articles
Next Story
Videos
Share it