ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ബൂം, ആരെത്തും മുന്നില്‍

കൂടുതല്‍ ഉപഭോക്താക്കള്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയില്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് തകര്‍ത്ത് മുന്നേറുകയാണ്. ഒക്ടോബര്‍ മാസം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 1.3 ലക്ഷം കോടി രൂപയാണ് ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങള്‍ക്കുമായി ചെലവാക്കിയത്. മുന്‍ മാസത്തെ അപേക്ഷിച്ച് 6% വര്‍ധനവ്. നവംബര്‍ മാസം ഇത് 1.2 ലക്ഷം കോടി രൂപയായിരുന്നു.

ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ മുന്നില്‍ എച്ച് ഡി എഫ് സി ബാങ്കും, എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡുമാണ്. മൊത്തം ഉപഭോക്താക്കള്‍ ചെലവാക്കിയ തുകയില്‍ 29 ശതമാനം എച്ച് ഡി എഫ് സി കാര്‍ഡ് ഉപയോഗിച്ചാണ്. 23 ശതമാനം എസ് ബി ഐ കാര്‍ഡ് ഉപയോഗിച്ചും.

സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ആക്‌സിസ് ബാങ്ക് ഏറ്റെടുക്കുകയാണ്. മാര്‍ച്ച് 2023 ല്‍ 12,325 കോടി രൂപക്ക് ഇടപാട് പൂര്‍ത്തിയാക്കും എന്നാണ് കരുതുന്നത്. ഇതിലൂടെ 20 ലക്ഷം കാര്‍ഡുകള്‍ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ ചേര്‍ക്കപ്പെടും.

എച്ച് ഡി എഫ് സി ബാങ്കിന് കഴിഞ്ഞ വര്‍ഷം ചില സാങ്കേതിക കാരണങ്ങളാല്‍ പുതിയ കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത് വിലക്കിയിരുന്നു. എന്നാല്‍ 8 മാസത്തിന് ശേഷം നിയന്ത്രണങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ നീക്കിയത് കൊണ്ട് ഓരോ മാസവും 10 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് എച്ച് ഡി എഫ് സി ബാങ്ക് ശ്രമിക്കുന്നത്.

ആക്‌സിസ് ബാങ്ക് ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് സൂപ്പര്‍ എലൈറ്റ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ റിവാര്‍ഡ് പോയിന്റുകള്‍ നല്‍കുന്നത് കൊണ്ട് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷമാകുമെന്ന് പ്രതീക്ഷിക്കുന്നു. കാര്‍ഡിന് വാര്‍ഷിക ഫീസ് 500 രൂപ. രണ്ടുലക്ഷം രൂപയില്‍ അധികം ചെലവഴിച്ചാല്‍ വാര്‍ഷിക ഫീസില്‍ നിന്ന് ഒഴിവാകും.

എസ് ബി ഐ കാര്‍ഡ്സ് പ്രോസസിങ് ഫീസില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വരും നാളുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിസ് വര്‍ധിക്കുന്നതോടൊപ്പം കടുത്ത മത്സരവും ഉണ്ടാകും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it