Begin typing your search above and press return to search.
ക്രെഡിറ്റ് കാര്‍ഡുകളും ബൈ നൗ പേ ലേറ്റര്‍ കാര്‍ഡുകളും; നേട്ടങ്ങളും കോട്ടങ്ങളുമറിയാം
വിവിധ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ബിഎന്‍പിഎല്‍ അഥവാ ബൈ നൗ പേ ലേറ്റര്‍ കാര്‍ഡുകള്‍ ഓഫറുകളുമായി ഇപ്പോള്‍ സജീവമാണ്. എന്താണ് ക്രെഡിറ്റ് കാര്‍ഡുകളും ബിഎന്‍പിഎല്‍ കാര്‍ഡുകളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് കാണാം.
ബൈ നൗ പേ ലേറ്റര്‍ കാര്‍ഡ് ഉപയോഗിച്ച് കടമായി ഷോപ്പിംഗ് നടത്തിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ കുടിശ്ശികയുള്ള ബില്‍ മൂന്ന് തുല്യ പലിശ രഹിത തവണകളായി വിഭജിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു. മാസാവസാനം മിനിമം തുക അടയ്ക്കാനും ബാക്കിയുള്ള ബാലന്‍സ് മുന്നോട്ട് കൊണ്ടുപോകാനും ബിഎന്‍പിഎല്‍ അതിന്റെ ഉപയോക്താക്കളെ അനുവദിക്കാറുണ്ട്
ഈ കാര്‍ഡുകളുടെ മിനിമം കുടിശ്ശിക അടയ്ക്കല്‍ തെരഞ്ഞെടുക്കുമ്പോള്‍ ആ പ്രത്യേക ബില്ലിംഗ് സൈക്കിളില്‍ നിന്ന് ബാക്കിയുള്ള ബാലന്‍സിന് സാധാരണയായി 3-4% ക്യാരി ഫോര്‍വേഡ് ഫീസ് ആണ് തങ്ങള്‍ ഈടാക്കുന്നതെന്ന് കമ്പനിക്കാര്‍ അവകാശപ്പെടുന്നു. മറുവശത്ത്, ക്രെഡിറ്റ് കാര്‍ഡുകള്‍ വലിയ പലിശ ആണ് ഈടാക്കുന്നത്.
പേ ലേറ്റര്‍ കാര്‍ഡുകളില്‍, മൂന്ന് മാസത്തിന്റെ അവസാനത്തോടെ നിങ്ങള്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, കൂടുതല്‍ കാലയളവിലേക്ക് കുടിശ്ശിക തുക തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐകള്‍) പരിവര്‍ത്തനം ചെയ്യാം. പലിശ കുടിശ്ശിക തുകയെ ആശ്രയിച്ച് പ്രതിവര്‍ഷം 16% മുതല്‍ 40% വരെ വരും. അതേസമയം, ക്രെഡിറ്റ് കാര്‍ഡുകള്‍ കുടിശ്ശികയുള്ള ബാലന്‍സിന് ഈടാക്കുന്ന പലിശ നിരക്ക് വായ്പാ വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 36-42%.വരെ വരും.
നിങ്ങള്‍ വിദേശത്തായിരിക്കുമ്പോള്‍ ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം, എന്നാല്‍ പേലേറ്റര്‍ കാര്‍ഡുകള്‍ ഈ സൗകര്യം അനുവദിക്കില്ല. എന്നിരുന്നാലും, ഇന്ത്യയില്‍ നിന്നുള്ള ചില അന്താരാഷ്ട്ര ഇടപാടുകള്‍ നടത്താന്‍ ചില പേലേറ്റര്‍ കാര്‍ഡുകള്‍ ഉപയോഗിക്കാം.
കൂടാതെ, BNPL കാര്‍ഡുകള്‍ ആദ്യമായി ഉപയോക്താക്കള്‍ക്ക് 2,000 മുതല്‍ കുറഞ്ഞ ക്രെഡിറ്റ് ലൈന്‍ നല്‍കുന്നുണ്ട്. ഇത് ഉപയോഗം പേയ്മെന്റ് തിരിച്ചടവ് രീതി എന്നിവ അനുസരിച്ച് ഓവര്‍ടൈം വര്‍ധിപ്പിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകളിലെ ക്രെഡിറ്റ് പരിധി സാധാരണയായി 20,000 രൂപ മുതല്‍ ആണ് ആരംഭിക്കുന്നത്.
ബിഎന്‍പിഎല്‍ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കില്ല. അതേസമയം ക്രെഡിറ്റ് കാര്‍ഡ് മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുന്നത് ക്രെഡിറ്റ് സ്‌കോര്‍ മികച്ചതാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.
ആശുപത്രി ആവശ്യങ്ങള്‍ക്കോ പ്രതിമാസ ചെലവിനോ ഒക്കെ കൃത്യമായി തിരിച്ചടയ്ക്കാന്‍ വരുമാനമുള്ളവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് തന്നെയാണ് നിലവിലെ മികച്ച ഓപ്ഷന്‍.
എങ്ങനെയാണ് ബൈ നൗ പേ ലേറ്റര്‍ കുരുക്കാവുന്നത്?
പേ നൗ ബൈ ലേറ്റര്‍ ഉപയോഗിച്ച് ഷോപ്പിങ് നടത്തുവാണെങ്കില്‍ സാധാരണ രീതിയില്‍ മൂന്ന് മാസം മുതലുള്ള തവണകളായി നിശ്ചിത പലിശ നിരക്കില്‍ പണം തിരിച്ചടയ്ക്കാം. എന്നാല്‍ തിരിച്ചടവ് മുടങ്ങിയാല്‍ പിഴയും മറ്റും പിന്നാലെ വരും. പിന്നെ തിരിച്ചടവിനായി സമീപിക്കുക ലോണ്‍ തിരിച്ചുപിടിക്കാന്‍ ഈ സ്ഥാപനങ്ങള്‍ നിയോഗിക്കുന്ന സ്വകാര്യ ഏജന്‍സികളാവും. ബൈ നൗ പേ ലേറ്റര്‍ ഓഫര്‍ കണ്ട് ചാടിവീഴും മുമ്പ്, അവരുടെ പോളിസികളൊക്കെ കൃത്യമായി വായിച്ചു നോക്കേണ്ടതുണ്ട്.
Next Story
Videos