ഫലപ്രഖ്യാപനത്തിന് പിന്നാലെ 7 ശതമാനം ഇടിഞ്ഞ് സി.എസ്.ബി ഓഹരി

നാലാം പാദത്തില്‍ സി.എസ്.ബി ബാങ്കിന്റെ മൊത്ത വരുമാനം 763 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനപാദത്തെ അപേക്ഷിച്ച് 31 ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തിലേതുമായി നോക്കുമ്പോള്‍ 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

അറ്റ പലിശ വരുമാനം(നിക്ഷേപങ്ങള്‍ക്കുള്ള പലിശ കുറച്ചതിനു ശേഷമുള്ള പലിശ വരുമാനം) 15 ശതമാനം വര്‍ധിച്ച് 348 കോടി രൂപയായി. തൊട്ടു മുന്‍പാദത്തിലേതുമായി നോക്കുമ്പോള്‍ വളര്‍ച്ചയില്ല. അറ്റാദായം മുന്‍ വര്‍ഷത്തേതില്‍ നിന്ന് 20 ശതമാനം വര്‍ധിച്ച് 156 കോടി രൂപയായി. കഴിഞ്ഞ പാദവുമായി നോക്കുമ്പോള്‍ അറ്റാദായത്തിലും വളര്‍ച്ചയില്ല.

നിഷ്‌ക്രിയ ആസ്തി കുറഞ്ഞു

ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജി.എന്‍.പി.എ) കഴിഞ്ഞ വര്‍ഷത്തെ സമാനപാദത്തിലെ 1.81 ശതമാനത്തില്‍ നിന്ന് 1.26 ശതമാനമായി കുറഞ്ഞു. മൂന്നാംപാദമായ ഒക്ടോബര്‍-ഡിസംബറില്‍ ഇത് 1.45 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍.എന്‍.പി.എ) 2022 ജനുവരി-മാര്‍ച്ചിലെ 0.68 ശതമാനത്തില്‍ നിന്ന് 0.35 ശതമാനമായും താഴ്ന്നു. ഡിസംബര്‍ പാദത്തില്‍ 0.42 ശതമാനമായിരുന്നു.

നിക്ഷേപ വളര്‍ച്ച

മൊത്തം നിക്ഷേപങ്ങളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. 24,505.81 കോടി രൂപയാണ് നിക്ഷേപം. മുന്‍പാദത്തിലേതുമായി നോക്കുമ്പോള്‍ എട്ട് ശതമാനം വളര്‍ച്ച. മൊത്ത വായ്പ വളര്‍ച്ച മുന്‍വര്‍ഷത്തേക്കാള്‍ 31 ശതമാനം വര്‍ധനയോടെ 20,651 കോടി രൂപയിലെത്തി. മുന്‍ പാദത്തേക്കാള്‍ 12 ശതമാനം വളര്‍ച്ച.

നാലാം പാദത്തില്‍ കറന്റ്-സേവിംഗ്‌സ് അക്കൗണ്ട് (CASA) നിരക്ക് 32.18 ശതമാനമാണ്. മൂന്നാം പാദത്തിലിത് 31.44 ശതമാനവും ഒരു വര്‍ഷം മുന്‍പ് ഇതേ പാദത്തില്‍ 33.66 ശതമാനവുമായിരുന്നു. ഉയര്‍ന്ന അനുപാതം സൂചിപ്പിക്കുന്നത് ബാങ്കിന്റെ നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പങ്കും CASA നിക്ഷേപങ്ങളാണെന്നാണ്. അങ്ങനെയാണെങ്കില്‍ ബാങ്കിന്റെ കോസ്റ്റ് ഓഫ് ഫണ്ട്‌സ് കുറവായിരിക്കും.

സ്വര്‍ണ വായ്പ കൂടി

മൊത്തം വായ്പയുടെ 39 ശതമാനമാണ് സ്വര്‍ണ പണയ വായ്പ. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 48 ശതമാനം വളര്‍ച്ചയോടെ സ്വര്‍ണ വായ്പ 9701 കോടി രൂപയായി. കോര്‍പ്പറേറ്റ് വിഭാഗങ്ങളിലേക്കുള്ള വായ്പ മൊത്തം വായ്പകളുടെ 32 ശതമാനമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ധിച്ച് 6,332 കോടി രൂപയായി. ചെറികിട വായ്പകളിലും ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ വായ്പയിലും യഥാക്രം 20 ശതമാനം, രണ്ടു ശതമാനം എന്നിങ്ങനെ വളര്‍ച്ചയുണ്ടായി.

കഴിഞ്ഞ വര്‍ഷത്തെ പ്രകടനം

2022-23 സാമ്പത്തിക വര്‍ഷത്തിലെ ബാങ്കിന്റെ മൊത്ത വരുമാനം 15 ശതമാനം വര്‍ധിച്ച് 2,636 കോടി രൂപയായി. അറ്റ പലിശ വരുമാനം 16 ശതമാനം വളര്‍ന്ന് 1,334 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റാദായം ഇക്കാലയളവില്‍ 19 ശതമാനം വര്‍ധിച്ച് 547 കോടി രൂപയുമായി.

കഴിഞ്ഞ വര്‍ഷം ബാങ്ക് പുതുതായി 100 ശാഖകള്‍ തുറന്നു. ഇതോടെ ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 703 അയി. ബാങ്ക് ശാഖകളുടെ 38 ശതമാനവും കേരളത്തിലാണ്.

മുന്‍ പാദത്തെ അപേക്ഷിച്ച് വളര്‍ച്ചയിലുണ്ടായ കുറവും CASA നിരക്ക് മോശമായതും മൂലം ഫലപ്രഖ്യാപനത്തിനു ശേഷം വിപണിയില്‍ ബാങ്കിന്റെ ഓഹരി വില വ്യാപരത്തിനിടെ ഏഴ് ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it