സിഎസ്ബി ബാങ്ക്: അറ്റാദായത്തില്‍ വര്‍ധന, മൊത്തം ബിസിനസ് 40,000 കോടി കവിഞ്ഞു, സ്വര്‍ണപ്പണയ രംഗത്ത് മിന്നുന്ന നേട്ടം
തൃശൂര്‍ ആസ്ഥാനമായുള്ള സിഎസ്ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 156 കോടി രൂപ അറ്റാദായം നേടി. രണ്ടാം പാദത്തില്‍ അറ്റാദായം 121 കോടി രൂപയായിരുന്നു. 29 ശതമാനം വര്‍ധന. മുൻവർഷം മൂന്നാംപാദത്തില്‍ 148.25 കോടി രൂപയാണ് അറ്റാദായം നേടിയിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പത് മാസത്തില്‍ ബാങ്കിന്റെ അറ്റാദായം 391.02 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലയളവില്‍ അറ്റാദായം 327.83 കോടി രൂപയായിരുന്നു. 19 ശതമാനം വര്‍ധനയാണ് നേടിയിരിക്കുന്നത്.
ആസ്തി ഗുണമേന്മയിലും ശ്രദ്ധേയ പ്രകടനമാണ് ബാങ്ക് കാഴ്ചവെച്ചിരിക്കുന്നത്. അറ്റ നിഷ്‌ക്രിയാസ്തി 0.42 ശതമാനമായി താഴ്ന്നു. കഴിഞ്ഞ പാദത്തില്‍ ഇത് 0.57 ശതമാനമായിരുന്നു. ''ബാങ്ക് മറ്റൊരു നാഴികകല്ല് കൂടി താണ്ടിയിരിക്കുകയാണ്. ബിസിനസ് 40,000 കോടി രൂപ കവിഞ്ഞ് 42,006 കോടി രൂപയിലെത്തി. വായ്പയില്‍ 26 ശതമാനം വര്‍ധന വാര്‍ഷികാടിസ്ഥാനത്തിലുണ്ടായപ്പോള്‍ നിക്ഷേപത്തില്‍ 19 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്,'' ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ പ്രളയ് മോണ്ടാല്‍ പറഞ്ഞു.
ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 193 കോടി രൂപയാണ്. ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തനലാഭം കൂടിയാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 148 കോടി രൂപയായിരുന്നു. 31 ശതമാനം വളര്‍ച്ചയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായിരിക്കുന്നത്. അറ്റ പലിശ വരുമാനം, അവലോകന പാദത്തില്‍ 350 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അറ്റപലിശ വരുമാനം 303 കോടി രൂപയായിരുന്നു. 15 ശതമാനം വര്‍ധന.
സ്വര്‍ണ വായ്പാ രംഗത്ത് മുന്നേറ്റം
ബാങ്കിന്റെ മൊത്തം വായ്പയുടെ 45.4 ശതമാനവും സ്വര്‍ണ്ണപ്പണയ വായ്പയാണ്. 29.8 ശതമാനം കോര്‍പ്പറേറ്റ് വായ്പയും 13 ശതമാനം റീറ്റെയ്ല്‍ വായ്പയും 11.8 ശതമാനം എസ്എംഇ വായ്പയുമാണ്. ഇതില്‍ സ്വര്‍ണപ്പണയ വായ്പാ രംഗത്ത് ശക്തമായ വളര്‍ച്ച ബാങ്ക് തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സ്വര്‍ണവായ്പയില്‍ 51 ശതമാനം വര്‍ധയുണ്ട്.
2022 ലെ മൂന്നാംപാദത്തില്‍ സ്വര്‍ണവായ്പ 5826 കോടി രൂപയായിരുന്നു. എന്നാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ ഇത് 8780 കോടി രൂപയായി. രണ്ടാംപാദത്തിനെ അപേക്ഷിച്ചും ഈ രംഗത്ത് വളര്‍ച്ച തുടരുകയാണ്. സ്വര്‍ണവായ്പാ എക്കൗണ്ടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിനെ അപേക്ഷിച്ച് 37 ശതമാനം വര്‍ധനയുണ്ട്. നിലവില്‍ 6.83 ലക്ഷം സ്വര്‍ണപ്പണയ വായ്പാ എക്കൗണ്ടുകള്‍ ബാങ്കിനുണ്ട്. ബാങ്കിന്റെ കൈവശം 25.64 ടണ്‍ സ്വര്‍ണ്ണമാണുള്ളത്. 2022 മൂന്നാംപാദത്തില്‍ ഇത് 17.18 ടണ്‍ ആയിരുന്നു.
ഇന്ന് 0.65 ശതമാനത്തിന്റെ നേരിയ ഇടിവോടെ 243 രൂപയിലാണ് സിഎസ്ബി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.