സ്വര്‍ണ വായ്പാ മേഖലയില്‍ മൂന്നിരട്ടി വളര്‍ച്ച ലക്ഷ്യമിട്ട് ഡിബിഎസ് ബാങ്ക്
സ്വര്‍ണ പണയ മേഖല ഇപ്പോഴുള്ള 4500 കോടി രൂപയില്‍ നിന്ന് അടുത്ത അഞ്ചു വര്‍ഷത്തില്‍ മൂന്നിരട്ടി വര്‍ധനവോടെ 13500 കോടി രൂപയിലെത്തുകയാണ് ലക്ഷ്യമെന്ന് ഡിബിഎസ് ബാങ്ക് (DBS Bank) അറിയിച്ചു. ഡിബിഎസ് സ്വര്‍ണ വായ്പകള്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വര്‍ണാഭരണങ്ങളുടെ മൂല്യം ലഭിക്കുന്നതിനും 30 മിനിറ്റിനുള്ളില്‍ തല്‍ക്ഷണ വായ്പാ വിതരണം സാധ്യമാക്കുന്നതിനും വഴിയൊരുക്കും.
കുറഞ്ഞ പലിശ നിരക്കുകളാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ശക്തമായ കറണ്ട്, സേവിങ്‌സ് അക്കൗണ്ട് ബാലന്‍സുകളുമായി ബാങ്ക് റീട്ടെയില്‍ ഉപഭോക്തൃ നിരയില്‍ വളര്‍ച്ച പ്രകടിപ്പിച്ചിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കുമായുള്ള ലയനം അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. 19 സംസ്ഥാനങ്ങളിലായി 530 ശാഖകളുള്ള ബാങ്കിന് ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമാണുള്ളത്.
ഡിബിഎസ് ബാങ്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച രീതിയിലാണ് മുന്നേറുന്നതെന്നും തങ്ങളുടെ ഏകീകൃത ഫ്രാഞ്ചൈസിയുടെ നേട്ടങ്ങള്‍ എല്ലാ ബിസിനസ് മേഖലകളിലും നേട്ടമുണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറും നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ മേധാവിയുമായ ഭരത് മണി പറഞ്ഞു.