വ്യക്തിഗത വായ്പയ്ക്കും, ക്രെഡിറ്റ് കാര്‍ഡിനും ആവശ്യക്കാര്‍ ഏറെ; ഭവന വായ്പ ഡിമാന്‍ഡ് കുറഞ്ഞു

ഭവന വായ്പയുടെ ഡിമാന്‍ഡ് കുറഞ്ഞെങ്കിലും വ്യക്തിഗത വായ്പകള്‍ക്ക് ഡിസംബര്‍ പാദത്തില്‍ മികച്ച ഡിമാന്‍ഡ് ഉള്ളതായി ട്രാന്‍സ് യൂണിയന്‍ സിബില്‍ റിപ്പോര്‍ട്ട്. പുതിയ കണക്കുകള്‍ പ്രകാരം ഇതേ കാലയളവില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഡിമാന്‍ഡ് വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. പലിശ നിരക്ക് തുടര്‍ച്ചയായി വര്‍ധിക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ ഡിമാന്‍ഡ് ഉയരുന്നത്.

വ്യക്തിഗത വായ്പകള്‍ 50% വര്‍ധിച്ചു

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഡിസംബര്‍ പാദത്തില്‍ വ്യക്തിഗത വായ്പകള്‍ക്കായുള്ള ഡിമാന്‍ഡ് 50 ശതമാനം വര്‍ധിച്ചു. ക്രെഡിറ്റ് കാര്‍ഡുകളുടേത് 77 ശതമാനവും വസ്തുവിന്മേലുള്ള വായ്പയ്ക്ക് 29 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി. ഇരുചക്രവാഹന വിഭാഗത്തിലെ വായ്പയിലും വര്‍ധനവുണ്ടായതായി സിബില്‍ റിപ്പോര്‍ട്ട് പറയുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 40 ശതമാനം ഇത് ഉയര്‍ന്നു. വായ്പയെടുത്തവരുടെ എണ്ണത്തില്‍ 23 ശതമാനവും വര്‍ധനവുണ്ടായി.

യുവാക്കള്‍ക്കിടയില്‍ ഡിമാന്‍ഡ് കൂടുന്നു

ഡിസംബര്‍ പാദത്തില്‍ വായ്പകള്‍ ആവശ്യപ്പെട്ടെത്തിയ 18-30 പ്രായത്തിനിടയിലുള്ളവര്‍ മൊത്തം ആവശ്യക്കാരുടെ 43 ശതമാനം വരും. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 40 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയില്‍ ഇത്തരം വായ്പകള്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം 22 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 21 ശതമാനമായിരുന്നു. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളും ഫൈനാന്‍ഷ്യല്‍ ടെക്നോളജി കമ്പനികളുമാണ് വായ്പകളുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഭവന വായ്പ പിന്നില്‍

ഒരുവശത്ത് ഇത്തരം വായ്പകള്‍ക്ക് ആവശ്യക്കാരേറുമ്പോള്‍ മറുവശത്ത് ഭവന വായ്പയ്ക്ക് ഡിമാന്‍ഡ് കുറഞ്ഞു വരുന്നതായും സിബില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭവന വായ്പ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ 2 ശതമാനം കുറഞ്ഞു. കൂടാതെ ഈ വായ്പയെടുക്കുന്നവരുടെ എണ്ണത്തിലും 6 ശതമാനം കുറവ് രേഖപ്പെടുത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it